private-buses

തിരുവനന്തപുരം: നിരക്ക് വർദ്ധനയടക്കം ആവശ്യങ്ങളുന്നയിച്ച് നവംബർ ഒൻപത് മുതൽ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവെയ്ക്കാൻ സംസ്ഥാനത്തെ സ്വകാര്യ ബസുടമകളുടെ തീരുമാനം. ഡീസൽ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് സർവീസ് നിറുത്തിവയ്ക്കാൻ തീരുമാനമെടുത്തതെന്ന് ബസ്സുടമകളുടെ സംയുക്ത സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മിനിമം ചാർജ്ജ് എട്ടു രൂപയിൽ നിന്ന് 12 രൂപയാക്കുന്നതിനൊപ്പം കിലോമീറ്റർ നിരക്ക് ഒരൂ രൂപയായി വർദ്ധിപ്പിക്കുക, വിദ്യാർത്ഥികളുടെ മിനിമം യാത്രാനിരക്ക് ഒരു രൂപയിൽ നിന്ന് അഞ്ച് രൂപയാക്കുക, കൊവിഡ് കാലം കഴിയുന്നത് വരെ സ്വകാര്യ ബസുകളുടെ വാഹന നികുതി പൂർണമായും ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് 12 ഓളം സംഘടനകൾ അടങ്ങുന്ന സംയുക്ത സമിതി സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഒൻപത് മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ റിലേ സത്യഗ്രഹവും നടക്കും.
ഡീസിലിന് 62 രൂപ വിലയുണ്ടായിരുന്നപ്പോൾ മിനിമം ചാർജ്ജ് എട്ടു രൂപയായിരുന്നു. എന്നാൽ ഇക്കാലയളവിൽ 41 രൂപ ഡീസൽ വിലയിൽ വർദ്ധനവുണ്ടായി. കൂടാതെ യാത്രക്കാരുടെ എണ്ണം വലിയ തോതിൽ കുറഞ്ഞിട്ടുണ്ട്.

2011 ൽ 34000 ബസുകൾ സംസ്ഥാനത്തുണ്ടായിരുന്നെങ്കിൽ കൊവിഡിന് മുൻപ് അത് 12000 ആയി ചുരുങ്ങി. കൊവിഡ് ആരംഭിച്ച് 20 മാസം പിന്നിട്ടും 60 ശതമാനം ബസ്സുകൾ മാത്രമാണ് നിരത്തിലുള്ളത്. ഏഴ് ഉടമകളും ഒൻപത് തൊഴിലാളികളും ആത്മഹത്യ ചെയ്തു. പ്രതിസന്ധി ചൂണ്ടിക്കാട്ടി സർക്കാരിന് പലതവണ നിവേദനങ്ങൾ സമർപ്പിച്ചെങ്കിലും കാര്യമായ പരിഗണന ലഭിച്ചില്ല. സർവീസ് നിറുത്തിവെയ്ക്കൽ സമരവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. സർക്കാരുമായി ഏറ്റുമുട്ടലിനില്ലെന്നും നിലനില്പിന് വേണ്ടിയാണെന്നും ബസ്സുടമ സംയുക്ത സമിതി ചെയർമാൻ ലോറൻസ് ബാബു, ജനറൽ കൺവീനർ ടി .ഗോപിനാഥൻ, വൈസ് ചെയർമാൻ ഗോകുലം ഗോകുൽദാസ് എന്നിവർ പറഞ്ഞു.