ബഹിഷ്കരിക്കാൻ യൂണിയൻ
തിരുവനന്തപുരം: കെ.എസ്.ഇ.ബിയിൽ യൂണിഫോം നടപ്പാക്കാനുള്ള നീക്കം ഭരണകക്ഷി അനുകൂല സംഘടനയായ ഓഫീസേഴ്സ് അസോസിയേഷൻ എതിർത്തതോടെ കഴിഞ്ഞയാഴ്ച മരവിപ്പിച്ച മാനേജ്മെന്റ് എല്ലാ ജീവനക്കാർക്കും വയലറ്റ് നിറത്തിലുള്ള വസ്ത്രം നൽകാൻ വീണ്ടും തീരുമാനിച്ചു. ഇഷ്ടമുള്ളവർക്ക് ധരിച്ച് ജോലിക്കെത്താമെന്നാണ് പുതിയ നിർദ്ദേശം.
ജീവനക്കാർ 29ന് വൈകിട്ട് 5ന് മുമ്പ് അവരവരുടെ വസ്ത്രങ്ങളുടെ സൈസ് എംപ്ളോയീസ് പോർട്ടലിൽ നൽകണം. 30ന് വസ്ത്രങ്ങൾക്ക് ഓർഡർ നൽകും. ഡിസംബറിൽ ലഭ്യമാക്കും. ജനുവരി ഒന്നു മുതൽ ധരിച്ച് വരണം. കെ.എസ്.ഇ.ബിയുടെ ലോഗോ ആലേഖനം ചെയ്ത വസ്ത്രങ്ങൾ കമ്പനിയുടെ ബ്രാൻഡ് പ്രമോഷനാണെന്നാണ് ഔദ്യോഗിക വിശദീകരണം.
അതേസമയം, നിർദ്ദേശം ബഹിഷ്കരിക്കാൻ ഓഫീസേഴ്സ് അസോസിയേഷൻ ആഹ്വാനം ചെയ്തു. യൂണിഫോം ഏർപ്പെടുത്തുന്നതിനെ ധൂർത്ത് എന്നാണ് അസോസിയേഷൻ നേരത്തേ വിശേഷിപ്പിച്ചത്. ഇതിനെതിരെ അവർ പരാതി നൽകിയപ്പോൾ, യൂണിഫോം അടിച്ചേൽപ്പിക്കില്ലെന്നും സുതാര്യമായി മാത്രമേ ഏത് പരിഷ്കാരവും നടപ്പാക്കൂവെന്നും ചെയർമാൻ ഉറപ്പ് നൽകിയിരുന്നു.
സഹകരിക്കേണ്ടെന്ന് ഓഫീസേഴ്സ് അസോസിയേഷൻ അവരുടെ വാട്സ് ആപ് ഗ്രൂപ്പുകളിലാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. വൈദ്യുതി ബോർഡ് സാമ്പത്തിക പ്രയാസത്തിലൂടെ കടന്ന് പോകുമ്പോൾ അധിക ബാദ്ധ്യത വരുത്തുന്ന വസ്ത്രം വാങ്ങലും അടിച്ചേൽപ്പിക്കലും എതിർക്കപ്പെടേണ്ടതുണ്ടെന്ന് സംഘടന പറയുന്നു.