തിരുവനന്തപുരം: നവംബർ ഒന്നിന് ക്ലാസുകൾ ആരംഭിക്കാനിരിക്കെ വിദ്യാർത്ഥികൾക്ക് ടൈംടേബിൾ ക്രമീകരിച്ച് പട്ടം കേന്ദ്രീയ വിദ്യാലയ. ക്ലാസുകളിൽ നേരിട്ടെത്താൻ താത്പര്യമുള്ള വിദ്യാർത്ഥികളിൽ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങിയാണ് ക്ലാസിലിരുത്തുക. ക്ലാസിൽ വരാത്തവർക്ക് ഓൺലൈൻ ക്ലാസുകളും നടത്തും. പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ളവരുടെ ടൈംടേബിളുകളാണ് ബയോബബിൾ അടിസ്ഥാനത്തിൽ ക്രമീകരിച്ചത്. രാവിലെ 8.30 മുതൽ 11.30 വരെ ആദ്യ ഷിഫ്ടും 10 മുതൽ ഒരു മണി വരെയാകും രണ്ടാമത്തെ ഷിഫ്ടും. ഇടവേളകൾ ഉണ്ടാവില്ല. ഭക്ഷണസാധനങ്ങൾ അനുവദിക്കില്ല, കുടിവെള്ളം കൊണ്ടുവരാം. വിദ്യാർത്ഥികൾക്കുള്ളതിനാൽ ടൈംടേബിൾ ക്രമീകരിക്കുന്നത് ബുദ്ധിമുട്ടേറിയ പ്രക്രിയയാണെന്ന് അദ്ധ്യാപകർ പറയുന്നു. പരമാവധി ഒരു ഷിഫ്ടിൽ ഒരു ക്ലാസിൽ 15 വിദ്യാർത്ഥികളേ ഉണ്ടാകൂവെന്ന് പ്രിൻസിപ്പൽ അജയകുമാർ പറഞ്ഞു.