ശ്രീകാര്യം: ഉദയഗിരി സ്വദേശിയായ രാധയ്ക്ക് കണ്മുന്നിൽ കണ്ട കാഴ്ചയുടെ നടുക്കം ഇനിയും മാറിയിട്ടില്ല. ചിരിച്ചുകൊണ്ട് സാധനങ്ങൾ നൽകി അമ്മയുടെ രോഗവിവരം തിരക്കിയ ചന്ദ്രികയ്ക്ക് മറുപടിയും നൽകി വീട്ടിലേക്ക് തിരിഞ്ഞു നടക്കവേയാണ് വൻ ശബ്ദവും ഒപ്പം നിലവിളിയും കേട്ടത്. പിറകിലേക്ക് നോക്കുമ്പോൾ അല്പം മുമ്പുവരെ പെട്ടിക്കടയുണ്ടായിരുന്നിടത്ത് ഒന്നുമില്ല. കാർ നിയന്ത്രണം തെറ്റി പാഞ്ഞുവരുന്നതുകണ്ട് ബസ് സ്റ്റോപ്പിൽ നിന്ന യാത്രക്കാർ നിലവിളിച്ചെങ്കിലും ഒരു നിമിഷം കൊണ്ട് എല്ലാം അവസാനിച്ചു.
എല്ലാം തകർത്തെറിഞ്ഞ് അതിനുമീതെ ഒരു കാർ. കടക്കാരും അയൽവാസികളും നിലവിളിച്ചുകൊണ്ട് കാറിനടുത്തേക്ക് പായുന്നത് കണ്ട് രാധയും ഓടിയെത്തി. കടയിലെ പഴങ്ങളും പച്ചക്കറികളും ചതച്ചരച്ച കാറിന്റെ പിൻ ചക്രത്തിനടിയിൽ പിടയുന്ന ചന്ദ്രികയുടെ നിലവിളികേട്ട് എല്ലാവരും ഞെട്ടി. കാർ ഉയർത്തി പാതി ജീവനുള്ള ചന്ദ്രികയെ കോരിയെടുത്ത് ആംബുലൻസിൽ കയറ്റുമ്പോൾ എല്ലാവരും പ്രതീക്ഷയിലായിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിറചിരിയോടെ തങ്ങളെ വരവേൽക്കുന്ന ചന്ദ്രിക ചേച്ചി ഇനിയില്ലെന്ന സത്യം അവർക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. കൊവിഡ് കാലമായതോടെയാണ് ഉദയഗിരി ജംഗ്‌ഷനിൽ ചന്ദ്രിക പഴം, പച്ചക്കറി കച്ചവടം ആരംഭിക്കുന്നത്. പഴയ മാർക്കറ്റിന് സമീപത്തായിരുന്ന കച്ചവടം പിന്നീടാണ് റോഡരികിലേക്ക് മാറ്റിയത്. വെയിലും മഴയും ഏൽക്കാതിരിക്കാൻ മതിലിനോട് ചേർന്ന് ടാർപോളിൻ കെട്ടിയൊരുക്കിയ താത്കാലിക സ്ഥലത്തായിരുന്നു വില്പന. ഭർത്താവ് പ്രേംകുമാറിന്റെ മരണത്തോടെ ഉദയഗിരിക്ക് സമീപത്തെ വാടക വീട്ടിൽ താമസിച്ചാണ് ചന്ദ്രിക കച്ചവടം നടത്തിയിരുന്നത്. മക്കൾ: അപർണ, അനന്ദു. മരുമകൻ: സജു.