mechine

വെഞ്ഞാറമൂട്: തോരാത്ത മഴയിൽ വെള്ളം കയറി നശിച്ച പാടങ്ങളിലെ അവശേഷിക്കുന്ന നെല്ലു പോലും കൊയ്തെടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് പ്രദേശത്തെ കർഷകർ. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കൊയ്ത്തുമെതി യന്ത്രം പ്രവർത്തിപ്പിക്കാൻ കഴിയാത്തതിനാൽ കൊയ്ത്തു മന്ദഗതിയിലായിരിക്കുകയാണ്. നനഞ്ഞ നെൽച്ചെടികൾ കൊയ്തെടുക്കാനും നെല്ലും പതിരും വേർതിരിക്കാൻ കഴിയാത്തതും നനഞ്ഞ വൈക്കോലും നെല്ലും കുഴഞ്ഞു കൂടി യന്ത്രത്തിൽ കുടുങ്ങുന്നത് മൂലമാണ് മഴയത്ത് കൊയ്യാൻ ആകാത്തത്.

ഒരു ഏക്കർ കൊയ്യാൻ ഒരു മണിക്കൂർ മുതൽ 1.15 മണിക്കൂർവരെ സാധാരണനിലയിൽ വേണ്ടിടത്ത് മഴ നനഞ്ഞു ചാഞ്ഞുകിടക്കുന്ന നെല്ല് കൊയ്യാൻ അരമണിക്കൂർ അധികസമയം വരും. തുടർച്ചയായ മഴമൂലം കൊയ്ത്തു യന്ത്രങ്ങളുപയോഗിച്ച് കൊയ്യാൻ കഴിയാത്തതിനാൽ കൊയ്ത്ത് യന്ത്രങ്ങൾ മിക്കയിടത്തും കയറ്റി നിർത്തിയിരിക്കുകയാണ്. കൊയ്ത്ത് നടക്കാത്തതിനാൽ വരുമാനനഷ്ടം കണക്കിലെടുത്ത് കൊയ്ത്തുയന്ത്രം ഉടമകൾ മറ്റു സംസ്ഥാനങ്ങളിലേക്ക് മടങ്ങി തുടങ്ങി. മിക്ക ദിവസവും മഴ മാറി ഒരുമണിക്കൂറിൽ താഴെ സമയം മാത്രമേ കൊയ്ത്തു നടക്കുന്നുള്ളൂ. ഡ്രൈവർ, മെക്കാനിക്ക്, കുക്ക് തുടങ്ങിയ അഞ്ചോളം തൊഴിലാളികൾക്ക് വാഹനം ഓടിയില്ലെങ്കിലും ബത്ത നൽകേണ്ടി വരുന്നുണ്ട്. അതിനാൽ വെറുതെ നിറുത്തി ഇടാതെ കൊയ്ത്ത് ആരംഭിച്ച കർണാടക, ആന്ധ്ര തുടങ്ങിയ അയൽ സംസ്ഥാനത്തേക്ക് വാഹനം കൊണ്ടു പോവുകയാണ്. മഴ മാറിയാൽ ഇവിടെയുള്ള ഏജന്റുമാരുടെ പക്കലുള്ള വാഹനങ്ങൾക്ക് ക്ഷാമം ഉണ്ടാകും എന്ന് ആശങ്കയുണ്ട്. ഇപ്പോൾ നാലും അഞ്ചും വാഹനങ്ങളുള്ള ഏജന്റുമാരുടെ പക്കൽ ഒന്നും രണ്ടും വാഹനങ്ങളായി ചുരുങ്ങി. രണ്ടാഴ്ചയ്ക്കുള്ളിൽ മേഖലയിലെ മുഴുവൻ കൊയ്ത്തും തീരേണ്ട സ്ഥിതി ഉള്ളപ്പോഴാണ് കൊയ്ത്തുയന്ത്രം ക്ഷാമം വരുന്നത്.

ഡീസൽ വില 100 കടന്നതോടെ വിവിധ സമിതികളുടെ നേതൃത്വത്തിൽ നിശ്ചയിച്ച കൊയ്ത്തുയന്ത്ര വാടകയായ 2300 രൂപയ്ക്ക് പകരം 2400 വീതം വാങ്ങി തുടങ്ങി. ഈ വാടകയ്ക്ക് ജീവനക്കാരുടെ ബത്തയും ഏജന്റ് കമ്മീഷനും നൽകിയാൽ ഉയർന്ന ഡീസൽ വിലയിൽ ലാഭകരമായി നടത്തിക്കൊണ്ടുപോകാൻ കഴിയില്ല.