വിതുര: ആദിവാസി മേഖലകളിലേക്കുണ്ടായിരുന്ന ബസ് സർവീസുകൾ നിലച്ചിട്ട് ഒന്നരവർഷം കഴിഞ്ഞിട്ടും പുനരാരംഭിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു. വിതുര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും ചാത്തൻകോട്, മൊട്ടമൂട്, പൊടിയക്കാല എന്നി ആദിവാസിമേഖലകളിലേക്കുണ്ടായിരുന്ന സർവീസുകളാണ് നിലച്ചത്. കൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് 2020 മാർച്ചിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗണിന്റെ ഭാഗമായാണ് സർവീസ് നിറുത്തി വെച്ചത്. ആദിവാസിസമൂഹത്തിന് ഏറെ പ്രയോജനകരമായിരുന്നു നിറുത്തലാക്കിയ ഈ സർവീസുകൾ. ലോക്ക് ഡൗൺപിൻവലിച്ചാലുടൻ സർവീസ് പുനരാരംഭിക്കുമെന്നാണ് അന്ന് കെ.എസ്.ആർ.ടിസി മേധാവികൾ വ്യക്തമാക്കിയത്. എന്നാൽ ലോക്ക്ഡൗൺ ഇളവുകൾ വന്നിട്ടും ഇവിടേക്കുള്ള സർവീസ് ആരംഭിക്കുന്നതിൽ അനക്കമില്ലെന്നാണ് ആദിവാസികളുടെ പരാതി. കല്ലാർ മൊട്ടമൂട്, കൊങ്ങമരുത്തിൻമൂട്, കൊമ്പ്രാംകല്ല്, ആറാനക്കുഴി, ചാത്തൻകോട്, ചെമ്മാംകാല, കുട്ടപ്പാറ, പൊടിയക്കാല മേഖലകളിലെ നൂറുകണക്കിന് ആദിവാസി വിദ്യാർത്ഥികളുടെ ഏക ആശ്രയമായിരുന്നു ഈ സർവീസുകൾ. സർവീസ് ഇല്ലാത്തതുമൂലം ആദിവാസിമേഖലകൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. അത്യാവശ്യകാര്യങ്ങൾക്ക് വിതുരയിൽ നിന്നും ഓട്ടോയോ, ജീപ്പോ വാടകയ്ക്ക് വിളിച്ച് സഞ്ചരിക്കേണ്ട അവസ്ഥയാണ് നിലവിൽ. ഇതിന് നാനൂറുമുതൽ എണ്ണൂറ് രൂപ വരെ നൽകേണ്ടി വരും. ബസ് സർവീസുകൾ നിലച്ചതോടെ ആദിവാസികൾ അനുഭവിക്കുന്ന ദുരിതം ചില്ലറയല്ല. സർവീസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഇവർ മുട്ടാത്ത വാതിലുകളില്ല. മന്ത്രിക്കും എം.പിക്കും എം.എൽ.എക്കും അനവധി തവണ നിവേദനം നൽകി. നിരവധി സമരങ്ങളും നടത്തിയെങ്കിലും ഫലം കണ്ടില്ല. മഴ കനത്തതോടെ മിക്ക ആദിവാസികോളനികളും ഒറ്റപ്പെട്ടു. ബസ് സർവീസ് ഇല്ലാത്തതുമൂലം പുറം ലോകവുമായി ബന്ധപ്പെടുവാനും സാധിക്കുന്നില്ല. അടുത്തയാഴ്ച സ്കൂൾ തുറക്കുമ്പോൾ ആദിവാസി കുട്ടികൾ ദുരിതത്തിലാകും. ബസില്ലാത്തതുമൂലം കിലോമീറ്ററുകൾ താണ്ടി കാട്ടിലൂടെ സഞ്ചരിച്ചാണ് സ്കൂളിലെത്തേണ്ടത്. മൊട്ടമൂട്, ചാത്തൻകോട്, പൊടിയക്കാല ബസ് സർവീസുകൾ നിലച്ചതോടെ ആദിവാസികൾ അനുഭവിക്കുന്ന ദുരിതം ചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി അധികാരികൾ വ്യക്തമാക്കാറുണ്ടെങ്കിലും വാഗ്ദാനം കടലാസിലുറങ്ങുകയാണെന്നാണ് പരാതി.

വിതുര ഡിപ്പോ പടിക്കൽ നാളെ സമരം

വിതുര ഡിപ്പോയിൽ നിന്നും ചാത്തൻകോട്, മൊട്ടമൂട്, പൊടിയക്കാല ആദിവാസി ഉൗരുകളിലേക്ക് സർവീസ് നടത്തിയിരുന്ന ബസുകൾ അടിയന്തരമായി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഡിപ്പോ പടിക്കൽ നാളെ രാവിലെ 10 ന് ആദിവാസികളെ അണിനിരത്തി ധർണ നടത്തുമെന്ന് ആദിവാസിമഹാസഭ സംസ്ഥാന പ്രസിഡന്റ് മോഹനൻ ത്രിവേണി അറിയിച്ചു.