തിരുവനന്തപുരം: തകരപ്പറമ്പ് കൊച്ചാർ റോഡിൽ പ്രവർത്തിക്കുന്ന ജില്ലാ ഇലക്‌ട്രിക്കൽസ് ആൻഡ് ഇലക്‌ട്രോണിക്‌‌സ് ടെക്‌നീഷ്യൻസ് സഹകരണ സംഘത്തിൽ കോടികളുടെ തട്ടിപ്പിൽ പ്രതികളുടെ അറസ്റ്റ് വൈകുന്നതായി പരാതി. ഫോർട്ട് പൊലീസ് സ്റ്റേഷനിലും സഹകരണ വകുപ്പിലും പരാതികൾ നൽകിയെങ്കിലും പ്രതികൾക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് നിക്ഷേപകരുടെ ആക്ഷേപം. പണം നിക്ഷേപിച്ചവർ തുക പിൻവലിക്കുന്നതിനായി അപേക്ഷ നൽകി മാസങ്ങൾ കഴിഞ്ഞു.

അതേസമയം പ്രതികൾക്കെതിരായ തെളിവുകൾ ശേഖരിച്ച് വരികയാണെന്നും എല്ലാ രേഖകളും പരിശോധിച്ച ശേഷമാകും അറസ്റ്ര് ഉൾപ്പെടെയുളള നടപടികളിലേക്ക് കടക്കുന്നതെന്നും ഫോർട്ട് പൊലീസ് അറിയിച്ചു. സംഘം സെക്രട്ടറി ലേഖ പി. നായരും ഭർത്താവ് കൃഷ്‌ണകുമാറും ചേർന്നാണ് കോടികളുടെ തട്ടിപ്പ് നടത്തിയതെന്ന് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്‌ട്രാറുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവരെക്കൂടാതെ ബോർഡ് അംഗങ്ങളായ മുരുകൻ, പ്രീതി.പി, അജിത്ത് സലീം, ശ്രീകുമാർ.ജി, ശ്രീപതി. എൽ, ഉണ്ണിക്കൃഷ്‌ണൻ നായർ എന്നിവരും വൻ തട്ടിപ്പ് നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി.

സെക്രട്ടറിയുടെയും ഭർത്താവിന്റെയും പേരിൽ പ്രതിമാസ ചിട്ടിയിൽ ചേർന്ന് യാതൊരു ജാമ്യവുമില്ലാതെ ഒരു കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇല്ലാത്ത സ്ഥിരനിക്ഷേപത്തിന്റെ ജാമ്യം രേഖപ്പെടുത്തിയും സ്വന്തം പേരിലും ഭർത്താവിന്റെ പേരിലും യാതൊരു ഈടും നൽകാതെ വായ്‌പാഇനത്തിലും ലക്ഷങ്ങൾ കൈക്കലാക്കിയെന്നാണ് കണ്ടെത്തൽ. സംഘത്തിന്റെ നിയമാവലിയിൽ പോലും വ്യവസ്ഥയില്ലാത്ത അക്ഷയനിധി എന്ന പേരിൽ നിക്ഷേപം സ്വീകരിക്കുകയും നിക്ഷേപകർ അറിയാതെ ലക്ഷങ്ങൾ അവരുടെ അക്കൗണ്ടിൽ നിന്ന് സെക്രട്ടറി തന്നെ തന്റെ അക്കൗണ്ടിലേക്ക് മാറ്റുകയും പിന്നീട് ഈ തുക പിൻവലിച്ചതായും കണ്ടെത്തി.

2013 മുതൽ പ്രവർത്തിക്കുന്ന സംഘത്തിൽ ഇതുവരെ പൊതുയോഗം കൂടുകയോ കണക്ക് അവതരിപ്പിക്കുകയോ ചെയ്‌തിട്ടില്ലെന്നതാണ് മറ്റൊരു വസ്‌തുത.

തുക തിരികെ നൽകും: സെക്രട്ടറി

നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ല. പിൻവലിക്കാൻ അപേക്ഷ നൽകിയവർക്ക് പണം നൽകുന്നുണ്ട്. സംഘം പുറത്ത് വായ്‌പ കൊടുത്ത 3.5 കോടിയോളം രൂപയുടെ തിരിച്ചടവിൽ കാലതാമസമുണ്ടായിട്ടുണ്ട്. കൊവിഡ് കാലത്തെ പ്രതിസന്ധി കാരണമാണിത്.