പേരാമ്പ്ര: കോഴിക്കോട് ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രമായ ജാനകിക്കാട് വിനോദ സഞ്ചാര കേന്ദ്രം അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്നു. കഴിഞ്ഞ ദിവസം പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവമുണ്ടായ ഇവിടെ വേണ്ടത്ര സുരക്ഷയില്ലെന്ന ആരോപണവും ശക്തമാണ്.
കേന്ദ്രത്തിലേക്കുള്ള മുള്ളൻകുന്ന് ഭാഗത്തേക്കുള്ള റോഡ് ടാറിംഗ് പാടെ പൊട്ടിപ്പൊളിഞ്ഞ് കാൽനടയാത്രയ്ക്ക് പോലും പറ്റാത്ത സ്ഥിതിയാണ്. വനത്തിലൂടെയുള്ള പാതയാണിത്. ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ പലപ്പോഴും ഇവിടെ അപകടത്തിൽപ്പെടാറുള്ളതായി പരാതി ഉയർന്നു. റോഡിന്റെ ദുരവസ്ഥ ഇവിടെയെത്തുന്ന ടൂറിസ്റ്റുകൾക്ക് ഏറെ പ്രയാസം സ്പഷ്ടിക്കുന്നുണ്ട്. കാടിനെ അറിയാനും കാനന ഭംഗി ആസ്വദിക്കാനും നിരവധിപ്പേർ ദിവസവും ഇവിടെയെത്താറുണ്ട്.
കുട്ടികൾക്ക് 15 രൂപയും മുതിർന്നവർക്ക് 30 രൂപയും വിദേശികൾക്ക് 50 രൂപയുമാണ് പ്രവേശനചാർജ് ഈടാക്കുന്നത്. എന്നാൽ ഇവിടെയെത്തുന്ന യാത്രികർ നിരാശരാണ്. മുമ്പ് പുഴയിൽ ചങ്ങാടമുണ്ടായിരുന്നു. ഇതിൽ കയറാനും സൗകര്യമുണ്ടായിരുന്നു. കാടിനുള്ളിൽ ഏറുമാടമുൾപ്പെടെ സജീകരിച്ച് യാത്രക്കാരെ ആകർഷിച്ചിരുന്നു. ഇപ്പോൾ ഇവയൊക്കെ നശിച്ചു. കുട്ടികൾക്ക് കളിക്കാനോ മറ്റു വിനോദ പരിപാടികളൊന്നും ഇവിടെയില്ല. വേണ്ടത്ര ഗൈഡുകളെ ഏർപ്പെടുത്തി വികസിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.