udhyanam

തലശ്ശേരി: ഇൻഡോ-ഫ്രഞ്ച് സംസ്‌കൃതിയുടേയും മയ്യഴിയിലെ വിമോചന പോരാട്ടങ്ങളുടേയും കഥ പറഞ്ഞ എം. മുകുന്ദന്റെ പേരിൽ മയ്യഴിപ്പുഴയോരത്ത് ന്യൂ മാഹിയിൽ നിർമ്മിച്ച ഉദ്യാനം സഞ്ചാരികൾക്കായി തുറക്കും. പെരിങ്ങാടി ഭാഗത്താണ് ജില്ലാ പഞ്ചായത്ത് രണ്ട് കോടി രൂപ ചെലവിൽ കുട്ടികൾക്കും വൃദ്ധർക്കും വേണ്ടി വിനോദകേന്ദ്രം ഒരുക്കിയിട്ടുള്ളത്.

നേരത്തെ ഉണ്ടായിരുന്ന വൻ മരങ്ങളെല്ലാം നിലനിർത്തിക്കൊണ്ട് അവയ്ക്ക് ചുറ്റിലും പലതരത്തിലുള്ള ഇരിപ്പിടങ്ങൾ നിർമ്മിച്ചു. ഒരു മിനി അമ്യൂസ്‌മെന്റ് പാർക്കിലെ സജ്ജീകരണങ്ങളൊക്കെ ഇവിടെയുണ്ട്. രാത്രി കാലങ്ങളിൽ പുഴയിലെ ഓളങ്ങൾക്ക് വർണ്ണാഭമായ പ്രതിബിംബം പകരുന്ന അലങ്കാര ദീപങ്ങൾ ഒരുക്കിയിട്ടുണ്ട്. കേരളീയ വാസ്തു കലയുടെ മനോഹാരിത തുടിച്ചു നിൽക്കുന്ന ഓപ്പൺ എയർ സ്റ്റേജും. മൂന്ന് പവലിയനുകളും ഈ കുളിരാർന്ന തീരത്തിന് അനുഭൂതിയേകുന്നു.

തടാകസമാനമായ വിശാലമായ കുളം ആരേയും ആകർഷിക്കും. പുഴയിലെ വേലിയേറ്റവും ഇറക്കവും ഈ ജലാശയത്തിന്റെ ജലവിതാനത്തെ മാറ്റിക്കൊണ്ടിരിക്കും. പുൽമേടുകളും പൂന്തോട്ടങ്ങളും മനം കവരും. പുഴ സഞ്ചാരത്തിന് വഴിയൊരുക്കി ഇതിനോട് ചേർന്ന് ബോട്ട് ജെട്ടിയുമുണ്ട്. ഇവിടെ ജല കേളീ വിനോദ പരിപാടികളുമുണ്ട്. വിഖ്യാത ശിൽപ്പി ബാലൻ താനൂരാണ് ഉദ്യാനത്തിന് രൂപകൽപനയും നിർമ്മാണ മേൽനോട്ടവും നിർവഹിച്ചത്. ഈ ഉദ്യാനം നാടിന് സമർപ്പിച്ചെങ്കിലും കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിടുകയായിരുന്നു. പാർക്ക് നവീകരണത്തിനൊപ്പം മയ്യഴിപ്പുഴയുടെ ഇരുകരകളും ഇതോടെ വിനോദ സഞ്ചാര ഭൂപടത്തിൽ ഇടം നേടുകയാണ്.
കേന്ദ്ര ഭരണ പ്രദേശമായ മയ്യഴിയിൽ മഞ്ചക്കൽ ബോട്ട് ഹൗസ് മുതൽ തീരത്തെ തൊട്ട് തലോടി മാഹി പാലവും മൂപ്പൻ കുന്നും തുറമുഖവും കടന്ന് പുലിമുട്ടിലൂടെ കടലിൽ ഒരുകിലോമീറ്റർ ദൈർഘ്യം വരെ മൂന്ന് കിലോ മീറ്റർ ദൂരത്തിൽ പുഴയോര നടപ്പാത യാഥാർത്ഥ്യമാകുകയാണ്. മാഹി പാലം ജംഗ്ഷൻ തൊട്ട് മലയാള കലാഗ്രാമം വരെയുള്ള പുഴയോരം വീതി കൂട്ടി സന്ദർശകർക്ക് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളുമൊരുക്കുന്നുണ്ട്. ഇതിന്റെ നിർമ്മാണവും നടക്കുകയാണ്.