തിരുവനന്തപുരം: കാത്തിരിപ്പിനൊടുവിൽ പച്ചക്കൊടി ലഭിച്ചെങ്കിലും തലസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പാരിപ്പള്ളി - വിഴിഞ്ഞം ഔട്ടർ റിംഗ് റോഡിനായുള്ള നടപടികൾ ഇഴഞ്ഞിഴഞ്ഞ് നീങ്ങുന്നു. ജൂലായിൽ കേന്ദ്രമന്ത്രി നിതിൻഗഡ്കരി, മുഖ്യമന്ത്രിക്ക് നേരിട്ട് തത്വത്തിലുള്ള അംഗീകാരം നൽകിയതാണെങ്കിലും പരിസ്ഥിതി, സാമൂഹ്യ ആഘാത പഠനത്തിന് മുന്നോടിയായുള്ള ഹിയറിംഗ് അടുത്തമാസം നടക്കുന്നതേയുള്ളൂ. ഇതോടൊപ്പം കേന്ദ്രം ഉന്നയിച്ച സംശയങ്ങൾക്ക് മറുപടി നൽകി അന്തിമാനുമതി നേടിയെടുക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുകയും തലസ്ഥാനത്തിന് വ്യാപാര - വാണിജ്യ ഉപഗ്രഹനഗരം നിർമ്മിക്കാനും ലക്ഷ്യമിട്ടുള്ളതാണ് 70 മീറ്റർ വീതിയിൽ ആറുവരിയിൽ നിർമ്മിക്കുന്ന വിഴിഞ്ഞം - നാവായിക്കുളം 79കി.മീ ഔട്ടർ റിംഗ് റോഡ്. ഇരുവശത്തുമായി 10,000 ഏക്കറിൽ നോളഡ്ജ് ഹബുകൾ, വ്യവസായ പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ, ടൗൺഷിപ്പുകൾ, ആശുപത്രികൾ എന്നിവയോടെ ഉപഗ്രഹനഗരം നിർമ്മിക്കാനും പദ്ധതിയുണ്ട്. 25,000 കോടിയുടെ നിക്ഷേപവും രണ്ടരലക്ഷം തൊഴിലവസരങ്ങളുമാണ് ലക്ഷ്യം.
ചൈനയിലെ ഷെൻസെങ് മാതൃകയിൽ 10 വർഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പദ്ധതിയാണ് ഇഴയുന്നത്. കേന്ദ്ര സർക്കാരിന്റെ കാപിറ്റൽ റീജിയണൽ ഡെവലപ്‌മെന്റ് പദ്ധതിയുടെ ഭാഗമായുള്ളതാണ് ഔട്ടർറിംഗ് റോഡ്. ഇരുവശത്തും 10 മീറ്റർ വീതിയിൽ സർവീസ് റോഡുകളുണ്ടാവും. ദേശീയപാത അതോറിട്ടി റോഡ് നിർമാണം നടത്തും. നിർമ്മാണത്തിന്റെ പകുതി ചെലവും സ്ഥലമേറ്റെടുക്കലിന്റെ പകുതി ചെലവും കേന്ദ്രം നൽകും. 1500 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഭൂമിയേറ്റെടുത്ത് കൈമാറിയാൽ മൂന്നുവർഷം കൊണ്ട് റോഡ് നിർമ്മിക്കും. ഭൂമിയേറ്റെടുക്കാൻ ലാൻഡ് പൂളിംഗ്, ലാൻഡ് ബോണ്ടുകൾ, ലാൻഡ് മോണിറ്റൈസേഷൻ സമ്പ്രദായങ്ങളും ഉപയോഗിക്കും.
വിശാലമായ ആറുവരിപ്പാത
തിരുവനന്തപുരം - കൊല്ലം അതിർത്തി ജംഗ്ഷനായ പാരിപ്പള്ളിക്ക് സമീപത്തുള്ള നാവായിക്കുളം മുതൽ വിഴിഞ്ഞം വരെ എൻ.എച്ച് - 66, സംസ്ഥാന പാതകൾ, എം.സി റോഡ് എന്നിവയെ ബന്ധിപ്പിച്ചാണ് പുതിയപാത. റിംഗ് റോഡിലേക്ക് പ്രവേശിക്കാൻ ടോൾ നൽകേണ്ടിവരും. ചുരുക്കം ചില സ്ഥലങ്ങളിൽ നിന്നൊഴികെ റോഡിലേക്ക് പ്രവേശിക്കാനും കഴിയില്ല. മൂന്ന് വലിയ പാലങ്ങൾ, 16 ചെറിയപാലങ്ങൾ, 5 വയാഡക്ടുകൾ, 90 അണ്ടർ പാസുകളോ ഓവർ പാസുകളോ, 9 ഫ്ലൈഓവറുകൾ, 54 പൈപ്പ് കൾവർട്ടുകൾ, 44 ബോക്‌സ് കൾവർട്ടുകൾ, ബാലരാമപുരത്ത് റോഡ് ഓവർബ്രിഡ്ജ് എന്നിവയുണ്ട്.
4868കോടി
റിംഗ് റോഡിന് പ്രാഥമികമായി കണക്കാക്കിയ ചെലവ്
100കോടി
ഉപഗ്രഹനഗരത്തിനായി ബഡ്ജറ്റിൽ വകയിരുത്തിയത്
തലസ്ഥാനം കുതിക്കും
30 വർഷത്തെ എല്ലാ ആവശ്യങ്ങളും മുന്നിൽക്കണ്ടുള്ള ആസൂത്രണത്തോടെ നിർമ്മാണം.
ബിസിനസ്, വിദ്യാഭ്യാസം, ആരോഗ്യം, കമ്മ്യൂണിക്കേഷൻ, ഐ.ടി, വിനോദം, കായികം,
ടൂറിസം മേഖലകളിൽ 24മണിക്കൂർ പ്രവർത്തിക്കുന്ന ഉപഗ്രഹനഗരം
ടൗൺഷിപ്പുകളും എട്ട് സാമ്പത്തിക- വാണിജ്യ- ലോജിസ്റ്റിക്‌സ്- ട്രാൻസ്പോർട്ട്
സോണുകളുമുണ്ടാവും. വിഴിഞ്ഞത്ത് ലോജിസ്റ്റിക് പാർക്കുമുണ്ട്.
സ്വകാര്യ പാർപ്പിട സമുച്ചയ കേന്ദ്രങ്ങൾക്ക് സർക്കാർ ഭൂമിയേറ്റെടുത്ത്
കൈമാറില്ല, പാട്ടവുമില്ല. പൂർണമായും സ്വകാര്യനിക്ഷേപമായിരിക്കും