തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ നികുതി അടച്ച ആർക്കും പണം നഷ്ടമാകില്ലെന്നും കുറ്റക്കാർക്കെതിരെ മുഖംനോക്കാതെ നടപടി സ്വീകരിക്കുമെന്നും മന്ത്രി കെ. രാധാകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു. നഗരസഭയിലെ നികുതിതട്ടിപ്പുമായി ബന്ധപ്പെട്ട് എം. വിൻസെന്റിന്റെ അടിയന്തര പ്രമേയ അവതരണാനുമതി നോട്ടീസിന് മന്ത്രി എം.വി. ഗോവിന്ദനുവേണ്ടി മറുപടി പറയുകയായിരുന്നു കെ. രാധാകൃഷ്ണൻ. വിഷയത്തിൽ വിവിധ തലത്തിലുള്ള അന്വേഷണങ്ങൾ നടക്കുന്നുണ്ട്. ഇവ വിലയിരുത്തി ആവശ്യമെങ്കിൽ കൂടുതൽ നടപടി സ്വീകരിക്കും. ഇതിൽ മറച്ചുവയ്ക്കാൻ ഒന്നുമില്ല. നിലവിൽ തെറ്റുകാരായ 4 പേരെ അറസ്റ്റുചെയ്യുകയും 13 പേരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. അനിവാര്യമാണെങ്കിൽ കൂടുതൽ പേരെ അറസ്റ്റുചെയ്യും. അതിന് പാർട്ടിയൊന്നും പരിഗണിക്കില്ല.
നേമം, ആറ്റിപ്ര, ശ്രീകാര്യം സോണുകളിലായി 35,92,906 രൂപയുടെ തട്ടിപ്പാണ് നടന്നത്. ഇതുമായി ബന്ധപ്പെട്ട നടപടിക്ക് ഒട്ടും വൈകിയിട്ടില്ല. നികുതി അടച്ചവരുടെ നയാപൈസ നഷ്ടപ്പെടില്ല. രസീതുകൾ ഇല്ലെങ്കിലും സോണൽ ഓഫീസിലെ രജിസ്റ്റർ നോക്കി പണമടച്ചവർക്ക് അത് നഷ്ടപ്പെടാതെ വകയിരുത്തും. കുറ്റങ്ങൾ മറച്ചുവയ്ക്കുകയോ കുറ്റക്കാരെ രക്ഷപ്പെടുത്തുകയോ സർക്കാർ ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു.
കുറ്റക്കാർക്ക് സർക്കാർ ഒത്താശ ചെയ്യുന്നു: എം.വിൻസെന്റ്
അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ എം. വിൻസെന്റ് കുറ്റപ്പെടുത്തി. കുറ്റക്കാർക്ക് മുൻകൂർ ജാമ്യാപേക്ഷ നൽകാൻ സർക്കാർ അവസരം കൊടുത്തു. ജാമ്യം ലഭിക്കാത്തതിനാലാണ് ഇവർ കീഴടങ്ങിയത്.
അല്ലാതെ പൊലീസ് അറസ്റ്റു ചെയ്തതല്ല. കഴിഞ്ഞ പതിനഞ്ചുവർഷത്തെ നികുതി പിരിവിനെക്കുറിച്ച് അന്വേഷിക്കണമെന്നും വിൻസെന്റ് ആവശ്യപ്പെട്ടു. മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ വിഷയം സഭ നിറുത്തിവച്ച് ചർച്ചചെയ്യാൻ അനുവദിച്ചില്ലെങ്കിലും പ്രതിപക്ഷം വാക്കൗട്ട് നടത്തിയില്ല.