civil

നെയ്യാറ്റിൻകര: മിനി സിവിൽ സ്റ്റേഷനു മുൻവശം ഫ്ലക്സ് ബോർ‌ഡുകളും കൊടി തോരണങ്ങളും കൊണ്ടു നിറയുന്നു. കെട്ടിടം കണ്ടാൽ ശരിക്കും ഒരു പാർട്ടി ഓഫീസിനെക്കാൾ ഫ്ലക്സ് ബോർഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിനുളളിൽ മുപ്പതോളം സർക്കാർ ഓഫീസുകളാണ് പ്രവർത്തിക്കുന്നത്. ഓഫീസുകളുടെ ബോ‌‌ർഡുകളെപ്പോലും മറച്ചുകൊണ്ടാണ് ഇവിടെ ഫ്ലക്സുകളും ബാനറുകളും സ്ഥാപിച്ചിട്ടുളളത്. മൂന്ന് നിലകളുളള കെട്ടിടത്തിന്റെ മുൻവശത്തെ മുഴുവൻ

ജനലകഴികളിലും തൂണുകളിലുമായി വിവിധ രാഷ്ട്രീയ കക്ഷികളുടെയും സർക്കാർ ജീവനക്കാരുടെയും സംഘടനകളുടേതുമടക്കമുളള പ്രതിഷേധക്കുറിപ്പുകൾ മുതൽ അനുമോദന പത്രികകൾ വരെയുണ്ട്. ദിനംപ്രതി നൂറുകണക്കിനു ആൾക്കാരാണ് വിവിധ ആവശ്യങ്ങൾക്കായി ഇവിടെ വന്നുപോകുന്നത്. മൂന്നു ബ്ലോക്കുകളിലായി സ്ഥിതിചെയ്യുന്ന കെട്ടിടത്തിലെ ഓഫീസുകളിലെ ഓരോ നിലയിലും പ്രവർത്തിക്കുന്ന ഓഫീസുകളുടെ പേരുവിവരം പോലും കൃത്യമായ തരത്തിൽ പ്രദർശിപ്പിച്ചിട്ടില്ലെന്നതും പരാതിക്ക് ഇടയാക്കുന്നു. ഓരോയിടത്തും കയറിയിറങ്ങിയാണ് ആൾക്കാർ ഓഫീസുകൾ കണ്ടുപിടിക്കുന്നത്. ഫ്ലക്‌സുകളും ബാനറുകളും നിറഞ്ഞതോടെ ഓഫീസുകൾ കണ്ടുപിടിക്കുന്ന ബുദ്ധിമുട്ട് ഇരട്ടിയായി. സമയാസമയം പരിപാടികൾ കഴിയുമ്പോൾ ഇതൊന്നും നീക്കം ചെയ്യാത്തതാണ് ഇത്തരത്തിൽ ഫ്ലക്സുകൾ നിറയാൻ കാരണമെന്നാണ് ആക്ഷേപം. കെട്ടിടത്തിന് മുന്നിലെ പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.