തിരുവനന്തപുരം: സി.പി.എം അനുകൂല സംഘടനയിൽപ്പെട്ടവരും നേതാക്കളുമാണ് നഗരസഭയിൽ തട്ടിപ്പ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എറണാകുളത്ത് പ്രളയഫണ്ട് തട്ടിയെടുത്ത സംഭവത്തിൽ ഉദ്യോഗസ്ഥനെ മാത്രം ബലിയാടാക്കി രാഷ്ട്രീയ നേതാക്കളെ രക്ഷിച്ചതിനാലാണ് ഇപ്പോഴും തട്ടിപ്പുകൾ ആവർത്തിക്കുന്നത്. നേതാക്കളെ രക്ഷിക്കാൻ സ്ത്രീകൾ ജയിലിലായാലും കുഴപ്പമില്ലെന്ന നിലപാടാണ് സി.പി.എമ്മിന്.

എല്ലാ സോണൽ ഓഫീസുകളിലും ഒരുപോലെ തട്ടിപ്പ് നടന്നിട്ടുണ്ട്. അതിനാൽ 2015 മുതൽ നടന്ന തട്ടിപ്പുകളെക്കുറിച്ച് അന്വേഷിക്കണം. പട്ടികജാതി സ്‌കോളർഷിപ്പും പഠനഫണ്ടും തട്ടിയെടുത്ത സംഭവവും തിരുവനന്തപുരം നഗരസഭയിലാണ് നടന്നത്. ഈ സംഭവത്തിലും യാഥാർത്ഥ പ്രതികളായ സി.പി.എം നേതാക്കളെ ഒഴിവാക്കി ഉദ്യോഗസ്ഥരെ മാത്രം ബലിയാടാക്കി.

ആറ്റുകാൽ പൊങ്കാലയുടെ പേരിലും ലക്ഷങ്ങളാണ് തട്ടിയെടുത്തത്. നഗരം വൃത്തിയാക്കാനെന്ന പേരിൽ 21 ടിപ്പറുകൾ വാടകയ്‌ക്കെടുത്തതിന്റെയും തൊഴിലാളികൾക്ക് ഭക്ഷണം നൽകുന്നതിന്റെയും പേരിലാണ് ലക്ഷങ്ങൾ എഴുതിയെടുത്തത്. 70 ലക്ഷം മുടക്കി വാങ്ങിയ ഹിറ്റാച്ചി ഒളിപ്പിച്ച ശേഷം പുറത്തു നിന്ന് വാടകയ്‌ക്കെടുത്ത് കമ്മീഷൻ കൈപ്പറ്റി. ഒൻപത് കുടുംബങ്ങൾക്ക് വീടുവയ്ക്കാൻ നഗരസഭ നേരിട്ട് ഭൂമിവാങ്ങി. ഗുണഭോക്താക്കൾ അപേക്ഷ നൽകിയപ്പോൾ ആ ഭൂമി വീടുവയ്ക്കാൻ യോഗ്യമല്ലെന്ന വിചിത്രമായ മറുപടിയാണ് നഗരസഭ നൽകിയത്. 137 വാഹനങ്ങൾ വാങ്ങിയപ്പോൾ 225 വാഹനങ്ങളുടെ ഇൻഷ്വറൻസ് അടച്ചും പണം തട്ടിയെടുത്തു. കമഴ്ന്നുവീണാൽ കാൽപ്പണവുമായി പൊങ്ങുന്ന കൊള്ളക്കാരുടെ വക്കാലത്ത് സി.പി.എം ഏറ്റെടുത്തിരിക്കുകയാണ്. തട്ടിപ്പിനുപിന്നിൽ പ്രവർത്തിച്ച മുഴുവൻ പേരെയും അറസ്റ്റ് ചെയ്യാനും നികുതിദായകരുടെ ആശങ്ക പരിഹരിക്കാനും സർക്കാർ തയാറാകണം. നികുതി അടച്ചവരോട് രസീത് ഹാജരാക്കണമെന്നു പറയുന്നത് അനീതിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.