ഇന്ന് ലോക പക്ഷാഘാതദിനം
........................................
എല്ലാവർഷവും ഒക്ടോബർ 29 ലോക പക്ഷാഘാതദിനമായി ആചരിക്കുന്നു. ഇത്തവണ വേൾഡ് സ്ട്രോക്ക് ഒാർഗനൈസേഷന്റെ (WSO) സന്ദേശം 'വിലയേറിയ സമയം പാഴാക്കരുത് ' എന്നാണ്.
പക്ഷാഘാതം സർവസാധാരണമായിരിക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് പഠനങ്ങൾ തെളിയിക്കുന്നത്. പക്ഷാഘാതം ലോകത്തിന് വലിയ മാറാപ്പായി കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ ഒരു വർഷകാലയളവിൽ 13.7 ദശലക്ഷം പുതിയ പക്ഷാഘാത രോഗികൾ ഉണ്ടായി. അതിൽ 5.5 ദശലക്ഷം പേർ മരിച്ചു. നിലവിലെ കണക്കുപ്രകാരം കൃത്യമായി ചികിത്സ ലഭിക്കാതെയുള്ള പക്ഷാഘാത മരണനിരക്ക് 6.7 ദശലക്ഷം ആയി ഉയരുമെന്നാണ്. 25 വയസിന് മുകളിൽ ഉള്ള നാലിൽ ഒരാൾക്ക് അവരുടെ ജീവിതകാലയളവിൽ ഏതെങ്കിലും സമയത്ത് പക്ഷാഘാതം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. പക്ഷാഘാത ബാധിതരിൽ അറുപതു ശതമാനവും 70 വയസിൽ താഴെയുള്ളവരാണ്. ഒരു വർഷത്തെ പക്ഷാഘാത ബാധിതരിൽ എട്ട് ശതമാനവും 44 വയസിന് താഴെയുള്ളവരും.
എന്താണ് സ്ട്രോക്ക് ?
നമ്മുടെ തലച്ചോറിന് സുഗമമായി പ്രവർത്തിക്കാൻ തുടർച്ചയായി ഉള്ള ഒാക്സിജൻ വിതരണവും പോഷകവും ആവശ്യമാണ്. ഇവയുടെ വിതരണം തടസപ്പെടുകയോ നിലയ്ക്കുകയോ ചെയ്യുമ്പോൾ തലച്ചോറിലെ കോശങ്ങൾ നശിച്ചുതുടങ്ങുന്നു. ഇത് പക്ഷാഘാതത്തിലേക്ക് (സ്ട്രോക്ക്) നയിക്കുന്നു.
പക്ഷാഘാതം പ്രധാനമായും രണ്ട് തരത്തിലാണുള്ളത്.
1.ഇസ്‌കീമിക് സ്ട്രോക്. 85 ശതമാനത്തിൽ അധികം സ്ട്രോക്കുകളും ഇൗ വിഭാഗത്തിൽപ്പെടുന്നു. തലച്ചോറിലേക്കുള്ള രക്തധമനികൾ ചുരുങ്ങുകയോ രക്തം കട്ടപിടിച്ച് രക്തത്തിന്റെ ഒഴുക്ക് തടസപ്പെടുകയോ ചെയ്യുന്നതിനെയാണ് ഇസ്‌കീമിക് സ്ട്രോക്ക് എന്ന് പറയുന്നത്.
2. ഹെമറാജിക് സ്ട്രോക്.
തലച്ചോറിലെ രക്തക്കുഴൽ പൊട്ടി രക്തസ്രാവമുണ്ടാകുന്നതാണ് ഹെമറാജിക് സ്ട്രോക്ക് എന്ന് പറയുന്നത്. ഇവ കൂടാതെ വളരെ കുറച്ചുസമയത്തേക്ക് മാത്രം ലക്ഷണങ്ങൾ പ്രകടമാക്കുന്ന മിനി സ്ട്രോക് /ട്രാൻസിയന്റ് ഇസ്‌കീമിക് അറ്റാക് എന്ന മറ്റൊരവസ്ഥയും കണ്ടുവരുന്നു. ഇൗ അവസ്ഥയെ അർഹിക്കുന്ന ഗൗരവത്തോടെ കാണുകയും ശരിയായ ചികിത്സ എടുക്കേണ്ടതും അത്യാവശ്യമാണ്. ഒാർത്തിരിക്കുക, ഇതിനു ശേഷം അടുത്ത മൂന്ന് മാസത്തിനുള്ളിൽ വലിയ സ്ട്രോക്ക് വരാൻ 10- 20 ശതമാനം സാദ്ധ്യതയുണ്ട്.
അപകട ഘടകങ്ങൾ
അനാരോഗ്യകരമായ ജീവിത ശൈലിയാണ് ഭൂരിഭാഗം മസ്‌തിഷ്‌കാഘാതത്തിനും കാരണം. ശരിയായ ജീവിതശൈലി വഴി 80 ശതമാനം സ്ട്രോക്കിനെയും ഒഴിവാക്കാം. ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ നില, പ്രമേഹം, മദ്യപാനം, അമിതവണ്ണം എന്നിവ പക്ഷാഘാതത്തിന്റെ പ്രധാന അപകടസാദ്ധ്യത ഘടകങ്ങളാണ്.
ലക്ഷണങ്ങൾ തിരിച്ചറിയാം
സാധാരണ വളരെപ്പെട്ടെന്നാണ് പക്ഷാഘാതമുണ്ടാകുന്നത്. ആരംഭത്തിൽ ചികിത്സ നൽകിയില്ലെങ്കിൽ സങ്കീർണതകൾ പ്രതിരോധിക്കാൻ സാധിച്ചുവെന്നു വരില്ല. പ്രധാന ലക്ഷണങ്ങളായ മുഖം കോടിപ്പോവുക, ശരീരത്തിന്റെ ഒരു വശത്ത് പെട്ടെന്നുണ്ടാകുന്ന ബലക്കുറവ്, കാര്യങ്ങൾ പറയുന്നതിനോ കേൾക്കുന്ന കാര്യങ്ങൾ മനസിലാക്കുന്നതിനോ ഉള്ള ബുദ്ധിമുട്ട്, കാഴ്ച മങ്ങുക, പെട്ടെന്നുണ്ടാകുന്ന ശക്തമായ തലവേദന ഇവ കണ്ടാൽ ഉടൻതന്നെ സ്ട്രോക്ക് സ്പെഷ്യാലിറ്റി ആശുപത്രിയിൽ നിന്ന് അടിയന്തര വൈദ്യസഹായം തേടണം.
ചികിത്സാ സംവിധാനങ്ങൾ
സ്ട്രോക്കിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി ആദ്യ നാലര മണിക്കൂറുകളിലാണ് ഏറ്റവും ഫലപ്രദമായ ചികിത്സ നൽകാൻ കഴിയുന്നത്. സി.ടി സ്കാൻ, എം.ആർ.ഐ സ്കാൻ എന്നീ പരിശോധനകളിൽ നിന്ന് പക്ഷാഘാതം സ്ഥിരീകരിക്കാം.
കൃത്യമായ രോഗ നിർണയത്തിന് ശേഷം കട്ടപിടിച്ച രക്തം മാറ്റാനുള്ള മരുന്ന് (ത്രോംബോലൈറ്റിക്ക് തെറാപ്പി ) നൽകാവുന്നതാണ്. പക്ഷാഘാതം സംഭവിച്ച മുപ്പത് ശതമാനം പേരിലും പ്രധാന രക്തക്കുഴലുകളിൽ രക്തം കട്ടപിടിച്ച് വളരെ വലിയ സ്ട്രോക്ക് ഉണ്ടാകാം. രക്തം അലിയിക്കാനുള്ള ത്രോംബോലൈറ്റിക്ക് തെറാപ്പി ഇവരിൽ വിജയകരമായെന്ന് വരില്ല. ഇൗ സാഹചര്യത്തിൽ ഒരു വലിയ സ്ട്രോക്കിനെ തടയാനായി അടഞ്ഞുപോയ രക്തക്കുഴലിൽ മെക്കാനിക്കൽ ത്രോംബെറ്റ്ക്റ്റമി എന്ന സങ്കീർണവും ചെലവേറിയതുമായ ചികിത്സയാണ് വേണ്ടിവരുന്നത്. രക്തക്കുഴലിൽ സ്ട്രോക്കുണ്ടെന്ന് അനുയോജ്യമായ പരിശോധനകൾ വഴി നേരത്തെ മനസിലാക്കാൻ കഴിഞ്ഞാൽ കരോട്ടിഡ് എൻഡാർട്ടേ റെക്ടമി എന്ന സർജറിയിലൂടെയോ സ്റ്റെന്റ് ആൻജിയോ പ്ളാസ്റ്റിയിലൂടെയോ ആ ബ്ളോക്ക് നീക്കം ചെയ്യാവുന്നതാണ്.
പക്ഷാഘാതത്തിന്റെ
പ്രധാന കാരണങ്ങൾ
ഹൃദയ വാൽവുകൾക്കുള്ള തകരാറ്, കൃത്രിമ വാൽവുകൾ, ഹൃദയം ക്രമം തെറ്റി പ്രവർത്തിക്കുന്ന അവസ്ഥ (atrial fibrillation), ഹൃദയപേശികളുടെ ബലക്കുറവ് എന്നിവയാണ് ഹൃദയത്തിനുളളിൽ രക്തക്കട്ട ഉണ്ടാകാൻ കാരണമാകുന്ന ഘടകങ്ങൾ.
പുനരധിവാസം
പുനരധിവാസം പക്ഷാഘാത ചികിത്സയുടെ ഒരു പ്രധാന ഭാഗമാണ്. പക്ഷാഘാത ചികിത്സയുടെയും പുനരധിവാസത്തിന്റെയും വിജയം ഒാരോ രോഗികളിലും വ്യത്യസ്തമായിരിക്കും. പക്ഷാഘാതത്തിന് ശേഷം സ്വാഭാവിക ജീവിതം നയിക്കാനായി സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി, ഒക്കുപേഷണൽ തെറാപ്പി എന്നിവ നടത്തേണ്ടതായി വരും. ദിവസവും വ്യായാമം ചെയ്യുക, ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക എന്നീ മുൻ കരുതലുകൾ എടുക്കേണ്ടതാണ്.
( ലേഖിക ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ന്യൂറോളജി വിഭാഗം മേധാവിയും സ്ട്രോക്ക് കെയർ പ്രോഗ്രാമിന്റെ ഇൻ ചാർജ്ജും ഇന്ത്യൻ സ്ട്രോക്ക് അസോസിയേഷൻ മുൻ പ്രസിഡന്റുമാണ് )