ചിറയിൻകീഴ്: ചിറയിൻകീഴ് കടകത്ത് റോഡിൽ പാർക്ക് ചെയ്തിരുന്ന ലാൻസർ കാറിന്റെ ഡിക്കി കുത്തിത്തുറന്ന് വർക്ക്ഷോപ്പിലെ ടൂൾസും വണ്ടിയുടെ ജാക്കിയുമടക്കമുള്ളവ കവർന്നു. കടകം കാർത്തിക ആശുപത്രിക്ക് സമീപം മാർവിൻ ആട്ടോ അക്സസറീസ് എന്ന സ്ഥാപനം നടത്തുന്ന കടകം മറിയം വില്ലയിൽ ബാബു മൈക്കിളിന്റെ കാർ കുത്തിത്തുറന്നാണ് ഏകദേശം അമ്പതിനായിരം രൂപ വിലവരുന്ന ടൂൾസ് സാധനങ്ങൾ കവർന്നത്. ഇക്കഴിഞ്ഞ ദിവസം വെളുപ്പിനാണ് സംഭവം. മഴക്കാലത്ത് വീടിന്റെ പരിസരത്ത് വെള്ളം കയറിയതിനാൽ വാഹനം വീട്ടിൽ കൊണ്ടുപോകുവാൻ സാധിക്കാത്തതിനെത്തുടർന്നാണ് വാഹനം കടയ്ക്ക് സമീപം റോഡിൽ പാർക്ക് ചെയ്തത്. ചിറയിൻകീഴ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.