കാട്ടാക്കട: നെയ്യാറിലെ മണൽ ഖനനത്തിനെതിരെ ഒറ്റയാൾ പോരാട്ടത്തിനിറങ്ങിയ ഡാളിക്കടവിന്റെ സ്വന്തം ഡാളി അമ്മൂമ്മ ഇനി അണ്ടൂർക്കോണം അഗതി മന്ദിരത്തിലെ അതിഥി. നെയ്യാറിന്റെ സംരക്ഷണത്തിനും തന്റെ ജീവനും സ്വത്തിനുമായി പ്രായം മറന്ന് പോരാടിയ ഓലത്താന്നി സ്വദേശി ഡാളി അമ്മൂമ്മയുടെ ഇപ്പോഴത്തെ ദയനീയസ്ഥിതി അറിഞ്ഞെത്തിയ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ വി.ആർ. സനൂജയാണ് ഇവരെ അഗതിമന്ദിരത്തിലേക്ക് മാറ്രിയത്.
കാട്ടാക്കട പുല്ലുവിളാകത്ത് ചന്ദ്രികയുടെ വീട്ടിലാണ് ഇവർ കഴിഞ്ഞ അഞ്ചുവർഷമായി കഴിഞ്ഞിരുന്നത്. കാൻസർ ബാധിതയായി ചികിത്സയിലുള്ള ചന്ദ്രിക മൂന്നുമാസമായി അവശതയിലാണ്. ഇതോടെ ഡാളി അമ്മൂമ്മയുടെ പരിചരണവും മുടങ്ങി.
കഴിഞ്ഞ ഒരാഴ്ചയായി ഭക്ഷണമില്ലാതെ വളരെ ബുദ്ധിമുട്ടിലായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് പാറശാല ഡിവിഷൻ മെമ്പറായ സനൂജ എത്തി അണ്ടൂർകോണത്തുള അഗതി മന്ദിരത്തിലേക്ക് മാറ്റിയത്. ഇവർക്കുള്ള വസ്ത്രങ്ങളും മരുന്നുകളും വാങ്ങി നൽകി. ഡാളി അമ്മൂമ്മയെ താമസിക്കാതെ സർക്കാർ അഗതി മന്ദിരത്തിലേക്ക് മാറ്റാനുള്ള നടപടികൾ നടത്തുമെന്ന് സനൂജ പറഞ്ഞു. മണലൂറ്രിനെ തുടർന്ന് നെയ്യാറിന്റെ തീരത്ത് ഓലത്താന്നിയിൽ ഇവർ താമസിച്ചിരുന്ന സ്ഥലം കയത്തിൽപ്പെട്ട് ഒരു ദ്വീപ് പോലെയായിരുന്നു.
വഴി ഇല്ലാതായതോടെ സ്വന്തമായി തടിപ്പാലം നിർമ്മിച്ചാണ് ഇവർ വീട്ടിലേക്ക് കയറിയിരുന്നത്.എന്നാൽ കഴിഞ്ഞ പ്രളയത്തിൽ അതും ഒലിച്ചുപോയി.
നെയ്യാറിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് വീട് അപകടാവസ്ഥയിലായിട്ടും അവിടെ നിന്നും മാറാൻ കൂട്ടാക്കാതിരുന്ന ഡാളി അമ്മൂമ്മയെ പൊലീസ് ബലം പ്രയോഗിച്ചാണ് ബന്ധുവീട്ടിലേക്ക് മാറ്റിയത്. പിന്നീടാണ് അവർ പരിചയക്കാരിയായ ചന്ദ്രികയ്ക്കൊപ്പം താമസം തുടങ്ങിയത്.