പാറശാല: സുഹൃത്തായ വനിതാ ഡോക്ടറെ റോഡിൽവച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയുവാവിനെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തു.
കോട്ടുകാൽ വട്ടവിള പറമ്പുവിളവീട്ടിൽ ശരത് രാജാണ് (27) അറസ്റ്റിലായത്. 20ന് ഉച്ചയ്ക്ക് 2.30ന് ഉദിയൻകുളങ്ങര കോളേജ് റോഡിലായിരുന്നു സംഭവം. മാർത്താണ്ഡം സ്വദേശിയായ യുവതിയും യുവാവും തമ്മിൽ അടുപ്പത്തിലായിരുന്നെങ്കിലും പിന്നീട് അകന്നു. സംഭവദിവസം ഇരുവരും റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിലിരുന്ന് സംസാരിച്ചു. ഇതിനിടെ പുറത്തിറങ്ങി നടന്നുനീങ്ങിയ യുവതിയെ ശരത് പിന്നാലെയെത്തി തള്ളിയിട്ട ശേഷം കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു.
നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവതിയെ രക്ഷിച്ചത്. ആക്രമാസക്തനായ യുവാവിനെ ഇവർ തടഞ്ഞുവച്ച് പൊലീസിലേൽപ്പിച്ചു. ശരത് അത്മഹത്യ ചെയ്യാനായി അമിതഅളവിൽ ഗുളിക കഴിച്ചിട്ടുണ്ടെന്ന് യുവതി പറഞ്ഞതനുസരിച്ച് പൊലീസ് ഇയാളെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. പരാതി എഴുതി നൽകാനായി പൊലീസ് യുവതിയെ സ്റ്റേഷനിൽ വിളിപ്പിച്ചെങ്കിലും ഇവർ ആദ്യം വിസമ്മതിച്ചു. പിന്നീട് യുവതിയുടെ വീട്ടുകാർ ഇടപെട്ടാണ് പരാതി നൽകിയത്. ആശുപത്രിയിലായിരുന്ന യുവാവിനെ ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.