illustration

അഴിമതി എന്ന മഹാവിപത്തിനെ നിർമ്മാർജ്ജനം ചെയ്ത് കേരളത്തെ എത്രയും വേഗം അഴിമതിരഹിത സംസ്ഥാനമാക്കി മാറ്റണം- മുഖ്യമന്ത്രി പിണറായി വിജയൻ വിജിലൻസിനോട് ആവശ്യപ്പെട്ടത് ഇതാണ്. അഴിമതി ചെറുതോ വലുതോ എന്ന് നോക്കാതെ അഴിമതിക്കാരെയെല്ലാം വിലങ്ങു വയ്ക്കണമെന്ന അതിശക്തമായ നിർദ്ദേശമാണ് മുഖ്യമന്ത്രി നൽകിയത്. അഴിമതി മ​റ്റു കു​റ്റകൃത്യങ്ങളെക്കാൾ സാമൂഹിക പ്രത്യാഘാതം സൃഷ്ടിക്കുന്ന ക്രിമിനൽ കു​റ്റമാണ്. ഈ തിരിച്ചറിവോടെയാണ് വിജിലൻസ് പ്രവർത്തിക്കേണ്ടത്. കേരളത്തിൽ വിജിലൻസിന് പൂർണസ്വാതന്ത്റ്യമുണ്ട്. അഴിമതി നിർമ്മാർജ്ജനം ചെയ്യാൻ സ്വതന്ത്റമായി പ്രവർത്തിക്കാൻ കഴിയും. അഴിമതിയ്‌ക്കെതിരായി പോരാടുന്ന ഉദ്യോഗസ്ഥർക്ക് പൂർണ പിന്തുണയും സംരക്ഷണവും നൽകുമെന്നും വിജിലൻസ് എന്ന തത്തയെ കൂട്ടിലടയ്ക്കില്ലെന്നും മുഖ്യമന്ത്രി ആവർത്തിക്കുമ്പോഴും ചെറിയ പരൽമീനുകളെ പിടിക്കുന്നതല്ലാതെ ഉന്നതരുടെ അഴിമതികൾ വിജിലൻസ് കണ്ടില്ലെന്ന് നടിക്കുകയാണെന്നത് അത്ര രഹസ്യമൊന്നുമല്ല. എന്തിനും ഏതിനും കൈക്കൂലി നൽകേണ്ട കോഴ വിഴുങ്ങിയ നാടായി കേരളം മാറിയിരിക്കുകയാണ്.

മന്ത്രിമാരുടെ അഴിമതികൾ കണ്ടെത്തുകയും ധൈര്യസമേതം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്ത വിജിലൻസ് ഉദ്യോഗസ്ഥർ നിരവധിയുണ്ടായിരുന്നു കേരളത്തിൽ. അക്കൂട്ടത്തിൽ പ്രമുഖനാണ് ഡി.ജി.പിയായിരുന്ന ഡോ.ജേക്കബ് തോമസ്. ബാർകോഴ, ബന്ധുനിയമനം തുടങ്ങിയ കേസുകളിൽ ധൈര്യസമേതം നീങ്ങിയ ജേക്കബ് തോമസിന് പൊലീസ് മേധാവി സ്ഥാനം നിഷേധിക്കപ്പെട്ടു. കാർഷിക ഉപകരണങ്ങളുണ്ടാക്കുന്ന ഷൊർണ്ണൂരിലെ മെ​റ്റൽ ഇൻഡസ്ട്രീസ് ലിമി​റ്റഡെന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ എം.ഡിയാക്കി അദ്ദേഹത്തെ ഒതുക്കി. അലോയ് സ്റ്റീലുപയോഗിച്ച് മൺവെട്ടി, പിക്കാസ്, മൺകോരി, കോടാലി തുടങ്ങിയ കൃഷി ഉപകരണങ്ങളും സ്റ്റീൽ മേശ, അലമാര, വേസ്റ്റ്ബിൻ, സ്റ്റീൽ കട്ടിലുകൾ എന്നിവയും നിർമ്മിക്കുന്ന സ്ഥാപനമാണ് മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റ‌ഡ്.

ജേക്കബ് തോമസിനെ കൂട്ടിലടച്ച ശേഷം കേസുകളെല്ലാം എഴുതിത്തള്ളുകയാണ് സർക്കാർ ചെയ്തത്. അങ്ങനെ ബാർ കോഴയും ബന്ധുനിയമനവുമെല്ലാം ആവിയായി. നിയമന അധികാരിയുടെ മുൻകൂർ അനുമതിയില്ലാതെ കേസും അന്വേഷണവും പാടില്ലെന്ന ചട്ടഭേദഗതി വന്നതോടെ, കൊടുംഅഴിമതിയുടെ വിവരം കിട്ടിയാലും വിജിലൻസിന് ഉന്നതന്മാർക്കെതിരെ കേസെടുക്കാനാവില്ല. പാർലമെന്റ് പാസാക്കിയ അഴിമതിനിരോധന നിയമത്തിലെ പുതിയ ഭേദഗതിയനുസരിച്ച് മുഖ്യമന്ത്രി, മന്ത്രിമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ കേസെടുക്കാൻ ഉന്നതാധികാരിയുടെ അനുമതി വേണം. മുഖ്യമന്ത്രിയുടെയോ ഗവർണറുടെയോ അനുമതിയില്ലാതെ വിജിലൻസിന് അനങ്ങാനാവില്ല. സർക്കാർ ഓഫീസുകളിലെ ചെറിയ കൈക്കൂലി ചാടിവീണ് പിടിക്കുന്നതല്ലാതെ വിജിലൻസിന് കാര്യമായ പണിയില്ലാതായി. വമ്പന്മാർക്കെതിരായ പരാതികൾ സർക്കാരിലേക്ക് അയയ്ക്കുന്ന പോസ്റ്റോഫീസായി വിജിലൻസ് ആസ്ഥാനം മാറിയിരിക്കുകയാണ്. ഇതെല്ലാം സെക്രട്ടേറിയറ്റിലെ ചവറ്റുകുട്ടയിൽ തള്ളപ്പെടും. രണ്ട് മുൻമന്ത്രിമാർക്കും ലീഗ് എം.എൽ.എയ്ക്കുമെതിരായ കേസിനേ സമീപകാലത്ത് അനുമതികിട്ടിയുള്ളൂ.
പാലാരിവട്ടം കേസിൽ വി.കെ.ഇബ്രാഹിംകുഞ്ഞ്, അനധികൃത സ്വത്ത് കേസിൽ വി.എസ്.ശിവകുമാർ, പ്ലസ്ടു കോഴക്കേസിൽ കെ.എം.ഷാജി എന്നിവർക്കെതിരെ നീങ്ങാനാണ് അനുമതി കിട്ടിയത്. തമിഴ്നാട്ടിലെ ഭൂമി വരുമാന സത്യവാങ്മൂലത്തിൽ കാട്ടാത്തതിന് വിരമിക്കുന്നതിന് തൊട്ടുമുൻപ് ഡി.ജി.പി ഡോ.ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ അനുവദിച്ചു. സർക്കാരിന്റെ നിലപാടു നോക്കിയാണ് ഗവർണറും തീരുമാനമെടുക്കുക. പരാതികളിൽ ഗവർണർ 90 ദിവസത്തിനകം തീരുമാനമെടുക്കേണ്ടതുണ്ട്. നിഷേധിച്ചാൽ പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കാം. അതിനാൽ പരാതികളും അപേക്ഷകളും പൂഴ്‌ത്തുകയാണ് പതിവ്. ചില ഉദാഹരണങ്ങൾ ഇതാ - പമ്പാ ത്രിവേണിയിലെ 1.28ലക്ഷം ഘനയടി മണലും ചെളിയും നീക്കി കരാറുകാർക്ക് കൊള്ളലാഭമുണ്ടാക്കാനുള്ള നടപടികളിൽ മുൻ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ അന്വേഷണത്തിന് അനുമതി നൽകിയില്ല. കണ്ണൂരിലും സമാനനടപടിയുണ്ടായിരുന്നു. ഡാമുകളിലെ ആയിരം കോടിയുടെ മണൽവാരി വിപണിയിൽ വിറ്റഴിക്കാനുള്ള കരാർ ടെൻ‌ഡറില്ലാതെ റഷ്യൻ മലയാളിയുടെ കമ്പനിക്ക് നൽകാൻ ശ്രമിച്ചതും കണ്ണടച്ചു. മുഖ്യമന്ത്രിയുടെ നെതർലൻഡ്സ് സന്ദർശനത്തിൽ സഹായിച്ച കമ്പനിയെ റീ -ബിൽഡ് കേരളയുടെ പ്രളയപ്രതിരോധ പദ്ധതിയുടെ കൺസൾട്ടൻസി ടെൻഡറിൽ ഉൾപ്പെടുത്താൻ ചീഫ്സെക്രട്ടറിയായിരുന്ന വിശ്വാസ് മേത്ത ഫയലിലെഴുതിയതിലും അന്വേഷണമില്ല. ഈ കമ്പനിയെ ഉൾപ്പെടുത്തിയില്ലെങ്കിൽ നെതർലൻഡ്സുമായുള്ള നയതന്ത്റബന്ധത്തെ ബാധിക്കുമെന്നാണ് മേത്ത ഫയലിൽ എഴുതിയത്.

സർക്കാരിന്റെ അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടു കാരണം സംസ്ഥാനത്തെ അഴിമതി വൻതോതിൽ കുറഞ്ഞിട്ടുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. 2016 ൽ 342 കേസുകൾ ഉണ്ടായിരുന്നത് 2020 ൽ 82 കേസുകളായി കുറഞ്ഞു. അഴിമതി കുറഞ്ഞ സംസ്ഥാനമെന്ന വിശേഷണത്തിൽ നിന്ന് അഴിമതിരഹിത സംസ്ഥാനമായി കേരളം മാറണമെന്നാണ് മുഖ്യമന്ത്രി ആഗ്രഹിക്കുന്നത്. എന്നാൽ സർക്കാരിന്റെ റേഡിയോയുടെ നടത്തിപ്പുകാരനായ ഉദ്യോഗസ്ഥൻ, സർക്കാരിന്റ ഓഡിയോ- വീഡിയോ പരിപാടികൾ നിർമ്മിച്ചു നൽകിയ മാദ്ധ്യമ കമ്പനിയോട് 21ലക്ഷത്തിന്റെ ബിൽ മാറിനൽകാൻ 15 ശതമാനം തുകയായ 3.75 ലക്ഷം ആവശ്യപ്പെടുകയും കാൽലക്ഷത്തിന്റെ ആദ്യഗഡു വാങ്ങുന്നതിനിടെ, കൈയോടെ പിടിയിലാവുകയും ചെയ്തത് ആശങ്കയോടെയാണ് കാണേണ്ടത്. സെക്രട്ടേറിയറ്റിൽ ഉന്നത പദവിയും അധികാരവുമുള്ള ഉദ്യോഗസ്ഥനാണിത്. ഇങ്ങനെ എല്ലാ വകുപ്പുകളിലും പലവിധ അഴിമതികൾ നടമാടുന്നത് അത്ര രഹസ്യമുള്ള കാര്യമൊന്നുമല്ല. രാഷ്ടീയ സാമൂഹിക ഭരണതലങ്ങളെ അഴിമതി എങ്ങനെ ബാധിച്ചിരിക്കുന്നെന്ന് ജനങ്ങൾക്ക് തിരിച്ചറിവുണ്ടാക്കണമെന്ന് മുഖ്യമന്ത്രി പറയുന്നു. ചിറക് മുറിച്ച് കൂട്ടിലടച്ച തത്തയായി വിജിലൻസിനെ മാറ്റാതെ, ഉദ്യോഗസ്ഥർക്ക് പൂർണ പ്രവർത്തന സ്വാതന്ത്ര്യം നൽകിയാൽ മുഖ്യമന്ത്രിയുടെ അഴിമതിരഹിത കേരളമെന്ന സ്വപ്നം യാഥാർത്ഥ്യമാവും.

എന്തിനും ഏതിനും കൈക്കൂലി

# ഇടുക്കി നെടുങ്കണ്ടത്ത് 25 ലക്ഷം രൂപ സർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന കുളത്തിന്റെ നിർമ്മാണ കാലാവധി നീട്ടിനൽകാൻ കരാറുകാരനിൽ നിന്ന് കാൽലക്ഷം വാങ്ങുന്നതിനിടെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറും ബ്ലോക്ക് എക്സ്​റ്റൻഷൻ ഓഫീസറുമാണ് പിടിയിലായത്.

# അമ്മയുടെ പേരിലുള്ള 20 സെന്റ് ഭൂമിയുടെ ഉടമസ്ഥാവകാശം മാ​റ്റുന്നതിന് 13,000രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കട്ടപ്പന മുനിസിപ്പാലി​റ്റിയിലെ റവന്യൂ ഇൻസ്‌പെക്ടർ അറസ്റ്റിലായത്.

# ക്ഷീരകർഷകർക്ക് സർക്കാരിന്റെ സബ്സിഡി തുക ലഭിക്കുന്നതിനുള്ള സർട്ടിഫിക്ക​റ്റ് നൽകുന്നതിനു 10000 രൂപ കൈക്കൂലി വാങ്ങവേയാണ് കോട്ടയത്തെ മുളക്കുളം ഗവ. മൃഗാശുപത്രിയിലെ വെ​റ്റിനറി ഡോക്ടറെ വിജിലൻസ് അറസ്​റ്റ് ചെയ്തത്.

# കള്ളനോട്ട് കേസിലെ പ്രതിയിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് ഇടുക്കി ഉപ്പുതറ സ്റ്റേഷനിലെ മുൻ സി.ഐ എസ്.എം.റിയാസ്, മുൻ എസ്.ഐ ചാർലി തോമസ്, സിവിൽ പൊലീസ് ഓഫീസറായ ടോണീസ് തോമസ് എന്നിവർ സസ്പെൻഷനിലാണ്.


# സാമൂഹ്യവനവത്കരണത്തിന്റെ ഭാഗമായി മണ്ണൊരുക്കുക, തൈകൾ നടുക, അവ പരിപാലിക്കുക എന്നിവയുടെ കരാറുകാരനിൽ നിന്ന് ബിൽമാറാൻ കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് സെക്ഷൻ ഓഫീസർ തിരുവനന്തപുരത്ത് അറസ്റ്റിലായി.

# വധശ്രമക്കേസ് ഒതുക്കിത്തീർക്കാൻ അരലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെയാണ് കോട്ടയത്തെ മുണ്ടക്കയം ഇൻസ്‌പെക്ടറും സഹായിയും അറസ്റ്റിലായത്. 2014 ൽ കഴക്കൂട്ടം സർക്കിൾ ഇൻസ്പെക്ടറായിരിക്കെ, രണ്ടുലക്ഷം കൈക്കൂലി വാങ്ങിയതിന് ഇതേ ഇൻസ്പെക്ടർ പിടിയിലായിരുന്നു. എന്നിട്ടും പാഠം പഠിച്ചില്ല.

# ബിരുദ കോഴ്സിന് സർക്കാർ സീറ്റിൽ പ്രവേശനത്തിന് 1.35 ലക്ഷം കൈക്കൂലി വാങ്ങിയതിനാണ് മട്ടാഞ്ചേരി കൊച്ചിൻ കോളേജിലെ എൽഡി ക്ലാർക്ക് അറസ്റ്റിലായത്.

# ഭാര്യയുടെ സിസേറിയൻ നടത്താൻ ഭർത്താവിൽ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങിയതിനാണ് കൊല്ലം കടയ്ക്കലിലെ ഗൈനക്കോളജി വിഭാഗം ജൂനിയർ ഡോക്ടറെ വിജിലൻസ് പിടികൂടിയത്. മൂന്നുവർഷം തടവും 50,000 രൂപ പിഴയുമായിരുന്നു ശിക്ഷ.

# ഇൻഷ്വറൻസ് തുകകിട്ടേണ്ട പശുവിന്റെ പോസ്റ്റുമോർട്ടത്തിന് 2000രൂപ കൈക്കൂലി വാങ്ങിയതിനാണ് വെറ്ററിനറി മലപ്പുറം കൂട്ടിലങ്ങാടി മൃഗാശുപത്രിയിലെ ഡോക്ടർ അറസ്റ്റിലായത്.