building

ആലക്കോട്: തകർന്ന് വീഴുന്ന കെട്ടിടത്തിൽ കച്ചവടം നടത്തുന്നത് കണ്ടില്ലെന്ന് നടിച്ച് അധികൃതർ. കരുവൻചാൽ പാലത്തിന് സമീപത്തുള്ള ബഹുനില കോൺക്രീറ്റ് കെട്ടിടത്തിലാണ് ദുരന്തഭീഷണി വകവയ്ക്കാതെ കച്ചവടം നടത്തുന്നത്. 20 വർഷം മുമ്പ് പുഴയുടെ പുറമ്പോക്ക് കയ്യേറി നിർമ്മിച്ച കെട്ടിടത്തിന്റെ ഒരു ഭാഗം വർഷങ്ങൾക്ക് മുമ്പുതന്നെ തകർന്ന് വീണിരുന്നു. ഇതേ തുടർന്ന് കുറച്ചുകാലം അടഞ്ഞുകിടന്ന കെട്ടിടത്തിന്റെ ഒരുഭാഗത്ത് ഉണക്കമത്സ്യം വിൽക്കുന്ന കട ആരംഭിക്കുകയായിരുന്നു. അടുത്തകാലത്തായി ഈ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ചിക്കൻ സ്റ്റാളും ആരംഭിച്ചു. കഴിഞ്ഞ ദിവസം കെട്ടിടത്തിന്റെ കോൺക്രീറ്റ് മേൽക്കൂര ഉൾപ്പെടെയുള്ള ഒരുഭാഗം പൂർണ്ണമായി തകർന്ന് പുഴയിൽ പതിക്കുകയായിരുന്നു. നടുവിൽ ഗ്രാമപഞ്ചായത്തിൽപ്പെട്ട സ്ഥലത്താണ് ഈ കെട്ടിടമുള്ളതെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ജനപ്രതിനിധികളോ പൊലീസോ പ്രശ്‌നത്തിൽ ഇടപെടാതെ നിൽക്കുകയാണ്. ദുരന്തത്തിന് കാത്തുനിൽക്കാതെ അനധികൃതമായി നിർമ്മിച്ച ഈ കെട്ടിടം എത്രയും പെട്ടെന്ന് പൊളിച്ചുമാറ്റാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.