തിരുവനന്തപുരം: എല്ലാകാര്യങ്ങളിലും വിദ്വേഷം കൊണ്ടുനടക്കുന്ന ഇക്കാലത്ത് മനുഷ്യർ തമ്മിൽ ഭേദമില്ലെന്ന് കാണിച്ച അഭേദാശ്രമം 75ന്റെ നിറവിൽ. ആശ്രമ സ്ഥാപകൻ അഭേദാനന്ദ സ്വാമിയുടെ സമാധിദിനമായ ഒക്ടോബർ 29ന് ഒരു വർഷം നീണ്ടു നിൽക്കുന്ന പ്ളാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമാകും.
ഗുരുദേവ കുടീരത്തിന്റെയും സത്‌സംഗം ഹാളിന്റെയും പുനഃസമർപ്പണവും നടക്കും. കിഴക്കേകോട്ട പത്മതീർത്ഥത്തിന് എതിർവശമുള്ള അഭേദാശ്രമ മഹാമന്ത്രാലയത്തിൽ വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങ് വാഴൂർ തീർത്ഥപാദാശ്രമം അദ്ധ്യക്ഷൻ സ്വാമി പ്രജ്ഞാനന്ദ തീർത്ഥപാദർ ഉദ്ഘാടനം ചെയ്യും. അഭേദാശ്രമസ്വാമി സ്മാരക പ്രഭാഷണവും അഭേദാശ്രമം ഭജനമണ്ഡലിയുടെ ഭജനയുമുണ്ടാവും.
അഭേദാശ്രമ സ്ഥാപകനും നാമപ്രചാരകനുമായ സദ്ഗുരു അഭേദാനന്ദ സ്വാമിയുടെ സ്മരണ തങ്ങിനിൽക്കുന്ന ഇടമാണ് കോട്ടയ്ക്കകം അഭേദാശ്രമം. 1946-ൽ നെയ്യാറ്റിൻകരയ്ക്കടുത്ത് ആറയൂരിലാണ് ചട്ടമ്പിസ്വാമി സ്മാരക അഭേദാശ്രമം സ്ഥാപിച്ചത്. 1955 ഫെബ്രുവരി 24ന് കോട്ടയ്ക്കകത്ത് പത്മതീർത്ഥക്കരയിലെ അഭേദാശ്രമവും സ്ഥാപിതമായി. ഇതിനൊപ്പം അഭേദാനന്ദസ്വാമി ആരംഭിച്ച അഖണ്ഡനാമജപം 66 വർഷം പിന്നിടുകയാണ്. ഒരു നിലവിളക്കിന് ചുറ്റും തംബുരുവേന്തിയ ഒരാൾ 24 മണിക്കൂറും ഇടവിടാതെ ഹരേരാമ മന്ത്രം ഉരുവിടുന്ന രീതിയാണ് അഖണ്ഡനാമജപം. അഭേദാനന്ദസ്വാമിയുടെ സമാധിദിനാഘോഷങ്ങളുടെ ഭാഗമായി 30ന് രാവിലെ ആറയൂർ മരിയാപുരം അഭേദാശ്രമ മഹാമന്ത്രാലയത്തിൽ ആനയടി ധനലക്ഷ്മിയുടെ സംഗീതക്കച്ചേരി, ഉച്ചയ്ക്ക് കനകാഭിഷേകം, വൈകിട്ട് 6ന് പുഷ്പാഭിഷേകം തുടങ്ങിയവ നടക്കും.
അഭേദാനന്ദസ്വാമി
1908 ഏപ്രിലിൽ 8ന് പാറശാല കൊടിവിളാകത്തു വീട്ടിലാണ് അഭേദാനന്ദസ്വാമിയുടെ ജനനം. വേലായുധൻപിള്ള എന്നായിരുന്നു പൂർവാശ്രമത്തിലെ പേര്. ഭാരതത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലെല്ലാം സഞ്ചരിച്ചിട്ടുള്ള അദ്ദേഹം ചട്ടമ്പിസ്വാമികളിൽ നിന്ന് അനുഗ്രഹം നേടിയിട്ടുണ്ട്.
ഉത്തരേന്ത്യൻ പര്യടനത്തിനിടയിൽ കണ്ട സ്വരൂപാനന്ദസ്വാമിയിൽ നിന്നാണ് സന്യാസം സ്വീകരിച്ചത്. ചട്ടമ്പിസ്വാമി വേദാധികാര നിരൂപണത്തിലൂടെയും ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠയിലൂടെയും സാധിച്ച ജാതിനിർമാർജനയജ്ഞം അഭേദാനന്ദ സ്വാമി ലക്ഷാർച്ചന, കോടി അർച്ചന എന്നിവയിലൂടെ നടത്തി. നിരവധി ശിഷ്യന്മാരുള്ള അദ്ദേഹം 1983 ഒക്ടോബർ 29നാണ് സമാധിയായത്.