കാഞ്ഞങ്ങാട്: പനത്തടി പാണത്തൂർ നെല്ലിക്കുന്നിലെ ഭാഗ്യലക്ഷ്മി കുടുംബശ്രീയിലെ പുലരി ജെ.എൽ.ജി (ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്) ആരംഭിച്ച കറിപ്പൊടികളും അപ്പപ്പൊടികളും നാടൻ രുചി വൈവിദ്ധ്യം കൊണ്ട് അടുക്കളകൾ കീഴടക്കുകയാണ്. മായം കലരാത്ത വിശ്വാസ്യതയുടെ പേരായി മാറിയിരിക്കുന്നു 'മാ ഫുഡ്‌സ്'. വായ്പയെടുത്തും കൈയിലുണ്ടായിരുന്നതെല്ലാം പണയപ്പെടുത്തിയും ആരംഭിച്ച ഈ സംരംഭം 5 കുടുംബങ്ങളുടെ ജീവനോപാധി കൂടിയാണ്.
2017ലെ സ്വാതന്ത്ര്യദിനത്തിലാണ് പ്രവർത്തനം തുടങ്ങിയത്. പഞ്ചായത്തിൽ ആരംഭിച്ച ദാരിദ്ര്യ ലഘൂകരണ പദ്ധതിയുടെ ഭാഗമായാണ് ഇതിനു രൂപം നൽകിയത്. ചന്ദ്രമണി, വി.വി. പത്മജ, ശാലിനി രവീന്ദ്രൻ, പ്രേമ തമ്പാൻ, എൽ.സി. തോമസ് എന്നിവരാണ് കൂട്ടായ്മയിലുള്ളത്. കുടുംബശ്രീയുടെ സഹകരണത്തോടെ 15 ലക്ഷം രൂപ വായ്പയെടുത്ത് യന്ത്രങ്ങൾ വാങ്ങി. സാധനങ്ങൾ കഴുകാനുള്ള യന്ത്രങ്ങൾ മുതൽ പാക്കറ്റ് അടിക്കാനുള്ളവ വരെ ഇവരുടെ പക്കലുണ്ട്.
മാ എന്ന ബ്രാൻഡ് പേരും സ്വീകരിച്ചു. പുട്ട്, ഇടിയപ്പം, പത്തിരി, മുളക്, മല്ലി, മഞ്ഞൾ, സാമ്പാർ പൊടികൾ ബഹുവർണ പായ്ക്കറ്റിലാണ് ഇവർ വിപണിയിലെത്തിക്കുന്നത്. ബംഗളൂരു ആസ്ഥാനമായ മിലി മാർക്കറ്റിംഗ് എന്ന സ്ഥാപനമാണ് വിതരണം ഏറ്റെടുത്തത്. നേരിട്ടുള്ള വിൽപനയ്ക്ക് പുറമെ കുടുംബശ്രീ ഓൺലൈൻ വ്യാപാര സൈറ്റിലൂടെയും 'മാ' ഉത്പന്നങ്ങൾ ലഭ്യമാണ്.
വിപണിയിൽ നിന്നു വാങ്ങുന്ന അരിയും മുളകും മല്ലിയും കഴുകി വറുത്തെടുത്തു പൊടിച്ചാണ് പാക്കറ്റിലാക്കുന്നത്. മഞ്ഞൾ നാടനാണ്. സ്വന്തമായി കൃഷി ചെയ്യുന്നതിനു പുറമേ വിവിധ കുടുംബശ്രീകളിൽ നിന്നു വാങ്ങുന്ന മഞ്ഞളാണ് പൊടിച്ച് വിപണിയിലെത്തിക്കുന്നത്. അന്നു പഞ്ചായത്തിൽ വി.ഇ.ഒ ആയിരുന്ന സി.എച്ച്. ഇഖ്ബാൽ ആണ് ഈ പദ്ധതി ആസൂത്രണം ചെയ്തത്. ഇപ്പോൾ കുടുംബശ്രീ മിഷൻ ജില്ലാ അസി. കോഓർഡിനേറ്ററായ ഇദ്ദേഹത്തിന്റെ സഹായം ഇവർ എടുത്തുപറയുന്നു.
ഒരു മാസം ശരാശരി 10,000-15,000 രൂപ വരെയാണ് ഓരോരുത്തർക്കും ലഭിക്കുന്ന വരുമാനം. ഒരു മാസം 48000 രൂപ വായ്പ തിരിച്ചടവിന് തന്നെ വേണം. കെട്ടിട വാടക, വൈദ്യുതി ബിൽ, കയറ്റിറക്ക് കൂലി തുടങ്ങിയവയെല്ലാം ചേർത്ത് 12,000 രൂപയോളം വേറെ. ഇതൊക്കെ കഴിച്ചുള്ള തുകയാണ് ഓരോരുത്തർക്കും ശമ്പളമായി ലഭിക്കുന്നത്.