പാലോട്: മാലിന്യവാഹിയായ വാമനപുരം നദിയുടെ പുനരുദ്ധാരണത്തിനായി 775 കോടി രൂപയുടെ പദ്ധതി. മുഖ്യമന്ത്രി പിണറായി വിജയൻ പുനരുജ്ജീവന പദ്ധതി പ്രകാശനം ചെയ്തു. അഞ്ചുവർഷം കൊണ്ട് നാല് ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്.പൊന്മുടിയിലെ ചെമ്മുഞ്ചിമൊട്ടയിൽ ആരംഭിച്ച് അഞ്ചുതെങ്ങ് കായലിൽ അവസാനിക്കുന്ന വാമനപുരം നദിയിൽ ഇരുപത്തിരണ്ടിലധികം കുടിവെള്ള പദ്ധതികളുണ്ട്. വൈദ്യുതി ഉത്പാദനത്തിനായുള്ള മീൻമുട്ടി ഹൈഡൽ ടൂറിസം സ്ഥിതി ചെയ്യുന്നതും നദിയിലാണ്. നദിയുടെ മിക്ക ഭാഗങ്ങളിലും മാലിന്യം കുന്നുകൂടിയ അവസ്ഥയാണിപ്പോൾ. ഇത് ശുചീകരിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇതാണ് ഇപ്പോൾ നിറവേറുന്നത്.
നിയമസഭാ മന്ദിരത്തിൽ നടന്ന പദ്ധതിരേഖ പ്രകാശന ചടങ്ങിൽ എം.എൽ.എ മാരായ അഡ്വ.ഡി.കെ. മുരളി, ജി. സ്റ്റീഫൻ, വി. ശശി, ഒ.എസ്. അംബിക, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി .സുരേഷ്കുമാർ, ഭൂവിനിയോഗ കമ്മിഷണർ നിസാമുദ്ദീൻ പാലോട്, ജെ.എൻ.ടി.ബി.ജി.ആർ.ഐ ഡയറക്ടർ ഡോ. പ്രകാശ് കുമാർ, സി.ഇ.ഡി പ്രാഗ്രാം ഓഫീസർ ബൈജു തുടങ്ങിയവർ പങ്കെടുത്തു.
പദ്ധതി ഇങ്ങനെ....
വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ തടയണകൾ നിർമ്മിക്കും. നാല്പത്തിയഞ്ചിലധികം തോടുകൾ, ഇരുന്നൂറ്റി അമ്പതിലധികം കുളങ്ങൾ എന്നിവ നവീകരിക്കും. മാലിന്യം തള്ളുന്ന ഇടങ്ങളിൽ പഞ്ചായത്തുകളുടെ സഹകരണത്തോടെ കാമറകൾ സ്ഥാപിക്കും.
നിർവഹണ ഏജൻസികൾ
ജലസേചന വകുപ്പ്
മണ്ണ് സംരക്ഷണ വകുപ്പ്
തൊഴിലുറപ്പ് പദ്ധതി
വനംവകുപ്പ്
ഭൂജല വകുപ്പ്
ജെ.എൻ.ടി.ബി.ജി.ആർ.ഐ
നാറ്റ്പാക്