koottickal

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള ചികിത്സാസഹായം നൂറുമണിക്കൂറിനകം അപേക്ഷന്റെ ബാങ്ക് അക്കൗണ്ടിലെത്തിക്കാൻ നടപടി ഉണ്ടാകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം ആശ്വാസം പകരുന്നതാണ്. അപേക്ഷ ന്യൂനതകളില്ലാത്തതും അനുബന്ധരേഖകളെല്ലാം അടങ്ങിയതുമായിരിക്കണം എന്നൊരു ഉപാധികൂടിയുണ്ട് മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകൾ സമർപ്പിക്കാൻ പലർക്കും കഴിയാതെ വരാറുണ്ട്. സഹായം അനിശ്ചിതമായി വൈകാൻ ഇതുകാരണമാകുന്നു. സർക്കാർ ഓഫീസുകളിലെ നടപടിക്രമങ്ങളെക്കുറിച്ച് വേണ്ടത്ര അറിവില്ലാത്തവരാണ് സാധാരണക്കാർ. അത് പരിഹരിക്കാൻ ദുരിതാശ്വാസനിധിയിൽ നിന്നുള്ള സഹായം തേടാൻ പൊതുവായ അപേക്ഷാഫോറം ഏർപ്പെടുത്താം. ഹാജരാക്കേണ്ട രേഖകൾ ഏതൊക്കെയാണെന്ന് രേഖപ്പെടുത്തുകയും വേണം. എല്ലാവിവരങ്ങളും അപേക്ഷയോടൊപ്പമുണ്ടെങ്കിൽ തീരുമാനമെടുക്കാൻ എളുപ്പമാണ്. അപേക്ഷകനെ പലതവണ ഓഫീസിൽ കയറിയിറക്കാതെ തന്നെ സഹായം അനുവദിക്കാൻ കഴിയും.

പ്രകൃതി ദുരന്തമുണ്ടാകുമ്പോഴും ചികിത്സയുമായി ബന്ധപ്പെട്ട് സഹായം ആവശ്യമായി വരുമ്പോഴുമാണ് ജനങ്ങൾക്ക് അടിയന്തര സഹായം വേണ്ടിവരുന്നത്. അതിനായി മാസങ്ങൾ കാത്തിരിക്കേണ്ടിവരുന്നത് നേരിടേണ്ടിവന്ന ദുരന്തത്തെക്കാൾ വലിയ ദുരന്തമാണ്. അഞ്ച് വർഷം മുമ്പുവരെ ദുരിതാശ്വാസ നിധിയിൽനിന്ന് സഹായം ലഭിക്കാൻ 175 ദിവസങ്ങൾവരെ കാത്തിരിക്കേണ്ടി വന്നിരുന്നു എന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. മഹാപ്രളയം നേരിടേണ്ടിവന്ന 2018 ൽ അത് 22 ദിവസമായി കുറയ്‌ക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. പുതിയ സാഹചര്യത്തിൽ അപേക്ഷ ലഭിച്ച് അഞ്ചുദിവസത്തിനകം സഹായത്തുക അപേക്ഷകരിലെത്തുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സർക്കാർ ഓഫീസുകളിലെ ഒട്ടുമിക്ക സേവനങ്ങളും ഓൺലൈനിലാക്കിയതിന്റെ നേട്ടമായി ഇതിനെ കാണാം. അതേസമയം ഇൗ നൂതന സംവിധാനവും കൈകാര്യം ചെയ്യുന്നത് അതേ കസേരകളിൽ ഇരിക്കുന്നവർ തന്നെയാകയാൽ പഴയ ശീലങ്ങൾ പൂർണമായും വിട്ടൊഴിയണമെന്നുമില്ല. ഓൺലൈൻ സംവിധാനത്തിലും കാര്യസാദ്ധ്യത്തിന് ഏറെനാൾ കാത്തിരിക്കേണ്ടിവരുന്ന അനുഭവങ്ങൾ ഇപ്പോഴു മുണ്ട്. നടപടിക്രമങ്ങളിലെ ആവർത്തനവും പതിറ്റാണ്ടുകളായി പിന്തുടരുന്ന ശൈലിയുമാണിതിന് കാരണം. നടപടികൾക്ക് വേഗമേറുകയും പലതട്ടുകൾ ഒഴിവാക്കുകയും ചെയ്താൽ അപേക്ഷകളിൽ വേഗത്തിൽ തീരുമാനമെടുക്കാനാകും. സഹായത്തിനുള്ള അപേക്ഷകളിൽ ന്യൂനതകളുണ്ടെങ്കിൽ അത് അപേക്ഷകനെ അറിയിക്കണം. അല്ലാതെ ഫയലിലാക്കി കെട്ടിവയ്ക്കുകയല്ല വേണ്ടത്. ഇങ്ങനെ അപേക്ഷകൾ അട്ടിയട്ടിയായി ഇരുന്നുപോയതുകൊണ്ടാണ് 2018 ലെ പ്രളയദുരിതവുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷകളിൽ പലതിലും ഇതുവരെ തീരുമാനമാകാത്തത്. നടപടിക്രമങ്ങൾ ലഘൂകരിക്കാൻ ആവശ്യമായ നിയമഭേദഗതികൾ വരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. എത്രയും വേഗം അതിന് നടപടിയുണ്ടാകണം.

ഇപ്പോഴത്തെ പേമാരിയിലും വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും നാശനഷ്ടങ്ങളുണ്ടായവർക്കുള്ള ദുരിതാശ്വാസ സഹായത്തിന്റെ തോത് മന്ത്രിസഭായോഗം കഴിഞ്ഞദിവസം നിശ്ചയിച്ചിട്ടുണ്ട്. ജീവൻ നഷ്ടമായവരുടെ ആശ്രിതർക്ക് അഞ്ചുലക്ഷം രൂപയാണ് സഹായം. വീടും സ്ഥലവും നഷ്ടമായവർക്ക് പത്തുലക്ഷം രൂപവീതം നൽകും. ഭാഗികമായി വീട് നഷ്ടമായവർ, കൃഷി നശിച്ചവർ, വസ്തുവകകൾക്ക് നഷ്ടം നേരിട്ടവർ തുടങ്ങി സഹായമർഹിക്കുന്ന വിഭാഗങ്ങൾ വേറെയുമുണ്ട്. ദുരിതാശ്വാസനിധിയിൽ നിന്നുള്ള ചികിത്സാ സഹായം അഞ്ച് ദിവസത്തിനകം ലഭ്യമാക്കുന്നതുപോലെ പ്രകൃതി ദുരന്തങ്ങൾക്കിരയായവർക്കുള്ള നഷ്ടപരിഹാര വിതരണം സമയബന്ധിതമാക്കാൻ നടപടി സ്വീകരിക്കണം. സഹായം എത്തുന്നതും കാത്ത് അനിശ്ചിതമായി കാത്തിരിക്കാനുള്ള മാനസികാവസ്ഥ പലർക്കും ഉണ്ടാകണമെന്നില്ല. മാത്രമല്ല അങ്ങനെ ചെയ്യുന്നത് ഉചിതവുമല്ല. നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തി എത്രയുംവേഗം സഹായവിതരണം നടത്തണം. ചുമതലപ്പെട്ട ഉദ്യോഗസ്ഥരെ ആശ്രയിച്ചിരിക്കും ഇത്. വകുപ്പുമന്ത്രിമാർ മേൽനോട്ടം വഹിക്കുകയും ചിട്ടയോടെ കാര്യങ്ങൾ നടക്കുന്നെന്ന് ഉറപ്പുവരുത്തുകയും വേണം.