തിരുവനന്തപുരം: ചെറുകിട വ്യവസായ സംരംഭങ്ങളിൽ വനിതകൾക്ക് കൂടുതൽ പരിഗണന നൽകുമെന്നും വനിതകളെ സംരംഭകരാക്കുന്ന പദ്ധതികൾ ആരംഭിക്കുമെന്നും മന്ത്രി പി. രാജീവ് നിയമസഭയിൽ പറഞ്ഞു.
വ്യവസായ വകുപ്പിന്റെ എസ്‌റ്റേറ്റുകളിലെ പ്രശ്‌നങ്ങൾ പരിഹരിക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനഃസംഘടനയ്ക്കായുള്ള മാസ്‌റ്റർ പ്ളാനുകൾ പരിശോധിച്ച് ഉചിതനടപടിയെടുക്കും. വ്യവസായ വകുപ്പിന്റെ കേസുകൾ അതിവേഗം തീർപ്പാക്കാൻ ഹൈക്കോടതിയിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയോഗിക്കും.
സാദ്ധ്യതാപഠന ശേഷമേ പുതിയ വ്യവസായ പാർക്കുകൾ ആരംഭിക്കൂ. പ്രവാസിസംരംഭകർക്ക് മുൻഗണനയുള്ള പാർക്കുകളുമുണ്ടാകും. ഇന്ത്യയിലെ 15 മികച്ച വ്യവസായ പാർക്കുകളിൽ കിൻഫ്രയിലെ നാലെണ്ണമുണ്ട്. സർക്കാർ ഏറ്റെടുത്ത വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ്, 'കേരള പേപ്പർ പ്രൊഡക്ട്സ്" എന്നപേരിൽ പ്രവർത്തനമാരംഭിക്കും. നിലവിലെ ജീവനക്കാർക്ക് കൂടുതൽ പരിഗണനയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
പുതിയ 75 ഖാദി ഷോറൂമുകൾ
ഒരു താലൂക്കിൽ ഒന്ന് എന്നപ്രകാരം സ്വകാര്യ പങ്കാളിത്തതോടെ ആധുനികസൗകര്യങ്ങളുള്ള 75 പുതിയ ഖാദി ഷോറൂമുകൾ തുടങ്ങുമെന്ന് പി. രാജീവ് പറഞ്ഞു. സ്റ്റിച്ചിംഗ്, ഓൾട്ടറേഷൻ, ലോൺട്രി, പാർക്കിംഗ് സൗകര്യങ്ങളുണ്ടാകും. ഓൺലൈൻ മാർക്കറ്റിംഗും നടപ്പാക്കും.