p

തിരുവനന്തപുരം: സമുദ്ര സമ്പദ് വ്യവസ്ഥയുടെ വികസനത്തിനായി കൊണ്ടുവരുന്ന ബ്ലൂ ഇക്കോണമി കരടു നയത്തിൽ സംസ്ഥാനം നൽകിയ 103 ഭേദഗതികൾ കേന്ദ്രസർക്കാർ അംഗീകരിച്ചതായി മന്ത്രി സജിചെറിയാൻ നിയമസഭയിൽ പറഞ്ഞു. ഇതിന്റെ പരിധി എക്സ്‌ക്ലൂസീവ് സോണിൽ മാത്രമാക്കുക, വിഭവ സംരക്ഷണത്തിന് മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി കൺസൾട്ടേറ്റീവ് കമ്മിറ്റിയുണ്ടാക്കുക, കുറ്റകൃത്യങ്ങൾക്കുള്ള പിഴ കുറയ്ക്കുക, മത്സ്യസമ്പത്ത് സംരക്ഷിക്കുക തുടങ്ങിയവയെല്ലാം അംഗീകരിച്ചിട്ടുണ്ട്. ഡ്രാഫ്‌റ്റിംഗ് സമിതിയിൽ സംസ്ഥാനത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തി.

കടലിൽ മീൻപിടിക്കാനുള്ള മത്സ്യത്തൊഴിലാളികളുടെ അവകാശം ഉറപ്പാക്കണമെന്നും ആഴക്കടൽ മത്സ്യബന്ധനം, സമുദ്ര മത്സ്യകൃഷി പദ്ധതികൾക്ക് വൻ മൂലധനം വേണ്ടതിനാൽ മത്സ്യത്തൊഴിലാളികൾക്ക് അവ അപ്രാപ്യമാവുമെന്നും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ആസൂത്രിതമല്ലാത്ത ടൂറിസം പദ്ധതികൾ തീരദേശ ആവാസവ്യവസ്ഥയെ തകർക്കും. പരിസ്ഥിതി ആഘാതമുണ്ടായാൽ മതിയായ നഷ്ടപരിഹാരം ഈടാക്കാൻ നിയമത്തിൽ വ്യവസ്ഥ വേണം. അനിയന്ത്രിതമായ ധാതു- ലോഹ ഖനനമുണ്ടായാൽ മത്സ്യസമ്പത്ത് നശിക്കും. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പ്രത്യേക വിഭാഗമായി പരിഗണിക്കണം. മത്സ്യബന്ധന നിരോധനത്തിന് സംസ്ഥാനത്തിന് അധികാരം വേണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പി.പി.ചിത്തരഞ്ജന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.