കേരളത്തിൽ പെട്ടിക്കടപോലും നടത്തില്ലെന്ന് പറഞ്ഞ നിലമ്പൂരംഗം പി.വി.അൻവർ ഇവിടെ മറ്റ് ചിലത് നടത്താൻ പദ്ധതിയിട്ടിരുന്നെന്ന് മനസിലാക്കാൻ അല്പം സമയമെടുത്തു. കൊടുക്കുമ്പോൾ മർമ്മം നോക്കി കൊടുക്കണമെന്നാണ് കളരിപാഠം. കളരിപഠിച്ചിട്ടില്ലെങ്കിലും അൻവർ കൊടുത്തത് പ്രതിപക്ഷനേതാവിന് തന്നെയായതോടെ അഭ്യാസത്തിൽ അദ്ദേഹം മോശമല്ലെന്ന് വ്യക്തം. ഇന്നലെ സഭയിൽ ബഹളവും നിയമനിർമ്മാണ നടപടികളുടെ ബഹിഷ്ക്കരണവുമെല്ലാമുണ്ടായത് അൻവറിനെ ചൊല്ലിയായിരുന്നു. അൻവർ ആഫ്രിക്കയിലോ, അന്റാർട്ടിക്കയിലോ എവിടെയെങ്കിലും പോയി എന്തെങ്കിലും ചെയ്യട്ടെ എന്ന് പ്രതിപക്ഷനേതാവ് പോലും ഉറക്കെ പറഞ്ഞുപോയത് വെറുതെയല്ല.
ആഫ്രിക്കൻ സഫാരിക്ക് പോയ തന്നെ എല്ലാവരും കൂടി ബഹളമുണ്ടാക്കി തിരിച്ച് സഭയിൽ കൊണ്ടിരുത്തിയത് അൻവറിന് അത്ര ഇഷ്ടമായില്ലെന്ന് വേണം കരുതാൻ. ഏതായാലും വന്നതല്ലേ അത് നാലുപേരറയിട്ടെ എന്ന് കരുതി അദ്ദേഹം ഒരു കുസൃതി ഒപ്പിച്ചതാകാനും മതി. വമ്പൻമാർ അങ്ങനെയാണല്ലോ, അവർക്ക് മറ്റുള്ളവരുടെ വിഷമമൊന്നും അറിയേണ്ട. വെറുതെയിരിക്കുമ്പോൾ എന്തെങ്കിലും നേരമ്പോക്ക് ഒപ്പിച്ച് രസിക്കും. ഏതായാലും ഇതിത്തരി കടന്നുപോയെന്ന് അംഗങ്ങളുടെ കുസൃതികളെല്ലാം കണ്ടിരിക്കാൻ വിധിക്കപ്പെട്ട സ്പീക്കർക്ക് പോലും തോന്നി. പ്രതിപക്ഷനേതാവും ആദർശവാദിയുമായ വി.ഡി.സതീശൻ പറവൂരിലെ ആയിരം പേരെ മണിചെയിൻ തട്ടിപ്പ് നടത്തി പറ്റിച്ചെന്നായിരുന്നു അൻവറിന്റെ ആക്ഷേപം. എഴുതിക്കൊടുക്കാതെ അതുന്നയിച്ചത് ശരിയായില്ലെന്ന് കെ.ബാബുവിന് അപ്പോൾത്തന്നെ തോന്നിയതാണ്. അത് ക്രമപ്രശ്നമായി എഴുതിക്കൊടുക്കുകയും ചെയ്തു. ചരിത്രവും ചട്ടവും പരിശോധിച്ച സ്പീക്കർ ഇത്തരം സാഹചര്യങ്ങളിൽ ആരോപണവിധേയനായ ആൾക്ക് സ്വന്തം നിരപരാധിത്വം സഭയിൽ വിശദീകരിക്കാൻ അവസരമുണ്ടെന്ന് കണ്ടെത്തി. ബിൽ ചർച്ചാ വേളയിൽ ആരോപണം ഉന്നയിക്കരുതെന്നുണ്ടെങ്കിലും അത് മന്ത്രിമാർക്കെതിരെയാണെങ്കിൽ എഴുതികൊടുത്തിട്ടും അംഗങ്ങൾക്കെതിരെയാണെങ്കിൽ സ്പീക്കറുടെ ചെവിയിൽ രഹസ്യമായി പറഞ്ഞിട്ടായാലും ചെയ്യാമെന്ന് കണ്ട് വി.ഡി.സതീശന് വിശദീകരണത്തിന് സ്പീക്കർ അവസരം നൽകി. തിരുവനന്തപുരത്ത് നിയമം പഠിക്കുന്ന 1992ൽ കമ്പനി നടത്തി തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. നിയമം പഠിക്കുന്ന കാലത്തും അത് കഴിഞ്ഞ് രാഷ്ട്രീയത്തിലിറങ്ങിയ കാലത്തും കമ്പനിയും തട്ടിപ്പും നടത്തിയിട്ടില്ല. ജീവിതത്തിൽ ഒരു കമ്പനി ഡയറക്ടറായത് കൊടുങ്ങല്ലൂരിൽ ചരിത്രഖനനം നടത്തിയതുമായി ബന്ധപ്പെട്ട മുസിരിസ് ടൂറിസം പദ്ധതിക്കായി സർക്കാർ നിർബന്ധിച്ചപ്പോൾ മാത്രമാണ്. അതിൽ തട്ടിപ്പിന് സ്കോപ്പുണ്ടായിരുന്നതുമില്ല. സർക്കാരിന് വേണമെങ്കിൽ ആരോപണം അന്വേഷിക്കാം. വിജിലൻസിന് വിട്ടു, സതീശനെ ചോദ്യം ചെയ്തു, മൊഴിയെടുത്തു തുടങ്ങിയ വാർത്തകൾ വരുത്തി രസിക്കാം. വേണമെങ്കിൽ സ്കൂൾ പഠനകാലത്ത് നടത്തിയ അഴിമതിയും അന്വേഷിക്കാം എന്നെല്ലാം അദ്ദേഹം ക്ഷോഭത്തോടെ വിശദീകരിച്ചു. എന്നാൽ ആക്ഷേപം സഭാരേഖയിൽ നിന്ന് നീക്കണമെന്ന വി.ഡി.യുടെ ആവശ്യം സ്പീക്കർ അംഗീകരിച്ചില്ല. അത് ചട്ടങ്ങളിൽ കാണുന്നില്ലെന്നും ചട്ടത്തിലില്ലാത്തത് ആരുപറഞ്ഞാലും ചെയ്യില്ലെന്നും അദ്ദേഹം വാശിപിടിച്ചു. നിയമസഭയിൽ അംഗങ്ങൾ പരസ്പരം തോന്നിയത് പോലെ ആരോപണങ്ങളുന്നയിക്കുന്ന തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കാൻ ഇതിടയാക്കുമെന്ന് സതീശനും മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുന്നറിയിപ്പ് നല്കിയെങ്കിലും സ്പീക്കർ വഴങ്ങിയില്ല. ഇതോടെ പ്രതിപക്ഷാംഗങ്ങൾ ബഹളം തുടങ്ങി. ഒടുവിൽ പ്രതിപക്ഷനേതാവിന്റെ ആവശ്യം ആലോചിക്കാമെന്ന് സ്പീക്കർ വഴങ്ങിയപ്പോഴേക്കും സർവകലാശാല ബില്ലിലെ പ്രതിപക്ഷാംഗങ്ങളുടെ അറുന്നൂറോളം ഭേദഗതികൾ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് നിസ്സഹകരണം പ്രഖ്യാപിച്ച് അവർ ഇറങ്ങിപ്പോയി. സർവകലാശാലയുമായി ബന്ധപ്പെട്ട രണ്ടു ബില്ലുകളുടെ നടപടികളിൽ നിന്ന് അവർ വിട്ടുനിന്നു.
രാവിലെയും വൈകിട്ടുമൊക്കെ സമ്മേളിച്ച സഭ ഇന്നലെ ആറുബില്ലുകളാണ് പരിഗണിച്ചത്. രണ്ട് സർവകലാശാല ബില്ലുകളും ഫിഷറീസുമായി ബന്ധപ്പെട്ട നാല് ബില്ലുകളും.
സ്ത്രീപീഡനങ്ങൾ കേരളത്തിന് യോജിച്ചതല്ലെന്ന് ഇന്നലെ അടിയന്തരപ്രമേയമായി വിഷയം വന്നപ്പോൾ അംഗങ്ങളെല്ലാം ഒരുപോലെ സമ്മതിച്ചു. എന്നാൽ വിഷയം സഭയിൽ കൊണ്ടുവന്നത് തങ്ങളെ അപമാനിക്കാനാണെന്ന മട്ടായിരുന്നു ഭരണപക്ഷത്തിന്. റോജി എം.ജോൺ പ്രമേയവുമായി ബന്ധപ്പെട്ട് സംസാരിച്ചപ്പോഴൊക്കെ ഭരണപക്ഷത്തെ യു.പ്രതിഭയുൾപ്പെടെ വനിതാ അംഗങ്ങൾ പോലും പ്രതിഷേധിച്ചു. കേരളത്തിൽ നിറയെ സ്ത്രീവിരുദ്ധതയാണെന്നു വരെ പറഞ്ഞുവച്ചു പ്രതിപക്ഷനേതാവ് .
അദ്ദേഹം എന്താണ് പറയുന്നതെന്ന് മാത്രം ആർക്കും മനസിലായില്ല. മുഖ്യമന്ത്രി അത് തുറന്ന് ചോദിക്കുകയും ചെയ്തു. സ്ത്രീപീഡനമുണ്ടാകുന്നത് എങ്ങനെ മുൻകൂട്ടി തടയുമെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിനും പ്രതിപക്ഷത്തിന് ഉത്തരമുണ്ടായില്ല. തങ്ങളുടെ ഭരണകാലത്ത് സ്ത്രീപീഡനങ്ങളിൽ കുറവുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. ഇതൊന്നും അത്ര ബോദ്ധ്യമാകാത്ത മട്ടിൽ പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി. വിഷയം സ്ത്രീപീഡനമായിട്ടും പ്രതിപക്ഷത്തെ ഏക വനിതാനേതാവ് കെ.കെ.രമ വാക്കൗട്ട് പ്രസംഗം നടത്തിയപ്പോൾ സ്പീക്കർ എം.ബി.രാജേഷ് അസഹിഷ്ണുതകാട്ടി മൈക്ക് ഒാഫ് ചെയ്തത് കല്ലുകടിയായി.