തിരുവനന്തപുരം: സർക്കാരിന്റെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ ഭവന നിർമ്മാണ പദ്ധതികളിൽ ഗുണഭോക്താക്കളായവർ വീട് നിർമ്മിക്കുകയോ പൂർത്തിയാക്കുകയോ ചെയ്തില്ലെങ്കിൽ കൈപ്പറ്റിയ തുക 12 ശതമാനം പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു. ഇതിനു ശേഷമേ ഭൂമി വിൽക്കാനോ കൈമാറ്റം ചെയ്യാനോ അനുവദിക്കൂ. അഞ്ചും ആറും തവണ ഗുണഭോക്താക്കളായിട്ടും വീടില്ലാത്ത നിരവധി പേരുണ്ട്. സർക്കാർ ധനസഹായം അനർഹർ കൈക്കലാക്കാതിരിക്കാനാണ് ഇത്തരമൊരു വ്യവസ്ഥയെന്നും വി.ആർ. സുനിൽകുമാറിന്റെ സബ്മിഷന് തദ്ദേശ വകുപ്പ് മന്ത്രിക്കു വേണ്ടി കെ. രാധാകൃഷ്ണൻ മറുപടി നൽകി.
പക്ഷാഘാത ചികിത്സയ്ക്ക് സ്ട്രോക്ക് സെന്ററുകൾ: മന്ത്രി വീണ
തിരുവനന്തപുരം: പക്ഷാഘാതചികിത്സ സാധാരണക്കാരിൽ എത്തിക്കാനായി സർക്കാർ മെഡിക്കൽ കോളേജുകളിലും ജില്ലാ, ജനറൽ ആശുപത്രികളിലും സ്ട്രോക്ക് സെന്ററുകൾ സജ്ജമാണെന്ന് മന്ത്രി വീണാജോർജ് അറിയിച്ചു.
പ്രധാന മെഡിക്കൽ കോളേജുകളിൽ സ്ട്രോക്ക് ചികിത്സയ്ക്കാവശ്യമായ നൂതന സൗകര്യങ്ങളാണ് ഒരുക്കിവരുന്നത്. എല്ലാ ജില്ലകളിലെയും ഒരു പ്രധാന ആശുപത്രിയിൽ സ്ട്രോക്ക് യൂണിറ്റ് ആരംഭിച്ചിട്ടുണ്ട്. 10 ആശുപത്രികളിൽ ഇത് പ്രവർത്തന സജ്ജമാണ്.സമയബന്ധിതമായി പക്ഷാഘാതം ചികിത്സിക്കേണ്ട ആവശ്യകതയെക്കുറിച്ചും പക്ഷാഘാത ലക്ഷണങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചുമുള്ള പോസ്റ്റർ എല്ലാ പ്രധാന ആശുപത്രികളിലും പ്രദർശിപ്പിക്കും.
പൊതുമേഖലാസംരക്ഷണം
തൊഴിലാളികളുടെ മാത്രമല്ല
തിരുവനന്തപുരം: പൊതുമേഖലാസംരക്ഷണമെന്നത് തൊഴിലാളികളുടെ മാത്രം സംരക്ഷണമല്ലെന്നും, സ്ഥാപനങ്ങളെ കൂടുതൽ മത്സരക്ഷമവും ലാഭകരവുമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പി. രാജീവ് നിയമസഭയിൽ പറഞ്ഞു.
കെൽട്രോണിന്റെ പ്രതിസന്ധി മറികടക്കുന്നതിന് സെമി കൺഡക്ടർ നിർമ്മിക്കാൻ മട്ടന്നൂരിൽ 500 ഏക്കർ വിട്ടുനൽകാൻ തയ്യാറാണെന്ന് കേന്ദ്രത്തെ അറിയിച്ചു. വ്യവസായ മേഖലയിലെ പർച്ചേസ് നടപടികൾ സുതാര്യമാക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ മൂന്നംഗസമിതിയെ നിയോഗിച്ചിട്ടുണ്ട്. റിപ്പോർട്ട് സമർപ്പിക്കുന്നതോടെ സാധനങ്ങൾ വാങ്ങാനുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാനാകും. വ്യവസായത്തിനായി ഏറ്റെടുക്കുന്ന ഭൂമി മറ്റാവശ്യങ്ങൾക്ക് വിട്ടുകൊടുക്കരുതെന്നാണ് നിലപാട്.
എല്ലാ മണ്ഡലത്തിലും
വ്യവസായ പാർക്ക്
തദ്ദേശ സ്ഥാപനങ്ങളോ മറ്റ് ഏജൻസികളോ ഭൂമി ലഭ്യമാക്കിയാൽ അടിസ്ഥാന സൗകര്യങ്ങളോടെ വ്യവസായ പാർക്കുകൾ എല്ലാ മണ്ഡലങ്ങളിലും ഒരുക്കും. സ്വകാര്യ വ്യവസായ പാർക്കുകളും സ്ഥാപിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഡിജിറ്റൽ മേഖലയിലെ വ്യവസായങ്ങൾ ഒരു കുടക്കീഴിലാക്കി പ്രത്യേക ഇലക്ട്രോണിക്സ് പാർക്കുകൾ സ്ഥാപിക്കും.