തിരുവനന്തപുരം: കേരളത്തിലെ കാൻസർ ചികിത്സയിൽ മാറ്റങ്ങൾക്ക് തുടക്കമിട്ട പ്രശസ്‌ത അർബുദ വിദഗ്ദ്ധനും തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ (ആർ.സി.സി) സ്ഥാപക ഡയറക്‌ടറുമായ ഡോ. എം. കൃഷ്ണൻ നായർ (82) അന്തരിച്ചു.
തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ പുലർച്ചെ നാലോടെ ആയിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. 2001ൽ പദ്മശ്രീ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.
വെള്ളയമ്പലം ഇലങ്കം ഗാർഡൻസിലെ ഇലങ്കത്ത് ഹൗസിൽ പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് ഒന്നോടെ തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ഭാര്യ: കെ. വത്സല. മകൾ: പരേതയായ മഞ്ജു. മരുമകൻ: മുൻ അക്കൗണ്ടന്റ് ജനറൽ രവീന്ദ്രൻ.
ആർ.സി.സി സ്ഥാപിച്ച 1981 മുതൽ 2003 വരെ 22 വർഷം ഡയറക്ടറായി സേവനമനുഷ്ഠിച്ചു. അത്യാധുനിക ചികിത്സ കുറഞ്ഞ ചെലവിൽ എല്ലാവർക്കും ഉറപ്പാക്കാനുളള്ള കാൻസർ കെയർ ഫോർ ലൈഫ് പദ്ധതിയുടെ അമരക്കാരനായിരുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വലുതും സമഗ്രവുമായ കാൻസർ ചികിത്സാ കേന്ദ്രങ്ങളിലൊന്നായി തിരുവനന്തപുരം ആർ.സി.സിയെ വികസിപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചു.
1939 നവംബർ 23ന് പത്തനംതിട്ട കോന്നി പണിയർത്തല വീട്ടിൽ പ്രൊഫ. കെ. മാധവൻ നായരുടെയും പേരൂർക്കട ചിറ്റല്ലൂർ വീട്ടിൽ ബി.മീനാക്ഷിക്കുട്ടി അമ്മയുടെയും മകനായി ജനനം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് 1963ൽ എം.ബി.ബി.എസ് പാസായി. 1968ൽ പഞ്ചാബ് സർവകലാശാലയിലെ അമൃത്‌സർ മെഡിക്കൽ കോളേജിൽ നിന്ന് എം.ഡിയും (റേഡിയോ തെറാപ്പി, ക്ലിനിക്കൽ ഓങ്കോളജി) 1972ൽ ലണ്ടനിലെ മാഞ്ചസ്റ്റർ ക്രിസ്റ്റി ഹോസ്‌പിറ്റലിൽ നിന്ന് എഫ്.ആർ.സി.ആറും (ക്ലിനിക്കൽ ഓങ്കോളജി) നേടി. 1970ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രൊഫസറായി. പിന്നീട് ആർ.സി.സിയുടെ സ്ഥാപക ഡയറക്ടറായി. ലോകാരോഗ്യ സംഘടനയിൽ കാൻസർ ഉപദേശകസമിതി അംഗം, ദേശീയ കാൻസർ നിയന്ത്രണ പദ്ധതി തയ്യാറാക്കിയ വിദഗ്ദ്ധ സംഘത്തിലെ അംഗം, ലോകാരോഗ്യ സംഘടനയിൽ ഡയറക്ടർ ജനറൽ, ഡബ്ലിയു.എച്ച്.ഒ, കാൻസർ ടെക്‌നിക്കൽ ഗ്രൂപ്പ് (സി.ടി.ജി) എന്നിവയുടെ ഉപദേശക സമിതിയിൽ ഇന്ത്യയിൽ നിന്നുള്ള ഏക അംഗമായിരുന്നു.
മന്ത്രി വീണാ ജോർജ്, വി.കെ.പ്രശാന്ത് എം.എൽ.എ, മുൻ മന്ത്രി എം.വിജയകുമാർ,മുൻ മന്ത്രി വി.എസ്.ശിവകുമാർ, കെ.എസ്.ആർ.ടി.സി എം.ഡി ബിജുപ്രഭാകർ, എ.ഡി.ജി.പി കെ.പദ്മകുമാർ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. കേരളകൗമുദിക്ക് വേണ്ടി ഡെപ്യൂട്ടി എഡിറ്റർമാരായ വി.എസ്.രാജേഷ്, എ.സി. റെജി, യൂണിറ്റ് ചീഫ് എസ്.വിക്രമൻ എന്നിവർ പുഷ്പചക്രം സമർപ്പിച്ചു.