തിരുവനന്തപുരം: കേരളപുരം - ചന്ദനത്തോപ്പ് റെയിൽവേ സമാന്തര പാതയുടെ പ്രവൃത്തി അടിയന്തരമായി നടപ്പാക്കാനും സമയബന്ധിതമായി പൂർത്തിയാക്കാനും തുറമുമുഖ എൻജിനിയറിംഗ് വകുഷിന് നിർദേശം നൽകിയെന്ന് മന്ത്റി സജി ചെറിയാൻ നിയമസഭയിൽ അറിയിച്ചു. ഇതിനായി പ്രത്യേക യോഗം വിളിച്ചു ചേർക്കുമെന്നും പി.സി. വിഷ്ണുനാഥിന്റെ സബ്മിഷന് മറുപടിയായി അദ്ദേഹം പറഞ്ഞു. പെരിനാട് ഗ്രാമപഞ്ചായത്തിലെ 10, 12, 13, 14 വാർഡുകളിൽ കൂടി കടന്ന് പോകുന്ന റോഡിന് 288 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് 2019ൽ തുറമുഖ എൻജിനിയറിംഗ് വകുപ്പ് ഭരണാനുമതി നൽകി. ആ വർഷം തന്നെ കരാറിൽ ഏർപ്പെടുകയും ചെയ്തു. റെയിൽവേ അതിർത്തിക്കുള്ളിലൂടെ കടന്നുപോകുന്നതിനാൽ റോഡ് നിർമ്മാണത്തിന് റെയിൽവേയുടെ അനുമതി ആവശ്യമായിരുന്നു. റെയിൽവേ അനുമതി ലഭിക്കുന്നതിനുള്ള കാലതാമസം മൂലം കരാർ റദ്ദാക്കേണ്ടി വന്നു. 2020 ഒക്ടോബറിൽ കുണ്ടറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി റെയിൽവേയ്ക്ക് 19.6 ലക്ഷം രൂപ അടച്ച് അനുമതി ലഭ്യമാക്കിയതിനെ തുടർന്ന് വീണ്ടും ടെൻഡർ വിളിച്ച് പുതിയ കരാറൊപ്പിട്ടു. ഇതനുസരിച്ച് ഇക്കൊല്ലം ജനുവരിയിൽ നിർമ്മാണം ആരംഭിച്ചെങ്കിലും ലോക്ക് ഡൗണും നിർമ്മാണ സാമഗ്രികളുടെ ദൗർലഭ്യവും റെയിൽവേ ഭൂമിയിലെ മരങ്ങൾ മുറിക്കുന്നതിനുള്ള കാലതമാസവും പ്രവൃത്തിയെ ബാധിച്ചുവെന്നും മന്ത്റി അറിയിച്ചു.