തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ കുറഞ്ഞുവരുന്നുവെന്നും ഒരു സ്ത്രീയും പീഡിപ്പിക്കപ്പെടാത്ത സമൂഹം എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്റി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. എന്നാൽ, ഉത്തരേന്ത്യയിലെ വിദൂര ഗ്രാമങ്ങളിൽ സംഭവിക്കുന്നതുപോലുള്ള അപരിഷ്കൃത അക്രമങ്ങളാണ് കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരേയുണ്ടാവുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. സമീപകാലത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായി നടന്ന അതിക്രമങ്ങൾ ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ പ്രതിപക്ഷം, ഇക്കാര്യങ്ങൾ സർക്കാർ ഗൗരവമായി കാണുന്നില്ലെന്നും നിസാരവത്കരിക്കുകയാണെന്നും ആരോപിച്ച് സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയാൻ മാത്രമായൊരു സംവിധാനം പൊലീസിൽ ഒരുക്കുമെന്ന് മുഖ്യമന്ത്റി പറഞ്ഞു. ഇത്തരം കേസുകൾ വേഗം തീർപ്പാക്കാൻ നടപടിയുണ്ടാകും. ശിക്ഷാനിരക്ക് വർദ്ധിപ്പിക്കാൻ നടപടിയെടുക്കും. ഇരകൾക്ക് ആവശ്യമായ നിയമസഹായം ലഭ്യമാക്കും. ഇത്തരം കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകും. അവരെ അന്വേഷണം പൂർത്തിയാകുംവരെ സ്ഥലംമാറ്റില്ല. സമീപകാലത്തെ അതിക്രമങ്ങളിലെല്ലാം പ്രതികളെ അറസ്റ്റ് ചെയ്തെന്നും മുഖ്യമന്ത്രി പറഞ്ഞു.
നീതി തേടിയെത്തുന്ന സ്ത്രീകളെയും കുട്ടികളെയും തുടർ അക്രമങ്ങളിൽ നിന്ന് ഒഴിവാക്കാൻ കഴിഞ്ഞില്ലെങ്കിൽ വനിതാ കമ്മിഷൻ, ബാലാവകാശ കമ്മിഷൻ തുടങ്ങിയവ പരിച്ചുവിടണമെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ റോജി എം. ജോൺ ആവശ്യപ്പെട്ടു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു എന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. കേരളത്തിന്റെ മനസ് സ്ത്രീവിരുദ്ധമാണോയെന്ന സംശയം ഉയരുകയാണ്. ഇവിടെ ഇരകളെ പൊലീസും പൊതുസമൂഹവും ചേർന്ന് വിചാരണ ചെയ്യുകയാണ്. ഇഷ്ടമുള്ള കേസുകൾ അന്വേഷിക്കുകയും അല്ലാത്തവ അന്വേഷിക്കാതിരിക്കുകയും ചെയ്യുന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും സതീശൻ ആരോപിച്ചു.
അതിക്രമങ്ങൾ കുറയുന്നെന്ന് മുഖ്യമന്ത്രി
2016 മുതൽ 2021വരെ ലൈംഗികാതിക്രമങ്ങളുടെയും ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെയും എണ്ണം കുറഞ്ഞു.
സ്ത്രീകളെ ആക്രമിക്കൽ
2016ൽ- 15,114
2020ൽ-12,659
മാനഭംഗം
2017ൽ- 2,003
2020ൽ- 1,880
പീഡനം
2017ൽ- 4,413
2020ൽ- 3,890
സ്ത്രീധന പീഡനമരണം
2017ൽ- 12
2020ൽ- 6
"കുറ്റകൃത്യങ്ങളോട് ഒരു വിട്ടുവീഴ്ചയുമില്ല. യാതൊരു ക്രിമിനൽ റെക്കാഡുമില്ലാത്ത 15കാരൻ കുറ്റകൃത്യം ചെയ്യുന്നത് എങ്ങനെ തടയാനാവും.
-പിണറായി വിജയൻ,
മുഖ്യമന്ത്രി
"കടുത്തശിക്ഷ കിട്ടുമെന്ന് സമൂഹത്തിന് സന്ദേശം നൽകാനാവണം. സ്ത്രീകൾക്ക് നിയമപരിരക്ഷ ഉറപ്പാക്കണം.
-വി.ഡി.സതീശൻ,
പ്രതിപക്ഷനേതാവ്