കാരുണ്യത്തിന്റെയും ക്രിയാത്മകതയുടെയും മഹാവൃക്ഷം വീണിരിക്കുന്നു. അർബുദരോഗികളുടെ അഭയവും ആശ്വാസവും സാന്ത്വനവുമായിരുന്ന ഭിഷഗ്വരഗുരു ഡോ. എം. കൃഷ്ണൻ നായർ വിടപറയുമ്പോൾ കേരളത്തിന്റെ അർബുദ ചികിത്സാ സേവനരംഗത്ത് നവമാതൃക സ്വഷ്ടിച്ച മഹാപുരുഷനാണ് മൺമറയുന്നത്.
ആരായിരിക്കണം ലീഡർ എന്ന് മാനേജ്മെന്റ് തത്വങ്ങളെ സ്വാംശീകരിച്ചുകൊണ്ട് ഒാരോ വ്യക്തിയിലും പ്രകാശിക്കുന്ന കഴിവുകളെ കണ്ടെത്തുകയും വികസിപ്പിക്കുകയും സമൂഹനന്മയ്ക്കായി ഉപയോഗപ്പെടുത്തുകയും ചെയ്ത ക്രാന്തദർശിയായിരുന്നു അദ്ദേഹം. ആധുനിക ചികിത്സാ സങ്കേതങ്ങളും സ്നേഹകാരുണ്യങ്ങളും കാര്യക്ഷമതയും പ്രൊഫഷണൽ ആയി സമന്വയിപ്പിച്ചുകൊണ്ട് സമഗ്രമായ കാൻസർ ചികിത്സ തുച്ഛമായ ചെലവിൽ ലഭ്യമാക്കാൻ അദ്ദേഹം കാഴ്ചവച്ച മാനേജ്മെന്റ് വൈഭവം അന്യാദൃശമാണ്. ജീവനക്കാരോട് അതീവ സൗഹൃദവും സാഹോദര്യവും പ്രകടിപ്പിച്ചുകൊണ്ടും അവരെ വ്യക്തിപരമായി ഉൾക്കൊണ്ടുകൊണ്ടും ഒരു കാരണവരുടെ സ്ഥാനത്തുനിന്ന് സ്നേഹിച്ച വലിയ മനസിന്റെ ഉടമയായിരുന്നു കൃഷ്ണൻനായർ സാർ. അദ്ദേഹത്തിന്റെ നാമധേയം ഉച്ചരിക്കുമ്പോൾ ഒാരോ ജീവനക്കാരുടെയും ഹൃദയത്തിൽനിന്ന് കൃതജ്ഞതയുടെ സ്പന്ദനങ്ങൾ ആർ.സി.സിയുടെ ഇടനാഴിയിൽ പ്രതിധ്വനിക്കുന്നുണ്ട്.
പുത്രതുല്യനായി എന്നിൽ സ്നേഹവാത്സല്യങ്ങൾ ചൊരിഞ്ഞിരുന്ന അദ്ദേഹത്തിന്റെ വിയോഗം വ്യക്തിപരമായി എനിക്ക് വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്. കരുതലിന്റെയും സാന്ത്വനത്തിന്റെയും തേജോമയമായ സ്പർശമായിരുന്നു അദ്ദേഹത്തിന്റെ സാന്നിദ്ധ്യം. ആർ.സി.സിയിലെ ജീവനക്കാർക്ക് മാത്രമല്ല ആയിരക്കണക്കിന് കാൻസർ രോഗികൾക്കും പൊതുസമൂഹത്തിനും അദ്ദേഹം ആശ്വാസത്തിന്റെ ആൾരൂപമായിരുന്നു.
സാങ്കേതിക മേന്മ, രോഗീ സൗഹൃദാന്തരീക്ഷം, ആധുനിക മാനേജ്മെന്റ് സംവിധാനങ്ങൾ, സാമൂഹ്യ പ്രതിബദ്ധത എന്നിവ സമന്വയിപ്പിച്ചുകൊണ്ട് കാൻസർ ചികിത്സാ സേവനത്തിൽ നവമാതൃക സൃഷ്ടിക്കാനും കാൻസർ ആശുപത്രി എന്ന നിലയിൽനിന്ന് സമഗ്ര കാൻസർ നിയന്ത്രണ ഗവേഷണ കേന്ദ്രം എന്ന ആഗോള പ്രശസ്തിയിലേക്ക് ആർ.സി.സിയെ ഉയർത്താനും അദ്ദേഹത്തിന്റെ ക്രാന്തദർശിത്വത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
കേരളത്തിലെ കാൻസർ ചികിത്സ ഹൈടെക് ആക്കുന്നതിനൊപ്പം അത് തുച്ഛമായ ചെലവിൽ ജനങ്ങൾക്ക് എത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു.
കാൻസർ ഒന്നിനും അവസാനമല്ല എന്ന മുദ്രാവാക്യം ആത്മവിശ്വാസത്തോടെ മുറുകെ പിടിക്കുകയും ആയിരക്കണക്കിന് കാൻസർ രോഗികൾക്ക് ആശ്വാസം പകരുകയും ചെയ്ത അദ്ദേഹം കേരളത്തിലെ കാൻസർ ചികിത്സയുടെ ആചാര്യസ്ഥാനീയനാണ്. കാൻസർ ചികിത്സമൂലം കുടുംബത്തിന്റെ സാമ്പത്തികാടിത്തറ നഷ്ടപ്പെടാൻ പാടില്ലെന്ന ചിന്തയാണ് അദ്ദേഹം കാൻസർ കെയർ ഫോർ ലൈഫ് എന്ന അതുല്യ പദ്ധതി വിഭാവനം ചെയ്ത് നടപ്പിലാക്കിയതിന്റെ കാരണം.
കോശങ്ങൾക്ക് ഭ്രാന്ത് പിടിക്കുകയും അവ മൂഷികരെപ്പോലെ നിശബ്ദമായി ശരീരകലകളെ ആക്രമിക്കുകയും ചെയ്യുമ്പോൾ 'വരൂ ഞങ്ങളിവിടെയുണ്ട് ' എന്ന് കരുതലും കാരുണ്യവും ചേർത്ത് വിളിച്ചുപറയാൻ ഞങ്ങളെ പഠിപ്പിച്ചത് ഇൗ മഹാഗുരുവായിരുന്നു. ഒരു പൂവിതൾ കൊഴിയും പോലെ അദ്ദേഹം അനന്തതയുടെ ഭൂമികയിലേക്ക് പാറിവീഴുമ്പോൾ ആതുരശുശ്രൂഷാ ചരിത്രത്തിലെ ഒരേടു കൂടിയാണ് മാറുന്നത്. 1981 മുതൽ 2003 വരെ ആർ.സി.സിക്ക് നേതൃത്വം കൊടുത്ത പത്മശ്രീ ഡോ. എം. കൃഷ്ണൻനായർ എന്ന മഹാപ്രതിഭ മൺമറയുമ്പോൾ അദ്ദേഹം ഞങ്ങൾക്ക് സമ്മാനിച്ച ഓർമ്മകൾ ഹൃദയത്തെ ആർദ്രമാക്കുന്നു.
പത്തനംതിട്ട ജില്ലയിലെ കോന്നി ഗ്രാമത്തിൽ പ്രൊഫ. മാധവൻ നായരുടെയും മീനാക്ഷി അമ്മയുടെയും മകനായി പിറന്ന അദ്ദേഹത്തിന് കേരളത്തിന്റെ ആതുര മേഖലയിലെ പ്രിയപുത്രനായി ജീവിക്കാനും അനന്യസാധാരണമായ നേതൃപാടവവും സർഗ്ഗവൈഭവവും കൊണ്ട് ഒരു മഹാസ്ഥാപനത്തിന് ചുക്കാൻ പിടിക്കാനും കഴിഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജോലി ചെയ്യാൻ കഴിഞ്ഞത് ഞങ്ങൾക്ക് അഭിമാനമാണ്.
മഹത്തുക്കൾ ജീവിക്കുന്നത് മറ്റുള്ളവരുടെ മനസിലാണെങ്കിൽ ഡോ. എം. കൃഷ്ണൻനായർ എന്ന മനുഷ്യസ്നേഹിക്ക് മരണമില്ല. അങ്ങയുടെ കാൽപാദങ്ങൾ പിന്തുടരാനുള്ള അനുഗ്രഹം അദൃശ്യനായി നിന്നുകൊണ്ട് ഞങ്ങളിൽ ചൊരിയും എന്ന വിശ്വാസത്തോടെ പ്രിയപ്പെട്ട ഗുരുവേ ! വിട!
( ലേഖകൻ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ പബ്ളിക് റിലേഷൻസ് ഓഫീസറാണ് )