photo

രാജ്യത്തെ പൗരന്മാരുടെ സ്വകാര്യതയും അഭിപ്രായ സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങളാണ്. ആ അവകാശം സർക്കാർ ലംഘിച്ചാൽ നിയമപരമായി കുറ്റകൃത്യങ്ങളുടെ പട്ടികയിലാണ് വരുന്നത്. കേസന്വേഷണങ്ങളുടെ ഭാഗമായി പൊലീസിനും ചില അന്വേഷണ ഏജൻസികൾക്കും ചില വ്യക്തികളുടെ ഫോൺ വിവരങ്ങൾ ചോർത്തേണ്ടി വരും. അതിന് നടപടി ക്രമങ്ങളുണ്ട്. രാജ്യസുരക്ഷയുടെ ഭാഗമായി രഹസ്യാന്വേഷണ സംഘടനകളും ഫോൺ ചോർത്താറുണ്ട്. ഇത് കാലങ്ങളായി നടന്നുവരുന്നതാണ്. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടപടി എടുത്തതിനെത്തുടർന്ന് രാജ്യത്ത് കലാപങ്ങൾ തന്നെ ഒഴിവാക്കാനായിട്ടുമുണ്ട്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാർക്കും ഇന്റലിജൻസ് വിഭാഗങ്ങൾ ഓരോ ദിവസവും രഹസ്യ വിവരങ്ങൾ കൈമാറുന്നത് ഭരണക്രമത്തിന്റെ ഭാഗമാണ്.

എന്നാൽ ഇസ്രയേലിന്റെ പെഗസസ് സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് കേന്ദ്ര സർക്കാർ രാജ്യത്തെ ചില പ്രമുഖ വ്യക്തികളുടെ ഫോൺ ചോർത്തിയെന്ന ആരോപണം അതീവ ഗുരുതരമാണ്. രാജ്യസുരക്ഷയുടെ മറ നൽകി ഇത് തള്ളിക്കളയാനാവില്ലെന്ന സുപ്രീംകോടതിയുടെ നിലപാട് പൗരന്റെ സ്വകാര്യതയെയും സ്വതന്ത്രമായ ജനാധിപത്യ സംവിധാനത്തെയും ശക്തിപ്പെടുത്തുന്നതാണ്.

അന്വേഷണത്തിന് കേന്ദ്രസമിതിയെ നിയോഗിച്ചാൽ പക്ഷപാതിത്വത്തിനെതിരായ ജുഡിഷ്യൽ തത്വങ്ങളുടെ ലംഘനമാവുമെന്നും നീതി നടപ്പാക്കുന്നതിനൊപ്പം നടപ്പാക്കിയെന്ന് ബോദ്ധ്യപ്പെടുത്തേണ്ടതുണ്ടെന്നും അന്വേഷണത്തിന് സുപ്രീംകോടതി സമിതിയെ തീരുമാനിച്ചുകൊണ്ട് കോടതി വ്യക്തമാക്കുകയും ചെയ്തു.

ജുഡിഷ്യറിയുടെ നിഷ്പക്ഷമായ ജനാധിപത്യ ബോധവും സ്വാതന്ത്ര്യവും കൂടുതൽ ഉറപ്പിക്കുന്നതാണ് ഉന്നത കോടതിയുടെ തീരുമാനം.

നാൽപ്പത്തിയഞ്ച് രാജ്യങ്ങളിലെ വ്യക്തികൾ പെഗസസിന്റെ ഇരകളായിട്ടുണ്ടെന്ന് കാനഡയിലെ ടൊറന്റോ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട സിറ്റിസൺ ലാബ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നുണ്ട്. പല രാജ്യങ്ങളും അന്വേഷണങ്ങൾ തുടങ്ങുകയും നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പട്ടികയിൽ ഫോൺ നമ്പർ ഉണ്ട് എന്നതുകൊണ്ട് അവ ചോർത്തപ്പെട്ടുവെന്ന് കരുതാനാവില്ലെന്ന് ആംനസ്തി തന്നെ വ്യക്തമാക്കിയിട്ടുള്ളതുമാണ്. പെഗസസ് ദുരുപയോഗം ചെയ്തിട്ടില്ല എന്നാണ് കേന്ദ്രമന്ത്രിമാർ പാർലമെന്റിനെ അറിയിക്കുകയും ചെയ്തത്. അങ്ങനെ ദുരുപയോഗം ചെയ്തിട്ടില്ലെങ്കിൽ സുപ്രീംകോടതി സമിതിയുടെ അന്വേഷണത്തെ സർക്കാർ ഭയക്കേണ്ട കാര്യവുമില്ല. അതേസമയം ഹർജിക്കാർക്ക് നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കിയതിലൂടെ ആശ്വസിക്കാനാകും. അതുപോലെ സമിതിയുടെ കണ്ടെത്തലുകൾ അവർക്ക് അനുകൂലമായാലും എതിരായാലും അംഗീകരിക്കാൻ ബാദ്ധ്യസ്ഥരാകുകയും ചെയ്യും. അതേസമയം രാജ്യസുരക്ഷയുടെ പേരിൽ നടത്തിയ ഫോൺ ചോർത്തൽ സംബന്ധിച്ച വിവരങ്ങൾ പുറത്താകാനും പാടില്ല. നാവിക സേനയുടെ അന്തർവാഹിനി ആധുനികവൽക്കരണ പദ്ധതിയുടെ രഹസ്യങ്ങൾ ചോർത്തിയതിന് ഒരു നേവൽ കമാൻഡറെയും രണ്ടു വ്യക്തികളെയും സി.ബി.ഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അതിനാൽ ഇതുപോലുള്ള മേഖലകളിൽ തുടർന്നും രഹസ്യ വിവരങ്ങൾ ചോർത്തേണ്ടത് രാജ്യത്തിന്റെ പൊതുതാൽപര്യത്തിന് ആവശ്യമാണ്. എന്നാൽ അതിന്റെ മറവിൽ രാഷ്ട്രീയ പ്രതിയോഗികളുടെയും സർക്കാരിനെ വിമർശിക്കുന്ന പ്രമുഖരുടെയും ഫോൺ ചോർത്തിയിട്ടുണ്ടെങ്കിൽ അത് അപകടകരമാണ്. രാജ്യത്തെ പൗരന്മാരെ മുഴുവൻ ചാരക്കണ്ണിലൂടെ കാണാൻ ഒരു രാജ്യവും മുതിരരുത്. അങ്ങനെ ഉണ്ടായാൽ ജനാധിപത്യവും സ്വാതന്ത്ര്യവും ബലികഴിക്കപ്പെടും. സ്വതന്ത്രമായ അന്തരീക്ഷത്തിൽ മാത്രമേ മനുഷ്യന്റെ ക്രിയാത്മകത പൂർണതോതിൽ വികാസം പ്രാപിക്കൂ. അതിന് വഴിതെളിക്കുന്നതാണ് മേൽക്കോടതിയുടെ തീരുമാനം.

സൈബർ സുരക്ഷ, സ്വകാര്യത, നിരീക്ഷണം തുടങ്ങിയ വിഷയങ്ങളിൽ പുതിയ നിയമനിർമ്മാണമോ ഭേദഗതിയോ ആവശ്യമാണോ എന്നുവരെ തീരുമാനിച്ച് ശുപാർശ നൽകാനും സുപ്രീംകോടതി സമിതിക്ക് അധികാരം നൽകിയിട്ടുണ്ട്. വലിയൊരു മാറ്റത്തിന്റെ തുടക്കമായിത്തന്നെ ഈ അന്വേഷണത്തെ കണക്കാക്കാം.