1

പൂവാർ: കഴക്കൂട്ടം-കാരോട് ബൈപാസിലെ തിരുപുറം പുറുത്തിവിളയിൽ മേജർ സിഗ്നൽ ജംഗ്ഷൻ വേണമെന്ന ആവശ്യവുമായി കഴിഞ്ഞ 55 ദിവസമായി എൽ.ഡി.എഫ് നടത്തിവന്ന സമരം അവസാനിച്ചു. ഇന്നലെ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ നാഷണൽ ഹൈവേ അധികൃതർ, പൊതുമരാമത്ത് വകുപ്പു മേധാവികൾ, നിർമ്മാണ കമ്പനി അധികൃതർ എന്നിവരുമായി കെ. ആൻസലൻ എം.എൽ.എ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. സിഗ്‌നൽ ജംഗ്ഷൻ സ്ഥാപിക്കാൻ ആവശ്യമായ തുക എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. പുറുത്തിവിള സമരപ്പന്തലിൽ തുടർന്ന് നടന്ന സമ്മേളനം കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

സി.പി.ഐ തിരുപുറം എൽ.സി സെക്രട്ടറി എൻ. ഷിബുകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി ടി. ശ്രീകുമാർ, മുൻ മുനിസിപ്പൽ കൗൺസിലർ ശ്രീകുമാർ, ജനതാദൾ (എസ്) ജില്ലാ സെക്രട്ടറി വി. സുധാകരൻ, എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ കൊടങ്ങാവിള വിജയകുമാർ, നേതാക്കളായ നെല്ലിമൂട് പ്രഭാകരൻ, എച്ച്. സുരേഷ്‌കുമാർ, തിരുപുറം എൻ. വിൻസെന്റ്,​ ബി. സൂര്യകാന്ത്, കെ.ആർ. ബിജു, തിരുപുറം മോഹൻകുമാർ, എസ്.എസ്. ഷൈജു,​ പി.രാമചന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു.