പൂവാർ: കേരളത്തിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് മഹിളാകോൺഗ്രസ് കൂടുതൽ ആർജ്ജവവും കരുത്തും നേടണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി. സുബോധൻ പറഞ്ഞു. മഹിളാ കോൺഗ്രസ് കോവളം നിയോജക മണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പേരൂർക്കടയിൽ അമ്മ അറിയാതെ കുട്ടിയെ തട്ടിക്കൊണ്ടുപോയി ശിശുക്ഷേമസമിതിയിലും തുടർന്ന് ആന്ധ്രയിലേക്കും അയച്ചതും കോട്ടയത്ത് എ.ഐ.എസ്.എഫ് വനിതാ നേതാവിനെ എസ്.എഫ്.ഐ നേതാക്കൾ കൈയേറ്റം ചെയ്യുന്ന കാഴ്ചയും തിരുവനന്തപുരത്ത് നടക്കാനിറങ്ങിയ ഐ.പി.എസ് ഉദ്യോഗസ്ഥയ്ക്ക് ഉണ്ടായ അനുഭവവുമൊക്കെ നാടിനെ ലജ്ജിപ്പിക്കുന്നതാണ്. ഇത് തടയേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സുബോധൻ പറഞ്ഞു.
മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലക്ഷ്മി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഗ്ലാഡിസ് അലക്സ് അദ്ധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി കോൺഗ്രസ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷൻ ആസ്റ്റിൻ ഗോമസ്, അഡ്വ.ആഗ്നസ് റാണി, ഷീല, റജീന ബീഗം, ലീല തീർത്തുദാസ്, കാഞ്ഞിരംകുളം ശിവകുമാർ, സരസകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.