തിരുവനന്തപുരം: സംസ്ഥാനത്ത് പ്രായപൂർത്തിയായവരിൽ പകുതിയിലധികം പേർ രണ്ട് ഡോസ് കൊവിഡ് വാക്സിനെടുത്തതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. 94 ശതമാനത്തിലധികം പേർക്ക് ആദ്യ ഡോസ് നൽകി. ഇത് ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്. ദേശീയ തലത്തിൽ ഒന്നാം ഡോസ് വാക്സിനേഷൻ 77.37 ശതമാനവും രണ്ടാം ഡോസ് 33.99 ശതമാനവുമാകുമ്പോഴാണ് കേരളം ഈ നേട്ടത്തിലെത്തിയിരിക്കുന്നത്. വാക്സിനെടുക്കേണ്ട ജനസംഖ്യയുടെ 94.58 ശതമാനം പേർക്ക് (2,52,62,175) ആദ്യ ഡോസും 50.02 ശതമാനം പേർക്ക് (1,33,59,562) രണ്ടാം ഡോസും നൽകി. രണ്ട് ഡോസും ചേർത്ത് ആകെ 3,86,21,737 ഡോസ് വാക്സിനാണ് നൽകിയത്. പത്തനംതിട്ട, എറണാകുളം, വയനാട് എന്നീ ജില്ലകളിൽ 100 ശതമാനം പേരും ആദ്യ ഡോസ് സ്വീകരിച്ചിട്ടുണ്ട്. കൊവിഷീൽഡ് 84 ദിവസം കഴിഞ്ഞും കൊവാക്സിൻ 28 ദിവസം കഴിഞ്ഞും ഉടൻ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്.രണ്ട് ഡോസും സ്വീകരിച്ചാലേ പൂർണ ഫലംലഭിക്കൂ.
7738 പേർക്ക് കൂടി കൊവിഡ്, ആകെ മരണം 30,000 കടന്നു
സംസ്ഥാനത്ത് ഇന്നലെ 7738 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 76,043 സാമ്പിളുകളാണ് പരിശോധിച്ചത്.10.17 ആണ് ടി.പി.ആർ. 56 മരണങ്ങളും സ്ഥിരീകരിച്ചു. 78,122 പേർചികിത്സയിലുണ്ട്. കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദ്ദേശമനുസരിച്ച് അപ്പീൽ നൽകിയ 110 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന 542 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ മരണം 30,685 ആയി.