തിരുവനന്തപുരം: 'മോഹമുക്തനായ കോൺഗ്രസുകാരൻ' എന്ന് മാർക്സിസ്റ്റ് താത്വികാചാര്യൻ ഇ.എം.എസ് വിശേഷിപ്പിക്കുകയും മുഖ്യമന്ത്രി പിണറായി വിജയന്റെ തണലിൽ ഇരുപത് വർഷം സി.പി.എം സഹയാത്രികനായി ജീവിക്കുകയും ചെയ്ത ചെറിയാൻ ഫിലിപ്പ്, ഇന്ന് കോൺഗ്രസിലേക്ക് മടങ്ങുന്നു. രാവിലെ 11.30ന് തിരുവനന്തപുരം പ്രസ്ക്ലബിൽ വാർത്താസമ്മേളനം നടത്തിയാവും പ്രഖ്യാപനം.
തന്റെ രാഷ്ട്രീയഗുരുവായ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയെ ചെറിയാൻ 11ന് വഴുതയ്ക്കാട്ടുള്ള അദ്ദേഹത്തിന്റെ വസതിയിലെത്തി കാണും. ആന്റണിയും മാദ്ധ്യമങ്ങളെ കണ്ടേക്കും. ഇരുപത് വർഷം മുമ്പ് സീറ്റ് തർക്കത്തിന്റെ പേരിൽ കോൺഗ്രസ് വിടാനുള്ള തീരുമാനം ചെറിയാൻ ഫിലിപ്പ് പ്രഖ്യാപിച്ചതും പ്രസ്ക്ലബിൽ വച്ചാണ്. 2001ൽ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചു.
തുടർച്ചയായി രണ്ടു തവണ രാജ്യസഭയിലേക്കുണ്ടായ ഒഴിവുകളിലേതിലെങ്കിലും സി.പി.എം പരിഗണിക്കുമെന്ന് പ്രതീക്ഷിച്ച ചെറിയാൻ ഫിലിപ്പ്, തഴയപ്പെട്ടതിൽ നിരാശനായിരുന്നു. ഇത്തവണ നിയമസഭാ സീറ്റും ലഭിച്ചില്ല. ഒന്നാം പിണറായി സർക്കാരിൽ നവകേരള മിഷൻ കോ-ഓർഡിനേറ്റർ പദവിയിൽ പ്രിൻസിപ്പൽ സെക്രട്ടറി റാങ്കിൽ പ്രവർത്തിച്ച ചെറിയാന്, രണ്ടാം പിണറായി സർക്കാർ ഖാദി ബോർഡ് ഉപാദ്ധ്യക്ഷ സ്ഥാനം നൽകിയതും തരംതാഴ്ത്തലാണെന്ന തോന്നലുണ്ടായി. ആ പദവി നിരസിച്ച അദ്ദേഹം, പുതിയ ചരിത്രപുസ്തക രചനയ്ക്ക് വേണ്ടിയാണ് നിരസിക്കുന്നതെന്നാണ് അറിയിച്ചത്. രണ്ടാഴ്ച മുമ്പ് കൂട്ടിക്കലിലും കൊക്കയാറിലും ഉരുൾപൊട്ടൽ ദുരന്തമുണ്ടായപ്പോൾ, ഇരുപതാണ്ടിനിടെ ഇതാദ്യമായി മുഖ്യമന്ത്രിയെ പരോക്ഷമായി വിമർശിക്കുന്ന ഫേസ്ബുക് പോസ്റ്റുമിട്ടു.
ആറ് മാസത്തിലേറെയായി മുതിർന്ന കോൺഗ്രസ് നേതാക്കൾ ചെറിയാനുമായി ആശയവിനിമയം നടത്തിയതായാണ് വിവരം. എ.കെ. ആന്റണി കഴിഞ്ഞ ദിവസം തലസ്ഥാനത്തെത്തിയതോടെയാണ് കെ.പി.സി.സി ആസ്ഥാനത്ത് ഇതുസംബന്ധിച്ച ചർച്ചകൾ സജീവമായത്. ഇന്നലെ രാത്രി ഇന്ദിരാഭവനിൽ മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, വി.എം. സുധീരൻ, കെ. മുരളീധരൻ, എം.എം. ഹസൻ അടക്കമുള്ളവരുമായി ചെറിയാന്റെ തിരിച്ചുവരവ് ഏതു നിലയിലാകണമെന്നതിൽ ആന്റണി ചർച്ച നടത്തി. ചെറിയാന്റെ മടക്കം ആഘോഷമാക്കാനാണ് തീരുമാനം. അംഗത്വത്തിന്റെ കാര്യമുൾപ്പെടെ കെ.പി.സി.സി പ്രസിഡന്റാകും പ്രഖ്യാപിക്കുക. ആന്റണി നാളെ ഡൽഹിക്ക് മടങ്ങും. കോൺഗ്രസിലെത്തിയാലും പുസ്തക രചനയും സ്വന്തം യുട്യൂബ് ചാനലുമായി ചെറിയാൻ മുന്നോട്ട് പോകും.