m-krishnan-nair

തിരുവനന്തപുരം: ''താരതമ്യേന മികച്ച മെഡിക്കൽ വിദ്യാർത്ഥിയായിരുന്നതിനാലും കാൻസർ ചികിത്സയ്ക്ക് ഒരുപാട് സാദ്ധ്യതയുള്ള മേഖലയാണെന്ന് മനസ്സിലാക്കിയതിനാലുമാണ് ഞാൻ ഈ രംഗത്തേയ്ക്ക് വന്നത്. എന്നാൽ, അന്നത്തെ മെഡിക്കൽ കോളേജുകളിലെ കാൻസർ വാർഡുകളിലെ ശോച്യാവസ്ഥയും രോഗികൾ നേരിട്ടിരുന്ന വിഷമതകളും എന്നെ ഏറെ വേദനിപ്പിച്ചിരുന്നു. അതുപോലെ വിദഗ്ദ്ധ ചികിത്സയ്ക്കായി ബോംബെയിലെ ടാറ്റാ മെമ്മോറിയൽ ആശുപത്രിയിലും മറ്റും പോകേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ടുകളും എനിക്ക് ഈ രംഗത്ത് മുന്നോട്ട് പോകാൻ പ്രേരണയായി"'. കാൻസർ ചികിത്സാരംഗത്തേയ്ക്ക് കടന്നുവരാനുണ്ടായ സാഹചര്യത്തെപ്പറ്റി ഒരു അഭിമുഖത്തിൽ ഡോ. കൃഷ്ണൻ നായരുടെ മറുപടി ഇതായിരുന്നു. കാൻസർ രോഗത്തിൽ നിന്ന് മുക്തരായവരെ സമൂഹം സാധാരണ മനുഷ്യരായി തന്നെ കാണണം. സഹതാപമല്ല സമഭാവനയാണ് അവർ ആഗ്രഹിക്കുന്നതെന്ന കാഴ്ചപ്പാടിനുടമയായിരുന്നു അദ്ദേഹം. ഒരു കാൻസർ സെന്റർ എങ്ങനെ തുടങ്ങണം, ഏതു വിധത്തിലായിരിക്കണം എന്നൊക്കെയുള്ള കാര്യങ്ങളിൽ ഇംഗ്ലണ്ടിൽ നിന്ന് ലഭിച്ച പരിശീലനത്തിന്റെയും ഡോക്ടറുടെ ദീർഘവീക്ഷണത്തിന്റെയും ഫലമായിരുന്നു ആർ.സി.സി കൈവരിച്ച വിജയം.

'ഞാനും ആർ.സി.സിയും' എന്ന പേരിൽ കാൻസർ ചികിത്സാ രംഗത്തെ അനുഭവങ്ങളും പുസ്തകമായി പുറത്തുവന്നിരുന്നു. നിരവധി ദേശീയ രാജ്യാന്തര സമ്മേളനങ്ങളിൽ പങ്കെടുത്ത അദ്ദേഹം 75 ഗവേഷണ പദ്ധതികൾ രൂപപ്പെടുത്തുകയും 150 ഓളം ശാസ്ത്ര പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. കാൻസർ നിയന്ത്രണവുമായി ബന്ധപ്പെട്ട് നിരവധി സംഘടനകളിലും പ്രവർത്തിച്ച അദ്ദേഹത്തിന്

കാൻസർ മുൻകൂട്ടി നിർണയിക്കുന്ന പ്രത്യേക ക്ലിനിക്കുകൾ എല്ലാ ജില്ലകളിലും സ്ഥാപിക്കണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു. 100 രൂപ അടച്ചാൽ ചികിത്സ ഉറപ്പാക്കുന്ന കാൻസർ കെയർ ഫോർ ലൈഫ് ലോകത്തെ തന്നെ അസാധാരണ മാതൃകയായി.

മരുന്നു പരീക്ഷണത്തിലും വേറിട്ട ചിന്താഗതി

മരുന്ന് പരീക്ഷണങ്ങളിൽ 90 ശതമാനവും നടത്തിയിട്ടുള്ളത് പാശ്ചാത്യരാജ്യങ്ങളിലാണ്. ഇവിടെ 10 ശതമാനത്തോളം പഠനങ്ങൾ മാത്രമാണ് നടക്കുന്നത്. വിദേശരാജ്യങ്ങളിലുള്ളവർക്ക് ആ മനസ്സുണ്ടെങ്കിൽ നമ്മളും അത് പിന്തുടരണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞിരുന്നു.