തിരുവനന്തപുരം: കുഞ്ഞ് നഷ്ടപ്പെട്ട കേസിൽ നേരിട്ട് ബന്ധമുള്ള അനുപമയുടെ മാതാവടക്കമുള്ള പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകരുതെന്ന് സർക്കാർ കോടിതിയെ അറിയിച്ചു. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്താലെ സത്യം കണ്ടെത്താനാകൂ. അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി മിനി എസ്. ദാസിനെയാണ് സർക്കാർ നിലപാടറിയിച്ചത്. അച്ഛൻ പി.എസ്. ജയചന്ദ്രൻ, മാതാവ് സ്മിത ജെയിംസ്, അനുപമയുടെ സഹോദരി, സഹോദരീ ഭർത്താവ്, രണ്ട് കുടുംബ സുഹൃത്തുക്കൾ എന്നിവരാണ് പ്രതികൾ. ജയചന്ദ്രനൊഴികെയുള്ള മുഴുവൻ പേരും മുൻകൂർ ജാമ്യ ഹർജി നൽകിയിരുന്നു.
ഗർഭിണിയായ അനുപമയെ കട്ടപ്പനയിലേക്ക് രഹസ്യമായി മാറ്റിയിരുന്നു. ആശുപത്രി രേഖകളിൽ കുഞ്ഞിന്റെ അച്ഛന്റെ പേര് വ്യാജമായി ചേർത്തു. കുഞ്ഞിനെ കൈമാറാനുള്ള അനുപമയുടെ സമ്മതപത്രവും കണ്ടെത്താനായിട്ടില്ല. അനുപമയെ ചികിത്സിച്ച ആശുപത്രികളിൽ പ്രതികളെയെത്തിച്ച് തെളിവെടുക്കണം. കുഞ്ഞിനെ എവിടെ ഉപേക്ഷിച്ചെന്നും കണ്ടെത്തണം. ഡി.എൻ.എ പോസിറ്റീവായാലേ ആന്ധ്രയിലുള്ളത് അനുപമയുടെ കുഞ്ഞാണെന്ന് തെളിയൂ. ഒരു സ്ത്രീ കുഞ്ഞിനായി നാടുനീളെ അലയുമ്പോൾ സത്യം കണ്ടെത്താനുള്ള ബാധ്യത സർക്കാരിനുണ്ടെന്നും ജില്ലാ ഗവൺമെന്റ് പ്ളീഡർ വെമ്പായം എ.എ. ഹക്കീം കോടതിയെ അറിയിച്ചു.
കുഞ്ഞിനെ കൈമാറിയത് വളർത്താൻ
കുഞ്ഞിനെ വളർത്താനാണ് ശിശുക്ഷേമ സമിതിയെ ഏൽപ്പിച്ചതെന്ന് പ്രതിഭാഗം വാദിച്ചു. കോളേജിൽ പഠിക്കാൻ വിട്ട മകൾ ഗർഭിണിയായാണ് മടങ്ങിവന്നത്. ഏതൊരു രക്ഷാകർത്താവും ചെയ്യുന്നതേ ചെയ്തുളളൂവെന്നും അവർ പറഞ്ഞു. ഹർജിയിൽ നവംബർ രണ്ടിന് വിധി പറയും.