തിരുവനന്തപുരം: കർമ്മനിരതനായ ഡോക്ടറും മികച്ച അദ്ധ്യാപകനുമായിരുന്നു ഡോ. എം. കൃഷ്ണൻനായർ. ആർ.സി.സിയിൽ ചേർന്ന എന്നെ അദ്ദേഹം ഹോക്കിംഗ്സിൽ പരിശീലനത്തിന് വിട്ടതു മുതൽ എത്രയെത്ര ഓർമ്മകൾ. കാൻസറിനെപ്പറ്റി ജനങ്ങളിൽ അവബോധമുണ്ടാക്കാൻ അദ്ദേഹം രചിച്ച 'കാൻസറിനെക്കുറിച്ച് വേണ്ടതെല്ലാം എന്ന പുസ്തകത്തിൽ പങ്കാളിയായത് വലിയ ഭാഗ്യമായി. മികച്ച ഗ്രന്ഥത്തിനുള്ള സർക്കാരിന്റെ അവാർഡ് ആ പുസ്തകത്തിന് ലഭിച്ചു.
ആർ.സി.സിയെ ഇന്നത്തെ നിലയിലേക്ക് ഉയർത്തിയത് അദ്ദേഹമാണ്. റേഡിയോ ഡയഗ്നോസിസ്, ന്യൂക്ളിയർ മെഡിസിൻ, അനസ്തേഷ്യ, കമ്മ്യൂണിറ്റി ഓങ്കോളജി, പീഡിയാട്രിക് ഓങ്കോളജി, കാൻസർ എപ്പിഡിമിയോളജി, കാൻസർ രജിസ്ട്രി എന്നീ വിഭാഗങ്ങൾ ആർ.സി.സിയിൽ കൊണ്ടുവന്നത് ഡോ. കൃഷ്ണൻനായർ സാറായിരുന്നു. ടാറ്റാ മെമ്മാേറിയൽ ആശുപത്രി കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ കാൻസർ ചികിത്സാ കേന്ദ്രമായി ആർ.സി.സിയെ മാറ്റിയത് അദ്ദേഹമാണ്. വിദേശത്തെ പ്രഗത്ഭരായ അർബുദ വിദഗ്ദ്ധരുമായി നല്ല സൗഹൃദം നിലനിറുത്തി. അദ്ദേഹത്തിൻെറ പരിശീലനത്തിലാണ് ആർ.സി.സിയിലെ പല ജൂനിയർ ഡോക്ടർമാരും മികച്ചവരായത്. അമേരിക്ക, ഇംഗ്ളണ്ട്, ഫ്രാൻസ് എന്നിവിടങ്ങളിൽ ആർ.സി.സിയിലെ ഡോക്ടർമാരെ വിദഗ്ദ്ധ പരിശീലനത്തിന് അയച്ചത് അദ്ദേഹത്തിൻെറ വലിയ മനസാണ്.
ആർ.സി.സിയിലെ കാൻസർ രജിസ്ട്രി ഇന്ത്യയിലെ മികച്ച രജിസ്ട്രികളിലൊന്നാണ്. വിദേശത്ത് നിന്നുപോലും പരിശീലനത്തിന് ഇവിടെ എത്തുന്നവർ ഏറെയാണ്. റേഡിയോ തെറാപ്പിയിൽ നൂതന സാങ്കേതിക വിദ്യകൾ അദ്ദേഹം കൊണ്ടുവന്നു. വിദേശ സർവകലാശാലകളുമായി സഹകരിച്ച് കാൻസർ ഗവേഷണം കേരളത്തിൽ കൊണ്ടുവന്നു. ആർ.സി.സിയിലെ എം.ഡി റേഡിയോ തെറാപ്പി കോഴ്സുകൾ അദ്ദേഹം ആരംഭിച്ചതാണ്. അദ്ദേഹം നടത്തിയ കാൻസർ പുനരധിവാസ ക്യാമ്പുകൾ പ്രശംസനീയമായിരുന്നു.
കുട്ടികളിലെ ലഹരി, പുകയില ഉപയോഗത്തിനെതിരെ വലിയ ബോധവത്കരണമാണ് അദ്ദേഹം നടത്തിയത്. അത് ഒരുതലമുറയെ നേർ വഴിക്ക് നയിച്ചു. ആർ.സി.സിയുടെ സാറ്റലൈറ്റ് സെൻററുകൾ എറണാകുളത്തും കണ്ണൂരും സ്ഥാപിച്ച അദ്ദേഹം പെയിൻ ആൻഡ് പാലിയേറ്റീവ് കെയറും ഇന്ത്യയിലെ ആദ്യത്തെ പീഡിയാട്രിക് ഓങ്കോളജി ഡിവിഷനും കേരളത്തിൽ കൊണ്ടുവന്നു.
ഏതൊരു ആരോഗ്യ പ്രവർത്തകനും അദ്ദേഹം മാർഗദർശിയായിരുന്നു. സി.അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ആർ.സി.സി തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്ന ആശയം രൂപപ്പെട്ടത്. നിർമ്മാണ പ്രവർത്തനങ്ങളിൽ ഡോ. കൃഷ്ണൻനായർ സാറിൻെറ പങ്ക് എടുത്ത് പറയേണ്ടതാണ്.