p

തിരുവനന്തപുരം: ഇടുക്കിയിലെ എട്ട് വില്ലേജുകൾ ഉൾപ്പെടുന്ന മൂന്നാർ പ്രദേശത്ത് റവന്യു വകുപ്പിന്റെ എൻ.ഒ.സി ഇല്ലാതെയും മറ്റും നടത്തിയ ചട്ടവിരുദ്ധ നിർമ്മാണങ്ങൾ വ്യവസ്ഥകൾക്ക് വിധേയമായി ക്രമവത്കരിക്കുമെന്നും ഭൂമിപതിവ് ചട്ടങ്ങളുടെ ലംഘനം നടത്തിയ ഭൂമിയുടെ പാട്ടം റദ്ദാക്കി സർക്കാർ ഏറ്റെടുക്കുമെന്നും മന്ത്രി കെ. രാജൻ നിയമസഭയിൽ പറഞ്ഞു. ഈ ഭൂമിയിലുള്ള കെട്ടിടങ്ങൾ പാട്ട വ്യവസ്ഥയിൽ നൽകും.

1964ലെ ഭൂമിപതിവ് ചട്ടങ്ങൾ പ്രകാരം പതിച്ചു നൽകിയ പതിനഞ്ച് സെന്റിൽ താഴെയുള്ള പട്ടയ ഭൂമിയിൽ ഉപജീവനാവശ്യത്തിനു മാത്രം ഉപയോഗിക്കുന്ന 1500 ചതുരശ്ര അടിക്ക് താഴെ തറ വിസ്തൃതിയുള്ള കെട്ടിടം മാത്രമാണ് ഉള്ളതെങ്കിൽ, അപേക്ഷകനോ ആശ്രിതർക്കോ മറ്റൊരിടത്തും ഭൂമി ഇല്ല എന്ന് തെളിയിച്ചാൽ പട്ടയവ്യവസ്ഥയിലെ ലംഘനം ക്രമപ്പെടുത്തി നൽകും. ഹൈക്കോടതി ഉത്തരവോടെ നിറുത്തിയ നിർമ്മാണ പ്രവർത്തനങ്ങൾക്കും ഇത് ബാധകമാക്കും. ഇതിനായുള്ള ചട്ട ഭേദഗതിക്ക് നടപടി തുടങ്ങിയിട്ടുണ്ട്. മൂന്നാർ ട്രൈബ്യൂണൽ ആക്ടിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നതും പരിഗണനയിലാണ്.

മൂന്നാർ പ്രദേശത്ത് കാർഷികാവശ്യങ്ങൾക്കായി പതിച്ചുകൊടുത്ത ഭൂമിയിൽ വ്യാപകമായ നിർമ്മാണ പ്രവർത്തനങ്ങളുണ്ടായ സാഹചര്യത്തിൽ, റവന്യു വകുപ്പിന്റെ എൻ.ഒ.സി ഇല്ലാതെ യാതൊരു നിർമ്മാണവും നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതിയാണ് ഉത്തരവിട്ടത്.

റവന്യു വകുപ്പ് നൽകുന്ന കൈവശ സർട്ടിഫിക്കറ്റുകളിൽ ഭൂമി ഏത് ആവശ്യത്തിനാണ് പതിച്ചുനൽകിയതെന്ന് വ്യക്തമാക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാരിന്റെ അപ്പീൽ സുപ്രീംകോടതി തള്ളി. ഇത് നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് സർക്കാർ അറിയിച്ചതിനെത്തുടർന്ന്, കൈവശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയോടൊപ്പം ഭൂമി പട്ടയം ലഭിച്ചതാണോ അല്ലയോ എന്ന് സത്യവാങ്മൂലം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇത് സർക്കാർ നടപ്പാക്കുകയാണെന്നും മാത്യു കുഴൽനാടന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.