വിഴിഞ്ഞം: വിഴിഞ്ഞത്തെ മിടുക്കരായ കുട്ടികൾ വീണ്ടും ഇടിക്കൂട്ടിൽ മെഡൽവാരി. കഴിഞ്ഞ 25 മുതൽ 27 വരെ പശ്ചിമബംഗാളിൽ നടന്ന ദേശീയ ചെസ് ബോക്‌സിംഗിൽ ഇവർ ഒരു സ്വർണവും മൂന്ന് വെങ്കലവും ഉൾപ്പെടെ 4 മെഡലുകളാണ് സ്വന്തമാക്കിയത്. 35 കിലോ വിഭാഗത്തിൽ വിഴിഞ്ഞം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ക്രിസ്റ്റ്യാനോയാണ് സ്വർണം നേടിയത്.
75കിലോ വിഭാഗത്തിൽ വാഴിച്ചൽ ഇമ്മാനുവൽ കോളേജിലെ ഡിഗ്രി വിദ്യാർത്ഥി വിവേക്, സീനിയർ പെൺകുട്ടികളുടെ 54 കിലോ വിഭാഗത്തിൽ ജ്വാഷ്ല, 50 കിലോ വിഭാഗത്തിൽ ജോഷൻ എന്നിവരാണ് വെങ്കലം നേടിയത്. ഇരുവരും സഹോദരങ്ങളാണ്. വിഴിഞ്ഞത്തെ സീ ഫൈറ്റേഴ്സ് ബോക്‌സിംഗ് ക്ലബിലെ പരിശീലകൻ പ്രിയൻ റോമന്റെ നേതൃത്വത്തിലാണ് ഇവർ മത്സരത്തിൽ പങ്കെടുത്തത്.