ബംഗളൂരു: ലഹരി മരുന്ന് കേസിലെ കള്ളപ്പണ-ബിനാമി ഇടപാടിൽ ബിനീഷ് കോടിയേരിക്ക് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്, അറസ്റ്റിലായി ഒരു വർഷം തികയുന്നതിന്റെ തലേന്ന്. കഴിഞ്ഞ ഡിസംബറിലും ഫെബ്രുവരിയിലും വിചാരണക്കോടതി ജാമ്യഹർജി തള്ളിയതിനെത്തുടർന്ന് ഏപ്രിലിൽ ബിനീഷ് കർണാടക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഏഴരമാസത്തിനിടെ മൂന്ന് ബെഞ്ചുകൾ വാദം കേട്ടെങ്കിലും തീരുമാനമായിരുന്നില്ല. കഴിഞ്ഞ ഏഴിന് പൂർത്തിയായ വാദത്തിനൊടുവിലാണ് ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചത്. ലഹരിയിടപാടിൽ ബിനീഷിന്റെ നേരിട്ടുള്ള പങ്ക് തെളിയിക്കാൻ ഇ.ഡിക്ക് കഴിഞ്ഞിട്ടില്ലെന്ന് ബിനീഷിന്റെ അഭിഭാഷകർ വാദിച്ചു. പുറത്തിറങ്ങിയാൽ തെളിവ് നശിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി ഇ.ഡി ജാമ്യാപേക്ഷയെ എതിർത്തു. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) രജിസ്റ്റർ ചെയ്ത കേസിൽ നാലാം പ്രതിയാണ് ബിനീഷ്. ലഹരിക്കടത്ത് കേസ് പ്രതി കൊച്ചി സ്വദേശി മുഹമ്മദ് അനൂപ് ബിനീഷിന്റെ ബിനാമിയാണെന്നാണ് ഇ.ഡിയുടെ കുറ്റപത്രത്തിൽ. ബിനീഷ് അനൂപിനെ മറയാക്കി നടത്തിയ മയക്കുമരുന്ന് ഇടപാടുകളിലൂടെ സമ്പാദിച്ച വൻതുക നിരവധി ബിസിനസുകളിൽ നിക്ഷേപിച്ച് വെളുപ്പിച്ചെടുത്തെന്നാണ് ഇ.ഡിയുടെ കുറ്റപത്രത്തിലുള്ളത്. ലഹരിക്കടത്ത് കേസിലെ പ്രതികളുമായി ബിനീഷ് ബന്ധം സ്ഥാപിച്ചത് കള്ളപ്പണം വെളുപ്പിക്കാനാണെന്നും ഇ.ഡി വാദിച്ചു.
എന്നാൽ, നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി) കുറ്റപത്രത്തിൽ ബിനീഷിനെ പ്രതി ചേർക്കാത്തതുകൊണ്ട് എൻഫോഴ്സ്‌മെന്റിന്റെ കേസ് നിലനിൽക്കില്ലെന്നായിരുന്നു ബിനീഷിന്റെ അഭിഭാഷകരുടെ വാദം. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ഗുരു കൃഷ്ണകുമാർ, രഞ്ജിത്ത് ശങ്കർ എന്നിവരാണ് ബിനീഷിനായി ഹാജരായത്. കോടിയേരി ബാലകൃഷ്ണന്റെ മകനായത് കൊണ്ട് തന്നെ വേട്ടയാടുകയാണെന്നും, ലഹരി ഇടപാട് കെട്ടിച്ചമച്ചതാണെന്നും ബിനീഷ് വാദിച്ചു.
ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും കെട്ടിച്ചമച്ച കഥകൾ അന്വേഷണ ഏജൻസികൾ പ്രചരിപ്പിക്കുകയാണെന്നും ബിനീഷ് കോടതിയിൽ പറഞ്ഞിരുന്നു. അക്കൗണ്ടിലെത്തിയത് നേരായ കച്ചവടത്തിലെ ലാഭം മാത്രമാണ്. ലാഭവിഹിതത്തിലെ ആദായനികുതി കൃത്യമായി അടച്ചതാണ്. ഇഡിക്ക് ഇത് ബോധ്യപ്പെടാത്തത് രാഷ്ട്രീയ സമ്മർദ്ദം കാരണമാണെന്നും ബിനീഷ് പറഞ്ഞിരുന്നു. എന്നാൽ ബിനീഷിന് ലഹരി ഇടപാടിൽ പങ്കുണ്ടെന്നായിരുന്നു ഇഡിയുടെ വാദം. പച്ചക്കറി കച്ചവടം കൊണ്ട് ആറു കോടി അക്കൗണ്ടിലെത്തുമോയെന്നും ഇ.ഡി ചോദിച്ചു.
കടുത്ത ഉപാധികൾ
കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുത്
വിചാരണക്കോടതി എപ്പോൾ വിളിച്ചാലും ഹാജരാകണം
സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്
അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആൾജാമ്യം നൽകണം
"ബിനീഷിന് ജാമ്യം കിട്ടിയതിൽ സന്തോഷം. മാസങ്ങൾ നീണ്ട നിയമപോരാട്ടമാണ് വിജയിച്ചത്. ഇന്ന് വൈകിട്ടോടെ ബിനീഷിന് പുറത്തിറങ്ങാനാകുമെന്നാണ് പ്രതീക്ഷ."
-ബിനോയ് കോടിയേരി