വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമ്മാണത്തിനൊപ്പം പ്രഖ്യാപിച്ച ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ മത്സ്യബന്ധന തുറമുഖം ജലരേഖയായി മാറുന്നു. തുടർനടപടികൾ വൈകുന്നതാണ് പദ്ധതിക്ക് തിരിച്ചടിയാകുന്നത്. വിഴിഞ്ഞം വലിയ കടപ്പുറത്തെ മത്സ്യത്തൊഴിലാളികളുമായി ഉണ്ടായിരുന്ന തർക്കമാണ് തുടക്കത്തിൽ ഹാർബർ നിർമ്മാണത്തിന് തടസമായി നിന്നത്. എന്നാൽ ഇത് പരിഹരിക്കപ്പെട്ടിട്ടും ഹാർബർ നിർമ്മാണത്തിന്റെ പ്രാരംഭജോലികൾ പോലും ആരംഭിക്കാൻ ഇതുവരെയും അധികൃതർ തയ്യാറായിട്ടില്ല.
അന്താരാഷ്ട്ര തുറമുഖ നിർമ്മാണ പദ്ധതിയുടെ ഭാഗമായി അദാനി ഗ്രൂപ്പ് നടപ്പാക്കുന്ന സാമൂഹിക പ്രതിബദ്ധതാ പാക്കേജിന്റെ ഭാഗമായാണ് പുതിയ ഫിഷിംഗ് ഹാർബർ നിർമ്മിക്കാൻ തീരുമാനിച്ചത്. തുറമുഖത്തിലെ ജെട്ടി നിർമ്മാണത്തിന്റെ കരാർ ഏറ്റെടുത്ത അഫ് കോൺ കമ്പനിയെയാണ് ഹാർബർ നിർമ്മാണവും ഏൽപ്പിച്ചിരുന്നത്. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്ന് തുടർനടപടികൾ ഇല്ലാതായതോടെ ഇവർ തങ്ങളുടെ ജീവനക്കാരെ പിൻവലിക്കുകയും ചെയ്തു.
പ്രഖ്യാപിച്ചത് സീ ഫുഡ് പാർക്കും
വലിയ കടപ്പുറത്ത് അന്താരാഷ്ട്ര തുറമുഖത്തിന് സമീപമാണ് ആധുനിക മത്സ്യബന്ധന തുറമുഖവും ഫിഷ് ലാൻഡിംഗ് സെന്ററും നിർമ്മിക്കാൻ അദാനി ഗ്രൂപ്പ് തീരുമാനിച്ചിരുന്നത്. 131.124 കോടി രൂപയായിരുന്നു ഇതിനായി അനുവദിച്ചത്. ഇതിനോടൊപ്പം മത്സ്യ സംസ്കരണവും കയറ്റുമതിയും ലക്ഷ്യമാക്കി സീ ഫുഡ് പാർക്ക് നിർമ്മിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. 30 കോടിയോളം രൂപയാണ് ഇതിനായി അനുവദിച്ചത്. എന്നാൽ ഇതെല്ലാം കടലാസിൽ വിശ്രമിക്കുകയാണ്.
തിരിച്ചടിയായത് പുലിമുട്ട് നിർമ്മാണം വൈകിയത്
140 മീറ്റർ നീളമുള്ള ബ്രേക്ക് വാട്ടറും 500 മീറ്റർ ബർത്ത് സൗകര്യവുമുള്ള മത്സ്യബന്ധന തുറമുഖത്തിന്റെ നിർമ്മാണത്തിന് തടസമായിരുന്നത് അനന്തമായി നീണ്ട പുലിമുട്ട് നിർമ്മാണമായിരുന്നെന്നാണ് അധികൃതർ പറയുന്നത്. രാജ്യാന്തര തുറമുഖത്തിൽ നിന്ന് വലിയ കടപ്പുറം ഭാഗത്തേക്ക് ഒരു പുലിമുട്ട് നിർമ്മിച്ചാലേ ഫിഷിംഗ് ഹാർബറിനെ സംരക്ഷിക്കാൻ കഴിയൂ. എന്നാൽ കരിങ്കൽ ലഭ്യതയില്ലാത്തതിനാൽ രാജ്യാന്തര തുറമുഖത്തിന്റെ പുലിമുട്ട് നിർമ്മാണമുൾപ്പെടെ നീണ്ടുപോയി. ഇത് ഉടൻ പൂർത്തിയാകുമെന്നും അതിന് പിന്നാലെ മത്സ്യബന്ധന തുറമുഖത്തിന്റെ നിർമ്മാണം ആരംഭിക്കുമെന്നുമാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
അനുവദിച്ചിരുന്നത്: 131.124 കോടി
സീ ഫുഡ് പാർക്കിന്: 30കോടി