തിരുവനന്തപുരം: ശത്രുവിനുപോലും വരുത്തരുതേ എന്ന് പ്രാർത്ഥിച്ചുപോകുന്ന അർബുദരോഗം ചികിത്സാ സൗകര്യങ്ങളുടെ കുറവുകളിൽ ഭീതിപടർത്തിയിരുന്ന കാലഘട്ടത്തിലാണ് അതിനെ വരുതിയിലൊതുക്കാൻ ജീവിതം ഉഴിഞ്ഞുവച്ച് ഡോ. എം. കൃഷ്ണൻനായർ ഇറങ്ങിത്തിരിച്ചത്. കാൻസർ ചികിത്സാരംഗത്ത് ലോകം തന്നെ ഉറ്റുനോക്കുന്ന നിലയിലേക്ക് ഇന്ന് സംസ്ഥാനം വളർന്നതിന് പിന്നിൽ ഡോ.കൃഷ്ണൻനായർ തുന്നിച്ചേർത്ത നിരവധി വിജയഗാഥകളുടെ പിൻബലവുമുണ്ട്.
തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂൾ, അടൂർ ഗവ. സ്‌കൂൾ, കൊട്ടാരക്കര ഗവ. ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 1963ലാണ് എം.ബി.ബി.എസ് പാസാകുന്നത്. തുടർന്ന് കാൻസർ ചികിത്സാ രംഗത്തേക്കിറങ്ങുകയായിരുന്നു. ആതുരസേവന രംഗത്തെ സംഭാവനകൾ മുൻനിറുത്തിയുള്ള ഭീഷ്മാചാര്യ പുരസ്‌കാരം, ഇന്ത്യൻ സൊസൈറ്റി ഒഫ് ഓങ്കോളജിയുടെ ഡോറബ് ടാറ്റ ഒറേഷൻ പുരസ്‌കാരം, ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ യൂണിയൻ എഗെൻസ്റ്റ് കാൻസർ എന്ന സംഘടനയുടെ റോൾ ഒഫ് ഓണർ, ഡോ. എൽ.എച്ച് ലോബോ മെമ്മോറിയൽ ഒറേഷൻ എന്നീ ബഹുമതികൾ ഇതിനുപിന്നാലെ അദ്ദേഹത്തെ തേടിയെത്തി. വിമല സാഹ അവാർഡ് (ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി), ടി.എം.എ. ലീഡർഷിപ്പ് അവാർഡ്, ദൊറാബ്ജി റ്റാറ്റാ ഒറേഷൻ അവാർഡ്, യു.ഐ.സി.സിയുടെ റോൾ ഒഫ് ഓണർ, പഴശിരാജ അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.
ഡോ. എം. കൃഷ്ണൻനായരുടെ വിയോഗത്തിലൂടെ സംസ്ഥാനത്തെ അർബുദ ചികിത്സാരംഗത്തെ ഒരു യുഗമാണ് അവസാനിക്കുന്നത്. ശിഷ്യരും സഹപ്രവർത്തകരും സുഹൃത്തുക്കളും രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രമുഖരുമടക്കം ഇലങ്കം ഗാർഡൻസിലെ വസതിയിൽ തലസ്ഥാനത്തിന്റെ പ്രിയ ഡോക്ടറെ കാണാനെത്തി. ഉച്ചയ്‌ക്ക് ഒരുമണിയോടെ പൊതുദർശനം അവസാനിപ്പിച്ച് മൃതദേഹം ശാന്തികവാടത്തിലേക്ക് കൊണ്ടുപോയി. കൊച്ചുമകൾ സുനേത്ര ഗൗരി അന്ത്യകർമ്മങ്ങൾ നിർവഹിച്ചു. ചുരുങ്ങിയ ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങ് പൂർത്തിയായത് ഔദ്യോഗിക ബഹുമതികളോടെയായിരുന്നു.