ആറ്റിങ്ങൽ: സ്‌കൂൾ തുറക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ആലംകോട് ഗവ. വി ആൻഡ് എച്ച്.എസ്.എസിലെ പ്രധാന കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണു. കെട്ടിടത്തിന്റെ പിൻവശത്ത് മേൽക്കൂരയുടെ പകുതിയോളം ഭാഗത്ത് നിർമ്മിച്ചിരുന്ന കൈവരിയാണ് തകർന്നത്.
ഇന്നലെ രാവിലെ സ്‌കൂളിനു സമീപമുള്ളവരാണ് വിവരം അധികൃതരെ അറിയിച്ചത്. കെട്ടിടം ഉപയോഗ യോഗ്യമല്ലെന്നും എല്ലാ മുറികളും എത്രയും വേഗം ഒഴിയണമെന്നും എൻജിനിയറിംഗ് വിഭാഗവും പൊലീസും നിർദ്ദേശിച്ചു. മൂന്ന് നിലകളുള്ള പ്രധാന കെട്ടിടത്തിനാണ് നാശമുണ്ടായത്. 38 വർഷം പഴക്കമുള്ളതാണ് ഈ കെട്ടിടം.
ഹൈസ്‌കൂൾ വിഭാഗം ക്ലാസുകൾക്കു പുറമേ ഓഫീസ്, സ്റ്റാഫ് റൂമുകൾ, സയൻസ്, കമ്പ്യൂട്ടർ ലാബുകൾ എന്നിവയെല്ലാം ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പൊളിഞ്ഞ ഭാഗം പൂർണമായി നിലത്തുവീണിട്ടില്ല. ഈ ഭാഗം അപകടാവസ്ഥയിൽ ഭിത്തിയോടുചേർന്ന് തൂങ്ങി നിൽക്കുകയാണ്. കെട്ടിടത്തിനു സമീപത്തേക്ക് ആരും പോകരുതെന്ന് പൊലീസ് നിർദ്ദേശിച്ചു. സ്‌കൂൾ തുറക്കുന്നതിനു മുന്നോടിയായി ശുചീകരണം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്.
സ്‌കൂളിലെ മറ്റ് കെട്ടിടങ്ങളിലെ ക്ലാസ് മുറികൾ പ്രയോജനപ്പെടുത്തി ക്ലാസുകൾ നടത്താനാണ് തീരുമാനം. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക വേണ്ടെന്ന് അധികൃതർ പറഞ്ഞു. ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികൾ, പി.ടി.എ അംഗങ്ങൾ എന്നിവർ സ്‌കൂളിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.