തിരുവനന്തപുരം: കുട്ടികൾക്കെതിരായ അക്രമം സംബന്ധിച്ച കേസുകളിൽ പരമാവധി ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാനുള്ള സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലൈംഗികാതിക്രമങ്ങൾക്കു വിധേയരാകേണ്ടി വന്ന ഇരകളുടെ നിയമപരിരക്ഷ, സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിചാരണ കൂടുതൽ ശിശു സൗഹൃദമാക്കുന്നതിനു ബന്ധപ്പെട്ടവർക്കു പരിശീലനം നൽകാൻ ഹൈക്കോടതിയുടെ സഹായത്തോടെ തീരുമാനമെടുക്കും. കുട്ടികൾക്കും സ്ത്രീകൾക്കും എതിരെയുള്ള അതിക്രമത്തിനെതിരായി ജാഗ്രതയോടെയുള്ള ഇടപെടൽ അനിവാര്യമാണ്. വനിതാ ശിശുക്ഷേമം, പൊലീസ്, പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസ വകുപ്പുകൾ, കുടുംബശ്രീ, കില, വനിതാ കമ്മിഷൻ, വനിതാ വികസന കോർപ്പറേഷൻ തുടങ്ങിയവയുടെ കീഴിൽ ഏകോപനത്തോടെ പരിപാടികൾ നടപ്പാക്കും. ഈ വകുപ്പുകൾ ചേർന്ന് സമഗ്രമായ ജൻഡർ സെൻസിറ്റൈസേഷൻ ക്യാമ്പയിൻ ആരംഭിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.
മുഴുവൻ പാഠപുസ്തകങ്ങളും ജൻഡർ ഓഡിറ്റിംഗ് നടത്താൻ വിദ്യാകിരണം മിഷനെ ചുമതലപ്പെടുത്തി.
മന്ത്രിമാരായ ആർ. ബിന്ദു, വീണാ ജോർജ്, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ടി. കെ. ജോസ്, ഡി.ജി.പി അനിൽ കാന്ത് തുടങ്ങിയവർ സംസാരിച്ചു.