p

തിരുവനന്തപുരം: സർവകലാശാല നിയമവുമായി ബന്ധപ്പെട്ട രണ്ട് ബില്ലുകളിന്മേൽ നൽകിയ 600ലധികം ഭേദഗതികൾ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് നിയമസഭയിൽ ഇന്നലെ ഇതുമായി ബന്ധപ്പെട്ട ചർച്ച പ്രതിപക്ഷം ബഹിഷ്കരിച്ചു. ഭേദഗതികൾ പരിഗണിക്കാത്ത സാഹചര്യത്തിൽ ബിൽ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാത്തതിനെ തുടർന്നായിരുന്നു ബഹിഷ്കരണം. എന്നാൽ, വൈകി നൽകിയത് കൊണ്ടാണ് പരിഗണിക്കാത്തതെന്ന് സ്പീക്കർ എം.ബി രാജേഷ് പറഞ്ഞു. തന്റെ കൂടി അനുമതിയോടെയാണ് നിയമസഭാ സെക്രട്ടേറിയറ്റ് ഭേദഗതികൾ ഉൾപ്പെടുത്താതിരുന്നത്. പ്രളയംമൂലം മൂന്നുദിവസം സഭാസമ്മേളനം നടന്നില്ല. സമയക്കുറവ് മൂലം കൂടുതൽ ബില്ലുകൾ ഒരുമിച്ച് പരിഗണിക്കേണ്ട സാഹചര്യമുണ്ടായി. ജോലി കൂടുതൽകൂടി പരിഗണിച്ചാണ് പ്രതിപക്ഷത്തിന്റെ ഇത്രയധികം ഭേദഗതികൾ അവഗണിച്ചതെന്നും സ്പീക്കർ പറഞ്ഞു.

പാർലമെന്റിൽ നരേന്ദ്രമോദി മന്ത്രിസഭ ബില്ലുകൾ പാസാക്കുന്ന രീതിയിൽ കേരളത്തിലും ഏകപക്ഷീയമായി ബിൽ പാസാക്കാൻ അനുവദിക്കില്ലെന്ന് വി.ഡി സതീശൻ പറഞ്ഞു. നിയമനിർമ്മാണ പ്രക്രിയയുടെ ഭാഗമായി സാമാജികർ നൽകിയ ഭേദഗതി നോട്ടീസുകൾ നിയമസഭാ സെക്രട്ടേറിയറ്റ് മാറ്റിവയ്ക്കുന്നത് കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമാണ്. 600ലധികം ഭേദഗതികൾ മാറ്റിവച്ച് എന്തു നിയമനിർമ്മാണമാണ് ഇവിടെ നടത്തുന്നത്. വൈകി നൽകിയ ഭേദഗതികൾ സ്വീകരിച്ച ചരിത്രമാണ് നിയമസഭയ്ക്കുള്ളതെന്നും സതീശൻ പറഞ്ഞു.

ഒക്ടോബർ 7നാണ് സർവകലാശാല ബിൽ സംബന്ധിച്ച സബ്ജ്ക്ട് കമ്മിറ്റി യോഗം ചേർന്നത്. എന്നാൽ ബിൽ തയ്യാറാക്കി ഭേദഗതികൾക്കായി സമാജികർക്ക് നൽകിയത് 25നാണ്. 26ന് ഉച്ചയ്ക്ക് 12ന് മുമ്പ് ഭേദഗതികളുണ്ടെങ്കിൽ സമർപ്പിക്കാൻ സ്പീക്കർ നിർദ്ദേശിച്ചു. 25ന് സഭ തീർന്നത് രാത്രിയാണ്. 26ന് രാവിലെ 9ന് സഭ വീണ്ടും ചേർന്നു. ഇൗ സാഹചര്യത്തിൽ ഭേദഗതികൾ സമർപ്പിക്കാൻ കൂടുതൽ സമയം സമാജികർ തേടിയെങ്കിലും രണ്ടുമണിക്കൂർ കൂടിയേ തരാനാവുകയുള്ളുവെന്ന് സ്പീക്കർ അറിയിച്ചു. എന്നാൽ ഇൗ സമയത്തിനുള്ളിൽ നൽകിയ ഭേദഗതികൾ പോലും പരിഗണിക്കപ്പെട്ടില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. സാധാരണ എത്ര തിരക്കുപിടിച്ച് ബിൽ കൊണ്ടുവന്നാലും അംഗങ്ങൾക്ക് ഭേദഗതികൾ സമർപ്പിക്കാൻ ഒരു പൂർണ ദിവസം നൽകാറുള്ളതാണ് കീഴ്‌‌വഴക്കമെന്നും പ്രതിപക്ഷാംഗങ്ങൾ പറഞ്ഞു.