തിരുവനന്തപുരം: ഏഴുവർഷമായി കേരളം കാത്തിരുന്ന എയിംസ് (ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ്) അടുത്ത കേന്ദ്രബഡ്‌ജറ്റിൽ പ്രഖ്യാപിക്കും. കേരളത്തിനൊപ്പം ഹരിയാന, കർണാടക സംസ്ഥാനങ്ങൾക്കും എയിംസ് അനുവദിക്കാനുള്ള ശുപാർശ ധനകാര്യമന്ത്രാലയത്തിന് ആരോഗ്യമന്ത്രാലയം നൽകി. അനുമതിക്കൊപ്പം കേന്ദ്രവിഹിതവും പ്രഖ്യാപിച്ചേക്കും. കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് കുതിപ്പ് പകരുന്നതാവും അത്യാധുനിക ചികിത്സ-ഗവേഷണ സൗകര്യങ്ങളുള്ള എയിംസ്. കേരളത്തിന് എയിംസ് അനുവദിക്കാതിരിക്കുന്നതിലെ വിവേചനം ചൂണ്ടിക്കാണിച്ച് 'കേരളകൗമുദി' നിരവധി റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നു.
കുടിവെള്ളവും റോഡ് സൗകര്യവുമുള്ള ഇരുന്നൂറ് ഏക്കർ നൽകിയാൽ എയിംസ് അനുവദിക്കാമെന്നായിരുന്നു 2014ൽ കേന്ദ്രത്തിന്റെ വാഗ്ദാനം. യു.ഡി.എഫ് സർക്കാർ തിരുവനന്തപുരത്തും കോട്ടയത്തും എറണാകുളത്തും കോഴിക്കോട്ടും സ്ഥലം കണ്ടെത്തി. അതോടെ എയിംസിനായി ജില്ലകളുടെ പിടിവലിയായിരുന്നു. എം.പിമാർ എയിംസ് തങ്ങളുടെ മണ്ഡലത്തിലെത്തിക്കാൻ ചരടുവലിച്ചു. രണ്ടുവർഷം കഴിഞ്ഞപ്പോൾ, കേരളത്തിന് എയിംസ് പരിഗണനയിൽ ഇല്ലെന്ന് കേന്ദ്രം നിലപാടെടുത്തു. ലോക്‌സഭയിൽ 2018ൽ ശശിതരൂർ എയിംസിനെക്കുറിച്ച് ചോദിച്ചപ്പോൾ, അങ്ങനെയൊരു വാഗ്ദാനമില്ലെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരുടെ സംഘം ഡൽഹിയിലെത്തി പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല.
കോഴിക്കോട്ട് കിനാലൂരിൽ കെ.എസ്.ഐ.ഡി.സിയുടെ 200 ഏക്കർ നൽകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പലവട്ടം ഡൽഹിയിലെത്തി അറിയിച്ചതാണ്. ഭൂമിയുടെ രേഖകളും അടിസ്ഥാനസൗകര്യ വികസന പദ്ധതിയുമെല്ലാം കേന്ദ്രത്തിന് കൈമാറി. കേന്ദ്രബഡ്‌ജറ്റിൽ തുക വകയിരുത്തുമെന്ന ഉറപ്പ് പലവട്ടം ലഭിച്ചെങ്കിലും നടന്നില്ല. കേരളത്തെ തഴഞ്ഞ് തെലങ്കാനയിലും ജമ്മുവിലും എയിംസ് അനുവദിക്കുകയും ചെയ്‌തു. കേന്ദ്രബഡ്‌ജറ്രിൽ പ്രഖ്യാപിച്ചാലും തുടർനടപടികൾ വേഗത്തിലാക്കാനും കേന്ദ്രവിഹിതമടക്കം നേടിയെടുക്കാനും സ്പെഷ്യൽഓഫീസറെ സംസ്ഥാനം നിയോഗിക്കേണ്ടതുണ്ട്.
ആരോഗ്യമേഖലയിൽ കുതിപ്പ്
# എല്ലാ വിദഗ്ദ്ധ ചികിത്സയും ലോകോത്തര ഗവേഷണവുമുള്ള കേന്ദ്രസ്ഥാപനമാണ് എയിംസ്. നിലവാരമുള്ള സൗജന്യ ചികിത്സയ്ക്ക് പ്രഗത്ഭരായ ഡോക്ടർമാർ. ഭുവനേശ്വർ എയിംസിൽ ബ്രെയിൻ ബയോ ബാങ്ക് ഉണ്ട്.
#വൈറോളജിയിലടക്കം ഗവേഷണം. 750 കിടക്കകളും 20 സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളുമുള്ള അത്യാധുനിക ആശുപത്രി. പ്രതിദിനം 3000 ഒ.പിയും കിടത്തി ചികിത്സയും. 200 എം.ബി.ബി.എസ് സീറ്റുകൾ വരെ കിട്ടാം.
# കോഴിക്കോട്ട് എയിംസ് വന്നാൽ കാസർകോട്ടെ എൻഡോസൾഫാൻ ഇരകൾക്ക് ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് ഓടേണ്ടിവരില്ല. ന്യൂറോളജി സ്പെഷ്യാലിറ്റി എയിംസിലുണ്ടാവും. 6727 ഇരകളാണുള്ളത്.
തമിഴ്നാട് മോഡൽ
@ കേരളത്തിനൊപ്പം പ്രഖ്യാപിച്ച മധുരയിലെ എയിംസ് 2024ൽ പൂർത്തിയാവും. താത്കാലിക കാമ്പസിൽ 50 എം.ബി.ബി.എസ് സീറ്റുകളിലേക്ക് ഇക്കൊല്ലം പ്രവേശനം. ജപ്പാൻ അന്താരാഷ്ട്ര കോർപ്പറേഷന്റെ (ജൈക്ക) 1,977.8 കോടി രൂപ വായ്‌പ. കോയമ്പത്തൂരിലും എയിംസ് വേണമെന്ന ആവശ്യമുണ്ട്.
2000 കോടി
എയിംസ് നിർമ്മാണച്ചെലവ്