വിഴിഞ്ഞം: ശംഖുംമുഖം തീരക്കടലിൽ ഒഴുകിനടന്ന അജ്ഞാത മൃതദേഹം ഇന്നലെ രാത്രി വിഴിഞ്ഞത്ത് എത്തിച്ചു. ജീൻസും ബനിയനും ധരിച്ച 40 വയസ് തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹമെന്ന് കോസ്റ്റൽ പൊലീസ് പറഞ്ഞു. വിഴിഞ്ഞത്തെ ഫിഷറീസ്, കോസ്റ്റൽ പൊലീസിന്റെ നേതൃത്വത്തിലാണ് മൃതദേഹം കരയ്ക്കെത്തിച്ചത്. ഇതിന് രണ്ട് - മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ വൈകിട്ടോടെ തീരത്തുനിന്ന് രണ്ട് നോട്ടിക്കൽ മൈൽ ഉള്ളിലായി ഒഴുകിനടക്കുന്ന നിലയിൽ മൃതദേഹം കണ്ടതായി മത്സ്യത്തൊഴിലാളികളാണ് അറിയിച്ചത്. കോസ്റ്റൽ പൊലീസ് സി.പി.ഒമാരായ ആനന്ദ്, ബിനീഷ്, ഫിഷറീസ് ലൈഫ് ഗാർഡ് പ്രദീപ്, കോസ്റ്റൽ വാർഡന്മാരായ തദയൂസ്, ഡയോൺ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം കണ്ടെടുത്തത്. മറൈൻ ആംബുലൻസിൽ വിഴിഞ്ഞം വാർഫിൽ രാത്രിയോടെ എത്തിച്ച മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.