d

ആറ്റിങ്ങൽ: തോന്നയ്‌ക്കൽ സായിഗ്രാമത്തിൽ 23 ദിവസം നീണ്ടുനിൽക്കുന്ന സത്യസായിബാബയുടെ ജന്മദിനാഘോഷവും 41 മണിക്കൂർ ദൈർഘ്യമുള്ള സായി സംഗീതോത്സവവും നവംബർ 1ന് നടക്കും. വൈകിട്ട് 4ന് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർപേഴ്സൺ ജസ്റ്റിസ് എ. ലക്ഷ്മിക്കുട്ടി അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്ര പിന്നണി ഗായിക മഞ്ജരിക്ക് ഈ വർഷത്തെ സത്യസായി സംഗീത പുരസ്‌കാരം നൽകും.

കോഴിമല രാജാവ് കെ.ആർ. ജയൻ ( ദി ജാക്ക് ഫ്രൂട്ട് മാൻ), നടനഭൂഷണം ഡോ. ഗായത്രി സുബ്രഹ്മണ്യം എന്നിവരെയും ആദരിക്കും. എം.എൽ.എമാരായ വി. ശശി, ഒ.എസ്. അംബിക, മുൻ മന്ത്രി പന്തളം സുധാകരൻ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.ജെ.ആർ. പദ്മകുമാർ, എന്നിവർ മുഖ്യപ്രഭാഷണം നടത്തും. മനോജ് സ്നേഹകൂട്ടായ്‌മ ആശംസ അർപ്പിക്കും.

ട്രസ്റ്റ് സീനിയർ വൈസ് ചെയർമാൻ കെ. ഗോപകുമാരൻ നായർ നന്ദി പറയും. ജന്മദിനാഘോഷത്തിന്റെ ഭാഗമായി രണ്ട് ഘട്ടങ്ങളിലായി സമൂഹവിവാഹം നടത്തും. നവംബർ 14ന് നടക്കുന്ന സമൂഹ വിവാഹത്തിന്റെ ഉദ്ഘാടനം ജസ്റ്റിസ് സുരേഷ് കുമാർ നിർവഹിക്കും. ജന്മദിനാഘോഷ പരിപാടികളുടെ സമാപന സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. കെ. ജയകുമാർ മുഖ്യപ്രഭാഷകനാകും. സായിസ്‌മരണ, സായിബാബയുടെ ജീവിതത്തോടനുബന്ധിച്ചുള്ള എക്‌സിബിഷൻ, സെമിനാർ എന്നിവ ഉണ്ടായിരിക്കുമെന്ന് ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ ഫൗണ്ടറും എക്‌സിക്യുട്ടീവ് ഡയറക്ടറുമായ കെ.എൻ. ആനന്ദകുമാർ അറിയിച്ചു.